പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസമെന്ന് തിരിച്ചറിയണം ; മഴ പെയ്ത് മണ്ണിടിഞ്ഞു കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിന് മുമ്പ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിംഗും ഉപയോഗിച്ച് അപകട സ്ഥലങ്ങളില്‍ നിന്ന് അവരെ മാറ്റാന്‍ സാധിക്കില്ലേ ; ഒറീസയ്ക്ക് സാധിക്കുമെങ്കില്‍ നമുക്കും സാധിക്കുമെന്ന് മോഹന്‍ലാല്‍

ഫിലിം ഡസ്ക്
Thursday, August 22, 2019

തിരുവനന്തപുരം : പ്രളയം തുടര്‍ക്കഥയാവുമ്പോള്‍ മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനങ്ങളാണെന്ന് നടന്‍ മോഹന്‍ലാല്‍. ബ്ലോഗിലൂടെയാണ് പ്രളയാനന്തര കേരളത്തെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം പങ്കു വെച്ചത്.

രണ്ട് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നാം മാറേണ്ടതുണ്ടെന്നും, പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസമെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കുറിച്ചു.

മഴ പെയ്ത് മണ്ണിടിഞ്ഞു കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിന് മുമ്പ് ആധുനിക ശാസ്ത്ര സംവിധാവും കൃത്യമായ പ്ലാനിംഗും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് അവരെ മാറ്റാന്‍ സാധിക്കില്ലേയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഒറീസയ്ക്ക് സാധിക്കുമെങ്കില്‍ നമുക്കും സാധിക്കുമെന്ന് അദ്ദേഹം കുറിച്ചു.

‘ഒരു വര്‍ഷം മുന്‍പ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകള്‍ അപഹരിക്കുകയും ജീവിതം തകര്‍ക്കുകയും ചെയ്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്. കാലാവസ്ഥ അനുഗ്രഹിച്ച കേരളം എന്ന അഭിമാനബോധമുള്ള നമുക്ക് മറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല.

വെയില്‍ വന്ന് പരന്നു കഴിഞ്ഞതോടെ നാം പ്രളയത്തെ മറന്നു. പ്രളയകാലത്തെ മനുഷ്യബന്ധങ്ങള്‍ അഴിഞ്ഞു. വീടു തകര്‍ന്നവരും സ്ഥലം നഷ്ടപ്പെട്ടവരുമായ പലരും അതേ അവസ്ഥയില്‍ തുടര്‍ന്നു. തല്‍ക്കാലം നിര്‍ത്തിവച്ച മലയിടിക്കലും പാറപൊട്ടിക്കലും പൂര്‍വ്വാധികം ഉഷാറായി തുടര്‍ന്നു. ഉയരങ്ങളില്‍ കൂടുതല്‍ കൂടുതല്‍ തണ്ണീര്‍ത്തടങ്ങളുണ്ടായി. രാഷ്ട്രീയക്കാര്‍ പതിവ് പഴിചാരലുകള്‍ പുനരാരംഭിച്ചു.

കേരളം പഴയതുപോലെ ആയി. നാം മറന്നെങ്കിലും പ്രകൃതി ഒന്നും മറന്നിരുന്നില്ല. പ്രകൃതിയുടെ ചുമരിലെ കലണ്ടറും ഓര്‍മ്മയും ഏറെ കൃത്യമായിരുന്നു. കഴിഞ്ഞ പ്രളയം കഴിഞ്ഞ് കൃത്യം ഒരു വര്‍ഷമായപ്പോള്‍ കൊടും മഴപെയ്തു. കേരളം കാലാവസ്ഥ പ്രകാരം അപകടകരമായ ഒരിടമാവുകയാണോ? ആണെങ്കില്‍ അത് നമ്മെ ഭയപ്പെടുത്തേണ്ടതും ചിന്തിപ്പിക്കേണ്ടതുമായ കാര്യമാണ്,” മോഹന്‍ലാല്‍ പറഞ്ഞു.

പ്രകൃതിദുരന്തങ്ങളെ ആര്‍ക്കും പൂര്‍ണ്ണമായി ചെറുക്കാന്‍ സാധിക്കില്ലയെങ്കിലും ആധുനിക ശാസ്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച് നമുക്ക് അവയെ മുന്‍കൂട്ടിയറിയാനും ഒരുക്കങ്ങള്‍ നടത്താനും സാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഒറീസ്സ അതിനൊരു ഉദാഹരണമാണെന്നും ചൂണ്ടികാട്ടി. ”ഒറീസ്സയ്ക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്കും സാധിക്കില്ല? എന്നും അദ്ദേഹം ചോദിക്കുന്നു.

×