മുംബൈ : ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നടന്‍ മിഥുന്‍ ചക്രബര്‍ത്തിയുമായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ മിഥുന്‍ ചക്രബര്‍ത്തിയുടെ മുംബൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
ബംഗാളില്‍ ഏറെ ആരാധകരുളള നടന്‍ മിഥുന്‍ ചക്രബര്‍ത്തിയുടെ പിന്തുണ ലഭിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ നേട്ടമാകും. ചര്‍ച്ചയില്‍ രാഷ്ട്രീയമില്ലെന്നും മോഹന്‍ ഭാഗവതുമായി വളരെ അടുത്തബന്ധമുണ്ടെന്നും മിഥുന്‍ ചക്രബര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം മുംബൈയിലെത്തിയപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ചതാണെന്നും മിഥുന്‍ വ്യക്താക്കി. ബി.ജെ.പി പ്രവേശനമെന്ന വാര്‍ത്തകളും അഭ്യൂഹഹങ്ങളും താരം തളളുകയും ചെയ്തു.
മുമ്പ് ആര്‍.എസ്.എസ് ആസ്ഥാനത്തെത്തി മിഥുന്‍ ചക്രബര്‍ത്തി മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടുത്ത ബന്ധമുളള വ്യക്തിയാണ് മിഥുന്‍ ചക്രബര്‍ത്തി.
തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭാംഗമായിരുന്നു അദ്ദേഹം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് 2016ലാണ് മിഥുന്‍ ചക്രബര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.