ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ട്രെയിനിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന യുവതി തെറിച്ചുവീണു മരിച്ചു; കൊലപാതകമെന്ന് സംശയം, ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, January 14, 2021

മുംബൈ: ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ട്രെയിനിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന യുവതി, ഭര്‍ത്താവ് കൈ മാറ്റിയതിനെത്തുടര്‍ന്ന് തെറിച്ചുവീണു മരിച്ചു. ബോധപൂര്‍വമായ കൊലപാതകമാണെന്ന സംശയത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈയില്‍ ചെമ്പൂരിനും ഗോവണ്ടിക്കും ഇടയിലാണ് സംഭവം. മന്‍ഖുര്‍ദില്‍ താമസിക്കുന്ന ദമ്പതികളാണ് ലോക്കല്‍ ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നു യാത്ര ചെയ്തിരുന്നത്. രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് ഒപ്പമുണ്ടായിരുന്നത്.

വാതില്‍ക്കല്‍ പുറത്തേക്കു തിരിഞ്ഞാണ് ഇരുപത്തിയാറുകാരിയായ യുവതി നിന്നിരുന്നത്. 31 വയസ്സുള്ള ഭര്‍ത്താവ് ഇവര്‍ക്കു മുന്നിലായി കൈ കുറുകെ വച്ചിരുന്നു. ഇയാള്‍ കൈ മാറ്റിയപ്പോഴാണ് യുവതി താഴെ വീണത്.

ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍, ഇവരുടെ പെരുമാറ്റം കണ്ടുകൊണ്ടിരുന്ന സ്ത്രീയാണ് പൊലീസിനെ വിവരം അറിയിച്ചത്.  തുടര്‍ന്നു പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബോധപൂര്‍വമായ കൊലപാതകമാണോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. മയക്കു മരുന്നു ലഹരിയില്‍ ആയിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. ദമ്പതികള്‍ കൂലിപ്പണിക്കാരാണ്.

×