കേരളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല, മിന്നൽ മുരളി സെറ്റ് തകര്‍ത്തതിനെതിരെ സംവിധായകൻ ബേസിൽ ജോസഫ്

ഫിലിം ഡസ്ക്
Monday, May 25, 2020

ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയുടെ സെറ്റ് വിദ്വേഷ പ്രചാരണം മുൻനിർത്തി രാഷ്ട്രീയ ബംജ്റം​ഗ്ദൾ പ്രവർത്തകർ പൊളിച്ചതിനെതിരെ ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ്. കാലടി മണപ്പുറത്ത് സെറ്റ് ഇടാൻ എല്ലാ അനുമതികളും ഉണ്ടായിരുന്നതാണെന്നും ആർട്ട് ഡയറക്ടറും സംഘവും പൊരിവെയിലത്ത് നിന്ന് ദിവസങ്ങളോളം പണിയെടുത്താണ് ഇത് നിർമ്മിച്ചതെന്നും ബേസിൽ ജോസഫ് പറഞ്ഞു.

കൂടാതെ ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്ത് , എല്ലാവരും നിസ്സഹായരായി നിൽക്കുന്ന സമയത്ത്, കേരളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ലെന്നും ബേസിൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ബേസിലിന്റെ പ്രതികരണം.

ബേസിലിന്റെ വാക്കുകൾ ഇങ്ങനെ

എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും, ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്ഡൌൺ സംഭവിച്ചതിനാൽ “ഇനി എന്ന്” എന്നോർത്ത് കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.

ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട്ട് ഡയറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്.

എല്ലാ പെർമിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്ത് , എല്ലാവരും നിസ്സഹായരായി നിൽക്കുന്ന സമയത്ത്, ഒരുമിച്ചു നിൽക്കേണ്ട സമയത്ത് ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല, പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും.

ഞായറാഴ്ചയാണ് കാലടി മണപ്പുറത്ത് നിർമ്മിച്ച മിന്നൽ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് വർ​ഗീയത ഉയർത്തി രാഷ്ട്രീയ ബജ്റം​ഗ്ദൾ പ്രവർകർ തല്ലി തകർത്തത്. ക്ഷേത്രത്തിന് മുന്നിലാണ് ക്രിസ്ത്യന്‍ പളളിയുടെ സെറ്റ് ഇട്ടെന്ന് ആരോപിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം. സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് കേരളം ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് സെറ്റ് തകര്‍ത്ത പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് കാലടി മണപ്പുറത്തെ സെറ്റ് കൂടം ഉപയോഗിച്ചും ഇരുമ്പുവടികളുമായും രാഷ്ട്രീയ ബജ്‌റംഗ്ദള്‍ തകര്‍ത്തത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയില്‍ സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് ടൊവീനോ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

ആലുവ മണപ്പുറത്ത് രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളിയുടെ നിര്‍മ്മാണം. സിനിമയുടെ സെറ്റ് തകര്‍ത്ത് വിദ്വേഷ പ്രചാരണം നടത്തുന്നതിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നും ധാരാളം പേര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

×