വീട്ടുടമയായ യുവതിയെ കുത്തിക്കൊന്നശേഷം വാടകക്കാരന്‍ ജീവനൊടുക്കി

നാഷണല്‍ ഡസ്ക്
Thursday, February 13, 2020

ബെംഗളൂരു: ബെംഗളൂരു മഗഡി റോഡിന് സമീപം ഹെഗനഹള്ളിയില്‍ വീട്ടുടമയായ യുവതിയെയും കുടുംബാംഗങ്ങളെയും കുത്തിപരിക്കേല്‍പ്പിച്ച ശേഷം വാടകക്കാരനായ യുവാവ് ജീവനൊടുക്കി. ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു.

ലക്ഷ്മി ശിവരാജ്(36) എന്ന യുവതിയാണ് കൊല്ലപ്പെട്ടത് . ഇവരുടെ വീടിന്‍റെ മുകള്‍നിലയില്‍ താമസിച്ചിരുന്ന രംഗധാമയ്യ(35)യാണ് യുവതിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇയാളുടെ ആക്രമണത്തില്‍ ലക്ഷ്മിയുടെ തളര്‍ന്നുകിടക്കുന്ന ഭര്‍ത്താവ് ശിവരാജി(38)നും മകള്‍ ചൈത്ര(16)യ്ക്കും ഗുരുതരമായി പരിക്കേറ്റു.

കഴിഞ്ഞ ആറുവര്‍ഷമായി തുംകുരു സ്വദേശിയായ രംഗധാമയ്യയും കുടുംബവും ലക്ഷ്മിയുടെ വീടിന്റെ മുകള്‍നിലയിലായിരുന്നു താമസം. കഴിഞ്ഞവര്‍ഷം ഇയാളുടെ ഭാര്യ മരിച്ചതോടെ മക്കളെ നാട്ടിലേക്ക് അയച്ചു. തുടര്‍ന്ന് രംഗധാമയ്യ ഒറ്റയ്ക്കായിരുന്നു മുകള്‍നിലയില്‍ താമസിച്ചുവന്നത്. ഇതിനിടെ വീട്ടുടമയായ ലക്ഷ്മിയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യം ഭര്‍ത്താവും മകളും അറിഞ്ഞതോടെ ഇരുവരും ലക്ഷ്മിയോട് ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ലക്ഷ്മി രംഗധാമയ്യയില്‍നിന്ന് അകലംപാലിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

×