‘ഇതൊരു ട്രെയ്‌ലര്‍ മാത്രം,’ അടുത്ത തവണ ഈ സ്‌ഫോടക വസ്തുക്കള്‍ പൂര്‍ണരൂപത്തില്‍ നിങ്ങളെ തേടിയെത്തും; മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ ഭീഷണിക്കത്തും

ന്യൂസ് ബ്യൂറോ, മുംബൈ
Friday, February 26, 2021

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്കു സമീപം നിര്‍ത്തിയിട്ട സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തില്‍ ഭീഷണിക്കത്തും. ഇതൊരു ട്രെയ്‌ലര്‍ മാത്രമാണെന്നും അടുത്ത തവണ ഈ സ്‌ഫോടക വസ്തുക്കള്‍ പൂര്‍ണരൂപത്തില്‍ നിങ്ങളെ തേടിയെത്തുമെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്.

20 ജറ്റാലിന്‍ സ്റ്റിക്കുകളാണ് കത്തിനൊപ്പം കാറില്‍ നിന്നും കിട്ടിയിരിക്കുന്നത്. കത്തില്‍ നിത ഭാഭി, മുകേഷ് ഭയ്യാ എന്നിങ്ങനെ മുകേഷ് അംബാനിയെയും നിത അംബാനിയെയും അഭിസംബോധന ചെയ്യുന്നുണ്ട്.

ഇന്നലെ രാത്രിയാണ് മുകേഷ് അംബാനിയുടെ വസതിക്ക് സമീപത്ത് സ്‌ഫോടക വസ്തു നിറച്ച എസ്യുവി വാഹനം കണ്ടെത്തിയത്. ഈ വാഹനം ഇവിടെ നിര്‍ത്തിയിട്ടവര്‍ തന്നെയാണ് പൊലീസില്‍ വിളിച്ച് വിവരം പറഞ്ഞതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ തുടരന്വേഷണം നടന്നു വരികയാണ്. മുംബൈ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്. കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ മാധ്യമങ്ങളോട് പറഞ്ഞു.

വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊലീസും ബോംബ് സ്‌ക്വഡും സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് സംശയാസ്പദമായ രീതിയില്‍ വാഹനം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.

×