തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളക്കടത്ത് അന്വേഷിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ദേശീയ അന്വേഷണ ഏജന്‍സി കേസ് അന്വേഷിക്കുകയാണന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ-മൊബിലിറ്റി പദ്ധതിയില്‍ ഹെസുമായി ധാരണാപത്രം ഒപ്പുവച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ഖുറാന്‍ വിതരണത്തില്‍ മന്ത്രി കെടി ജലീലിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. കോണ്‍സുല്‍ ജനറല്‍ ഹജ്ജ് മന്ത്രിയായതിനാലാണ് കെടി ജലീലിനെ ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന് അമ്പരപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിലെ ബന്ധങ്ങള്‍ ശിഥിലമായി. മുന്നണിയിലെ അസ്വസ്ഥത പരിഹരിക്കാനാണോ അവിശ്വാസമെന്നും അദ്ദേഹം ചോദിച്ചു. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ നേതാക്കള്‍ വിട്ടുനിന്നതും മുഖ്യമന്ത്രി സഭയില്‍ ആയുധമാക്കി
പ്രതിപക്ഷത്തിന് അവരില്‍ തന്നെ അവിശ്വാസം വന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 91 സീറ്റുണ്ടായിരുന്നു. ഇപ്പോള്‍ അത് 93 ആയി ഉയര്‍ന്നു. യുഡിഎഫില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു.
എഐസിസിയിലെ തര്‍ക്കവും മുഖ്യമന്ത്രി ആയുധമാക്കി. കോണ്‍ഗ്രസിന് രാജ്യം നേരിടുന്ന ഏതെങ്കിലും വിഷയത്തില്‍ യോജിച്ച തീരുമാനം എടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകുന്നത് കോണ്‍ഗ്രസ് തിരിച്ചറിയണം.
അവിശ്വാസത്തിലെ അനൗചിത്യം പ്രതിപക്ഷം തിരിച്ചറിയണം. വര്‍ഗ്ഗീയ രാഷ്ട്രീയത്തോട് സന്ധിചെയ്യാനാണ് പഴയ യുഡിഎഫ് ഭരണകാലത്ത് ശ്രമിച്ചത്. കേരളത്തിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞു.
നാട് ഏറെ പ്രതീക്ഷയോടെയാണ് ലൈഫ് അടക്കമുള്ള നാലു മിഷന്‍ മോഡലുകള്‍ ഏറ്റെടുത്തത്. ഒരു നയത്തിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിയ പരിപാടിയായിരുന്നു ഇത്. വിദ്യാഭ്യാസ പദ്ധതി, ആര്‍ദ്രം മിഷന്‍ എന്നിവ ജനശ്രദ്ധ നേടി. ക്ഷേമ പദ്ധതികള്‍ ഭാവനാപൂര്‍ണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷന്റെ നേട്ടങ്ങളും മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞു. ഏതു കുപ്രചരണമുണ്ടായാലും ലൈഫ് പദ്ധതിയുമായി മുമ്പോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ മുഖ്യമന്ത്രിയുടെ മറുപടി മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ കുറച്ചുനേരം സഭ തടസ്സപ്പെട്ടു. പിന്നീട് പ്രതിഷേധം വകവയ്ക്കാതെ മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.