Advertisment

അടയാളങ്ങള്‍ ബാക്കിയാക്കി ഓര്‍മയായത് വീരനാം നായകന്‍ ! അമേരിക്കന്‍ സാധ്യതകളെ പ്രണയിച്ചു, കുത്തക സാമ്രാജ്യത്വ ഭീമനെതിരെ പടവാളോങ്ങി ! കലഹിച്ച ഇസങ്ങളോട് വിടചൊല്ലി വീരനായി ജൈത്രയാത്ര !!

New Update

publive-image

Advertisment

വീരൻ ഒരു നവോത്ഥാന നായകനായിരുന്നു ; എഴുത്തുകാരൻ , പ്രാസംഗികൻ , പത്ര പ്രവർത്തകൻ എന്ന് വേണ്ട ഒരു സകലകലാ വല്ലഭൻ കൂടിയായിരുന്നു . വയനാട്ടിലെ കൽപ്പറ്റയിൽ പത്മപ്രഭ ഗൗഡർക്കും മറുദേവി അവ്വക്കും ജൈനമതത്തിൽ ജനിച്ച വീരേന്ദ്രകുമാർ കേരളം കണ്ട മികച്ച ഒരു പ്രതിഭയായിരുന്നു .

'പ്രതിഭയുടെ വേരുകൾ തേടി', 'തിരിഞ്ഞുനോക്കുമ്പോൾ' സമന്വയത്തിന്റെ വസന്തവും 'ആത്മാവിലേക്കൊരു തീർത്ഥയാത്രയും 'രോഷത്തിന്റെ വിത്തുകളും ' രാമന്റെ ദുഖവും ' എല്ലാം ' ബുദ്ധന്റെ ചിരി 'യായ് മാറുകയായിരുന്നു . വെറും നാൽപത്തിയെട്ട് മണിക്കൂർ മാത്രം മന്ത്രിയായി ഇരുന്നുവെന്ന ഖ്യാതിയും വീരന്റെ സ്വന്തം !

രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ലോകതന്ത്രിക് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ എന്ന പദവിയിൽ ഇരിക്കുമ്പോഴാണ് അദ്ദേഹം മരണപ്പെട്ടതെങ്കിലും ജനത പാർട്ടിയും ലോക്ദളും ജനതാദളും സോഷ്യലിസ്റ്റ് ജനതയും അദ്ദേഹത്തിന്റെ വിഹാര മേഖലകൾ ആയിരുന്നു. കേരള രാഷ്ട്രീയത്തിൽ ചില നീക്കങ്ങൾ നടത്തുവാൻ അദ്ദേഹത്തിനായിട്ടുണ്ട് .

publive-image

1987 ൽ കൽപ്പറ്റയിൽ നിന്നും എംഎൽഎ ആയി വനംവകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും കാട്ടിലെ മരം മുറിക്കുമെന്ന നായനാരുടെ പ്രസ്താവനക്കെതിരെ നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെച്ചിറങ്ങിപ്പോന്നു . കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിൽ 1991 ൽ കെ കരുണാകര പുത്രൻ കെ മുരളീധരനോട് തോൽവി ഏറ്റു വാങ്ങിയെങ്കിലും 1996 ൽ ജയിച്ചുകയറി .

തന്റെ ജീവിതത്തതിൽ തോൽവി എന്താണെന്ന് പഠിപ്പിച്ച മുരളീധരന്റെ രാഷ്ട്രീയം ഇരുളടക്കുന്നതിൽ വീരേന്ദ്രകുമാറിന്‍റെ പങ്ക് ഏവർക്കുമറിയാം . ആന്റണിയെ മുക്കാലിയിൽ കെട്ടിയിട്ട് അടിക്കണമെന്ന പ്രസ്താവനയെ കേരളത്തിൽ ഓരോ തിരഞ്ഞെടുപ്പുകളിലും കുത്തിപ്പൊക്കിയിരുന്ന അദ്ദേഹം 1996 ൽ കേന്ദ്രമന്ത്രി ആയതിനുശേഷമാണ് ലേശം ക്ഷമിച്ചത്.

publive-image

രണ്ടു തവണ കേന്ദ്രമന്ത്രിയായ അദ്ദേഹം മാതൃഭൂമിയെ തന്റെ കാൽക്കീഴിൽ എത്തിക്കുകയായിരുന്നു . ബാലാമണിഅമ്മയുടെ നാലപ്പാട്ട് തറവാട്ടുകാർ നാലുവഴിക്കാവുകയും പത്രത്തിന്റെ മുഖ്യ ഓഹരികൾ വീരേന്ദ്രകുമാറിന്‍റെ കൈകളിൽ എത്തുകയും ചെയ്തപ്പോൾ കച്ചവടവും രാഷ്ട്രീയവും മാധ്യമവും അദ്ദേഹത്തിന്റെ കാൽച്ചുവട്ടിൽ അമരുകയായിരുന്നു .

37.64 ശതമാനം ഓഹരികളുമായി വീരന്റെ കുടുംബം മാതൃഭൂമിയെ കൈക്കലാക്കിയതിന്റെ പിന്നാലെ ഏകദേശം പത്ത് വർഷത്തോളം വീരന്റെ ചിത്രം മുൻ പേജിൽ ഇല്ലാത്ത ദിവസങ്ങള്‍ ആ പത്രത്തില്‍ പരിമിതമായിരുന്നു .

അന്നത്തെ കാലത്ത് അമേരിക്കൻ വിദ്യാഭ്യാസം പൂർത്തിയാക്കിയ വീരേന്ദ്രകുമാറാണ് അമേരിക്കൻ കുത്തക സാമ്രാജ്യത്വ കമ്പനിയായ കൊക്കകോളയെ സമരത്തിലൂടെ നാട് കടത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് . തന്റെ പാർട്ടി ഭരണം കയ്യാളിയിരുന്ന പ്ലാച്ചിമട പഞ്ചായത്തിൽ ആരംഭിച്ച കൊക്കക്കോള ബോട്ടിലിംഗ് പ്ലാന്റിനെ മയിലമ്മ എന്ന ആദിവാസി സ്ത്രീയെ മുന്നില്‍ നിർത്തി സത്യാഗ്രഹം ആരംഭിക്കുകയും ലോക ചരിത്രത്തിൽ ആദ്യമായി കൊക്കകോളയുടെ ഒരു ഫാക്ടറി കോടതിവിധി മൂലം 2004 മാർച്ചിൽ അടച്ചുപൂട്ടുകയുമായിരുന്നു .

കടുത്ത സോഷ്യലിസ്റ്റ് ആയിരുന്ന വീരൻറെ കുത്തക സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള സമരം വിജയം കണ്ടെങ്കിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോളക്സ് വാച്ചുകളുടെ ശേഖരം അദ്ദേഹത്തിനായിരുന്നു എന്നതാണ് കൌതുകകരം .

publive-image

തമിഴ് വംശജയായ ഇന്ദ്ര നൂയി സിഇഒ ആയതിനുശേഷം പെപ്സി കമ്പനി ലെഹറിനെയും രജനികാന്തിനെയും കൂട്ടുപിടിച്ചുകൊണ്ട് ഇന്ത്യൻ മാർക്കറ്റിൽ കുതിച്ചു കൊണ്ടിരിക്കുമ്പോൾ തംസപ്പിനെ വിലക്ക് വാങ്ങിക്കൊണ്ട് അമീർഖാനെ കൂട്ടുപിടിച്ചുകൊണ്ട് കൊക്കക്കോള പെപ്സിയുടെ കുത്തക അവസാനിപ്പിക്കുകയായിരുന്നു . പെപ്സിയാണ് കൊക്കക്കോളയെ കേരളത്തിൽ നിന്നും തുരത്തുവാൻ പണം വാരി എറിഞ്ഞത് എന്നാരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുകയേ നിർവാഹമുള്ളൂ !

2006 ൽ അധികാരത്തിൽ കയറിയ വിഎസ്സിനേയും എൽഡിഎഫിനെയും പാർട്ടി സെക്രട്ടറി പിണറായിയേയും മുൾമുനകളിൽ നിർത്തുവാൻ

വീരൻ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവുകളായിരുന്നു എടോ ഗോപാലകൃഷ്ണയും സാന്റിയാഗോ മാർട്ടിൻ ലോട്ടറി വിവാദങ്ങളും ഒക്കെ .

publive-image

തന്നെ കളിയാക്കി ഇറക്കിയ പത്രം സിനിമയുടെ കഥാകൃത്ത് രഞ്ജിപണിക്കരെ പത്രാധിപരാക്കി ആരംഭിച്ച വാർത്ത എന്ന പത്രത്തിന്റെ മുഖ്യ നിക്ഷേപകൻ ഫാരിസ് അബുബക്കറിനെ പൊതുജന മധ്യത്തിൽ കൊണ്ടുവരുവാൻ വീരൻ ശ്രമിച്ചതൊക്കെ അദ്ദേഹത്തിന്റെ സ്വാധീനത്തെയാണ് തുറന്നു കാട്ടുന്നത് .

വയനാട്ടിലെ കയ്യേറ്റഭൂമി സമരങ്ങളും എല്ലാം ഒതുക്കിത്തീർത്തതിലും അദ്ദേഹം തന്റെ ബന്ധങ്ങളെയും സ്വാധീനങ്ങളെയും നല്ല രീതിയിൽ പ്രയോഗിച്ചിട്ടുണ്ട് . ഏറെ സമയം എൽഡിഎഫ്  ചേരിയിലും പിന്നീട് യുഡിഎഫ്  ചേരിയിലും കയറി നിരങ്ങി കളിച്ചപ്പോൾ പാലക്കാട്ടുകാരാണ് തക്കതായ മറുപടി കൊടുത്തുകൊണ്ട് ഇത് കേരളമാണെന്ന് അദ്ദേഹത്തെ ഓർമ്മപ്പെടുത്തിയത് .

എന്നിട്ടും അദ്ദേഹത്തിന്റെ വാശി അവസാനിച്ചില്ല . എൽഡിഎഫിൽ കയറിക്കൂടി രാജ്യസഭാ എംപി ആയിക്കൊണ്ട് കേരളത്തിലും ഇതൊക്കെ നടക്കും എന്നുള്ളത് അസന്നിഗ്ധമായി പറഞ്ഞുകൊണ്ട് പാലക്കാട്ടുകാർക്കുള്ള മറുപടിയും കൊടുത്തു .

publive-image

അദ്ദേഹത്തിന്റെ കൂലിയെഴുത്തുകാരനാണ് പുത്തൂരുള്ള ഒരു സാഹിത്യകാരൻ എന്നൊക്കെ സുകുമാർ അഴിക്കോട് മാഷ് പോലുള്ള പല അസൂയക്കാരായ സാഹിത്യകാരന്മാർ കേരളമാകെ പ്രസംഗിച്ചു നടന്നുവെങ്കിലും രാമന്റെ ദുഃഖം എഴുതുവാനുള്ള പാടവമൊക്കെ അദ്ദേഹത്തിനുണ്ടായിരുന്നു .

ഒരു കച്ചവടക്കാരന് എഴുതുവാനറിയില്ല, ഒരു രാഷ്ട്രീയക്കാരന് എഴുതുവാനറിയില്ല , ഒരു പത്രക്കാരന് എഴുതുവാനറിയില്ല എന്നൊക്കെ പറയുന്നത് അസൂയക്കാർ മാത്രമായിരിക്കും . വാശിയും ഈഗോയും അത്യാവശ്യം ഉണ്ടായിരുന്നുവെങ്കിലും നല്ലതുപോലെ ധർമ്മിഷ്ഠനായിരുന്നു വീരൻ .

പല ആദിവാസി മേഖകളിലും അദ്ദേഹത്തിന്റേതായ ഗ്രാമങ്ങൾ ഉണ്ടായിരുന്നു . ആയിരക്കണക്കിന് പാവങ്ങളെ തീറ്റിപ്പോറ്റിയിരുന്നു . തികഞ്ഞ സോഷ്യലിസ്റ്റ് ആയ അദ്ദേഹം കല്‍പ്പറ്റയിലെ സഹോദരന്മാരുമായി ഏറെനാള്‍ നല്ല അടുപ്പത്തിൽ ആയിരുന്നില്ല . അവരുമായുള്ള സ്വത്ത് തര്‍ക്കമൊക്കെ ശത്രുക്കൾ പറഞ്ഞു പരത്തിയെങ്കിലും കല്പറ്റക്കാർക്ക് വീരൻ ഒരു വീര പുരുഷൻ ആയിരുന്നു !

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് ,

ഒഴിവുവന്ന രാജ്യസഭാ സീറ്റിനെ നോട്ടമിട്ടുകൊണ്ട് സോഷ്യലിസ്റ്റ് ദാസനും

അദ്ദേഹത്തിനായി പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സഹായത്താൽ ജീവിതം തള്ളിനീക്കിയിരുന്ന വിജയനും

dasanvijayanblog@gmail.com

dasanum vijayanum mp veerendra kumar
Advertisment