വിമാനത്തില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ച അമ്മയുടെ മൃതദേഹം ചൈനയിലെ മോര്‍ച്ചറിയില്‍ ; കൊറോണ മൂലം മൃതദേഹം വിട്ടു നല്‍കാതെ ചൈനീസ് അധികൃതര്‍ ; അമ്മയുടെ മൃതശരീരം തിരികെ ലഭിക്കാനുള്ള പോരാട്ടവുമായി ഒരു ഡോക്ടർ ; സംഭവം ഇങ്ങനെ

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, February 18, 2020

മുംബൈ: ഇന്ത്യൻ അധികാരികളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് മുംബയിലെ ഒരു ദന്തഡോക്ടർ. അധകാരികൾക്ക് പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയുമെങ്കിൽ അമ്മയുടെ അന്ത്യകർമങ്ങൾ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർ.

മുംബൈ സ്വദേശിയായ 35 കാരനായ ദന്തരോഗവിദഗ്ദ്ധനായ പുനീത് മെഹ്‌റയാണ് 25 ദിവസമായി അമ്മയുടെ മൃതദേഹത്തിന് കാനൽ നിൽക്കുന്നത്. മൂന്ന് ആഴ്ച മുമ്പ് ഓസ്‌ട്രേലിയയിൽ നിന്ന് 63 കാരിയായ അമ്മ റിത മെഹ്‌റയ്‌ക്കൊപ്പം മുംബൈയിലേക്ക് മടങ്ങുമ്പോൾ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അമ്മയുടെ മരണം.

വിമാനത്തിൽ മരിച്ചതുകൊണ്ട് എയർ ചൈന വിമാനം ഷെങ്‌ഷൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. മൃതദേഹം അവിടത്തെ ആശുപത്രിയുടെ മോർച്ചറിയിലേക്ക് കൊണ്ടുപോയി. എന്നാൽ 24 ദിവസത്തിനുശേഷവും അമ്മയുടെ മൃതശരീരം വീട്ടിലേക്ക് എത്തിയിട്ടില്ല. കൊറോണ വൈറസ് ബാധ പടരുന്നത് കാരണമാണ് മൃതദേഹം എത്താൻ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം

പ്രശ്നം എവിടെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും എംഇഎയ്ക്കും കത്തെഴുതിയിട്ടുണ്ട്, പക്ഷേ ഇപ്പോഴും എന്റെ അമ്മയുടെ മൃതശരീരം എത്തുന്നതിന്റെ സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല, എപ്പോൾ തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല,” ഡോ. പുനീത് മെഹ്‌റ പറഞ്ഞു.

മൃതദേഹം നിലവിൽ ഹെനാൻ പ്രൊവിൻഷ്യൽ ഹോസ്പിറ്റലിലാണ്. ഈ ആഴ്ച അവസാനം ചൈനയിലേക്ക് മെഡിക്കൽ റിലീഫ് പ്രവർത്തനങ്ങൾക്കായി ഇന്ത്യ പ്രത്യേക വിമാനം സർവീസ് നടത്തുന്നുണ്ട്. അതിനാൽ അമ്മയുടെ മൃതശരീരം വീട്ടിലേക്ക് കൊണ്ടുവരാൻ ഈ ഫ്ലൈറ്റ് ഉപയോഗിക്കണമെന്ന് അധികാരികളോട് അഭ്യർത്ഥിക്കുകയാണ് ഡോക്ടർ.

×