ഒരിക്കല്‍ മമതയുടെ വലംകൈ ! വീണ്ടും തൃണമൂലിലേക്ക് മടങ്ങുമോ മുകുല്‍ റോയ്? അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് സുവേന്ദു അധികാരിയും മുകുള്‍ റോയിയും തമ്മില്‍ അഭിപ്രായഭിന്നതയിലാണെന്ന വാര്‍ത്തകളും; തീരുമാനമെടുക്കേണ്ടത് മമത ബാനര്‍ജിയെന്ന് തൃണമൂല്‍ എംപി സൗഗത റോയ്‌; പാര്‍ട്ടി വിട്ടെങ്കിലും മുകുല്‍ മമതയെ അധിക്ഷേപിച്ചിട്ടില്ലെന്നും സൗഗത

നാഷണല്‍ ഡസ്ക്
Thursday, June 10, 2021

കൊല്‍ക്കത്ത: ഒരിക്കല്‍ മമത ബാനര്‍ജിയുടെ വലംകൈ ആയിരുന്ന മുകുല്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നുവെന്നാണ് അഭ്യൂഹം. കൊല്‍ക്കത്തയില്‍ നടന്ന ബിജെപി യോഗം മുകുള്‍ ബഹിഷ്‌കരിച്ചതോടെ അഭ്യൂഹങ്ങള്‍ ഏറിയിരിക്കുകയാണ്.

എന്നാല്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. മടങ്ങിവരുന്നവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മമത ബാനര്‍ജിയാണെന്ന് തൃണമൂല്‍ എംപി സൗഗത റോയ് പ്രതികരിച്ചു. നിരവധി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരാന്‍ ആഗ്രിച്ച് അഭിഷേക് ബാനര്‍ജിയുമായി ബന്ധപ്പെടുന്നുണ്ട്. ആവശ്യമുണ്ടായിരുന്ന സമയത്ത് പാര്‍ട്ടിയെ വഞ്ചിച്ചവരാണ് അവര്‍. അവരുടെ മടങ്ങിവരവ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് മമത ബാനര്‍ജിയാണ്, അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വിട്ടവരെ രണ്ടായി തിരിക്കേണ്ടിവരും. പാര്‍ട്ടി വിട്ടെങ്കിലും മമതാ ബാനര്‍ജിയെ അപമാനിക്കാതെ മൃദുസമീപനം സ്വീകരിച്ചവരെ ഒരു വിഭാഗമായും മമതയെ പൊതുസമൂഹത്തില്‍ അപമാനിച്ചവരെ മറ്റൊരു വിഭാഗമായും. സുവേന്ദു അധികാര പാര്‍ട്ടി വിട്ട ശേഷം മമതയെ കടന്നാക്രമിച്ചിരുന്നു. എന്നാല്‍ മുകുള്‍ റോയി ഒരിക്കലും പരസ്യമായി മമതയെ അധിക്ഷേപിച്ചിട്ടില്ല. – സൗഗത റോയി പറഞ്ഞു.

മുകുള്‍ റോയിയെ തള്ളിപ്പറയാതെ പാര്‍ട്ടി എംപി നടത്തിയ പരാമര്‍ശം ഏറെ ഗൗരവത്തോടെയാണ് ബിജെപി വൃത്തങ്ങള്‍ കാണുന്നത്. മമതയുടെ അടുത്ത അനുയായി ആയിരുന്ന മുകുള്‍ റോയ് 2017ല്‍ ആണ് തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് പോകുന്നത്. പിന്നീട് നിരവധി തൃണമൂല്‍ നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതില്‍ മുകുള്‍ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍ ബിജെപിയിലെത്തിയ വേന്ദു അധികാരിയും മുകുള്‍ റോയിയും തമ്മില്‍ അഭിപ്രായഭിന്നതയിലാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

മമതാ ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജി പാര്‍ട്ടിയുടെ നിര്‍ണായക ചുമതലയിലേക്കു വന്നതിനു പിന്നാലെ മുകുള്‍ റോയിയെ അദ്ദേഹത്തിന്റെ ഭാര്യ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി കണ്ടിരുന്നു. ഇതിനു പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദി മുകുള്‍ റോയിയെ നേരിട്ട് ഫോണ്‍വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

×