ന്യൂഡല്‍ഹി: സ്മാര്‍ട്ട് സിറ്റിപദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നു പറഞ്ഞ പ്രധാനമന്ത്രി, ആശയഗംഭീരനായ കുമാരനാശാന്റെ വരികള്‍ ഉദ്ധരിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി...' എന്നു തുടങ്ങുന്ന ആശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വരികളാണ് അദ്ദേഹം പ്രസംഗത്തിനിടെ പരാമര്‍ശിച്ചത്. 'ജാതി,മത, രാഷ്ട്രീയ, ലിംഗ വ്യത്യാസമില്ല, വികസനമാണ് പ്രധാനം. രാജ്യത്തിന്റെ ആവശ്യവും വികസനമാണ്'-അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ 772 കോടിയുടെ 27 പദ്ധതികളാണ് ഇതുവരെ കേരളത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്. തൃശ്ശൂരില്‍ 2000 മെഗാവാട്ട് പവര്‍ ട്രാന്‍സ്മിഷന്‍ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്‌ട്, അരുവിക്കരയിലെ 75 എം.എല്‍.ഡി. ജലസംസ്‌കരണ പ്ലാന്റ്, തലസ്ഥാനത്ത് 37 കിമീ ലോകോത്തര സ്മാര്‍ട്ട് റോഡ് തുടങ്ങിയ പദ്ധതികളാണ് ഇന്ന് പ്രഝാനമന്ത്രി കേരളത്തിനായി ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം 2,000 കോടിയുടെ 68 പദ്ധതികള്‍ നടപ്പാക്കാന്‍ പോകുന്നുണ്ടെന്നും മോദി വ്യക്തമാക്കി.