ചെന്നൈയില്‍ രണ്ടാമത് ഒരു അധ്യാപകനെതിരെയും ലൈംഗികാതിക്രമ പരാതികള്‍, ലഭിച്ചത് 500 ഓളം പരാതികള്‍ ; ഓണ്‍ലൈന്‍ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കി സ്റ്റാലിന്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Sunday, May 30, 2021

ചെന്നൈ: വിദ്യാര്‍ത്ഥിനിയുടെ ലെെംഗികാതിക്രമ പരാതിയില്‍ ചെന്നെെയിലെ ഒരു പ്രമുഖ സ്കൂളിലെ അധ്യാപകന്‍ അറസ്റ്റിലായതിന് പിന്നാലെ മറ്റൊരു സ്കൂളില്‍ നിന്നും സമാന പരാതിയുമായി വിദ്യാര്‍ത്ഥികള്‍. 500-ഓളം ലെെഗിംകാതിക്രാമ പരാതികളാണ് പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ നിന്ന് അടക്കം ഉയരുന്നത്.

ചെന്നൈയില്‍ തന്നെയുള്ള മറ്റൊരു സ്‌ക്കൂളിലെ കൊമേഴ്സ് അധ്യാപകനെതിരെയാണ് കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി ഇയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രചരിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ കുറ്റാരോപിതനായ അധ്യാപകനെ സസ്‌പെന്‍ഡ്‌ ചെയ്തതായി വ്യക്തമാക്കി. സ്‌കൂള്‍ കമ്മിറ്റി എല്ലാ പരാതികളും പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ മാനേജ്മെന്റ് വിശദീകരിച്ചു.

വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ചെന്നൈയിലെ തന്നെ മറ്റൊരു സ്‌ക്കൂളില്‍ നിന്നും ഇയാളെ മുന്‍പ് പുറത്താക്കിയിരുന്നതായി പൂര്‍വ്വവിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

പെൺകുട്ടികളെ മടിയില്‍ പിടിച്ചിരുത്തുകയും ചുംബിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതടക്കമുള്ള അധ്യാപകന്റെ പെരുമാറ്റ രീതി തികച്ചും അസഹ്യമായിരുന്നുവെന്ന് വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടതായി പൂര്‍വ്വവിദ്യാര്‍ഥി അസോസിയേഷന്‍ വിശദീകരിച്ചു. സ്‌കൂള്‍ ആരംഭിക്കുന്നതിന് മുന്‍പ് അതിരാവിലെ വിദ്യാര്‍ഥിനിയെ ക്ലാസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചതുള്‍പ്പെടെ നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെയുള്ളത്.

ആരോപണവിധേയനായ അധ്യാപകനെതിരെ ബലാത്സംഗത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കും കേസെടുക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് പൂര്‍വ്വവിദ്യാര്‍ഥി അസോസിയേഷന്‍ ആവശ്യപ്പെട്ടു.

നേരത്തെ ചെന്നൈയിലെ തന്നെ പ്രശസ്തമായ സിബിഎസ്എസി സ്‌കൂളിലെ അധ്യാപകന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ടവ്വല്‍ മാത്രം ധരിച്ചെത്തുകയും ഇയാള്‍ക്കെതിരെ നിരവധി ലൈംഗികാതിക്രമണ പരാതികള്‍ ഉയരുകയും ചെയ്തിരുന്നു.

കടുത്ത പ്രതിഷേധത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് പരിശോധിക്കാന്‍ സ്‌ക്കൂള്‍ മാനേജ്മെന്റുകള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

×