Advertisment

മാനഭംഗപ്പെടുത്തിയത് ജനാധിപത്യ ഇന്ത്യയെ - പിഎം സാദിഖലി

New Update

publive-image

Advertisment

തൃശൂര്‍: പീഢിപ്പിച്ചു കൊന്ന പെൺകുട്ടിയെ മാത്രമല്ല, ജനാധിപത്യ ഇന്ത്യയെ തന്നെയാണ് ബിജെപി ഭരണം മാനഭംഗപ്പെടുത്തി കൊല്ലുന്നതെന്ന് ഹത്രാസിലെ സംഭവം തെളിയിക്കുന്നുതായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖലി.

ജനങ്ങളുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും മോദിക്കു കീഴിൽ ചവിട്ടിമെതിക്കുകയാണ്. ദലിത് പെൺകുട്ടിയുടെ പീഡനത്തെ തുടർന്നുണ്ടായ സംഭവങ്ങളോടെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകത്തിനു മുമ്പിൽ നാണം കെട്ടു.

ഒരു രാഷ്ട്രീയവുമില്ലാതിരുന്ന നിർഭയ കേസിനെ പ്രചാരണായുധമാക്കിയവർ ഹാഥ്റസ് സംഭവത്തിൽ നേരിട്ടു പങ്കാളികളായി. പെൺകുട്ടിക്കും കുടുംബത്തിനും നീതി നിഷേധിച്ചു.

ഒരു നോക്കു കാണാനോ കർമ്മങ്ങൾ ചെയ്യാനോ അനുവദിക്കാതെ കുടുംബത്തെ ബന്ധനസ്ഥരാക്കി യോഗി പോലീസ് പെൺകുട്ടിയുടെ മൃതദേഹം പാതിരാത്രിയിൽ പെട്രോളൊഴിച്ച് കത്തിച്ചു.

പ്രതികൾക്കു വേണ്ടി ബിജെപി മുൻ എം.എൽ.എ സവർണ്ണ സമുദായ യോഗം വിളിച്ചു. ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ മത ധ്രുവീകരണവും ദലിതരാണെങ്കിൽ ജാതി ചേരിവും സ്ഷ്ടിക്കുന്നത് ഒരു പതിവായി. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കുന്നു.

കോൺഗ്രസ് നേതാക്കളെ തെരുവിൽ തടഞ്ഞു. രാഹുലിനെ തള്ളിയിട്ടു. പ്രിയങ്കയുടെ വസ്ത്രത്തിൽ പുരുഷ പോലീസ് കയറി പിടിച്ചു.

രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥക്ക് തുല്യമായി.

എല്ലാവർക്കും സ്വാതന്ത്ര്യമുള്ള ജനാധിപത്യ ഇന്ത്യ മോദിക്കു കീഴിൽ അസ്തമിച്ചു കഴിഞ്ഞു. പ്രതിബന്ധങ്ങളെ മറികടക്കുന്നതിനുള്ള രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയും സത്യസന്ധതയും പോരാട്ടവീര്യവുമാണ് രാജ്യത്തെ തിരിച്ചു പിടിക്കാൻ വേണ്ടെതെന്ന് സാദിഖലി കൂട്ടി ചേർത്തു.

ഹത്രാസിലെ പെൺകുട്ടിയുടെ പീഡനത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി നാട്ടികയിൽ നടന്ന സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെഎ ഷൗക്കത്തലി

അധ്യക്ഷത വഹിച്ചു. പിഎം ഹംസ, പിഎ നജീബ്, പികെ ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.

തൃപ്രയാർ നടന്ന പ്രതിഷേധം മുസ്‌ലിം യൂത്ത് ലീഗ് തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി എഎം സനൗഫൽ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി പിഎ ഫഹദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കെകെ സിദ്ദിഖ്, പിഎച്ച് മുഹമ്മദ്, പിയു അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു.

muslim league
Advertisment