ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങൾ ഇന്ത്യയിലാണുള്ളത് ; ഇതിന് കടപ്പെടേണ്ടത് ഹൈന്ദവ സംസ്കാരത്തിനോടാണെന്ന് മോഹൻ ഭാഗവത്

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, October 13, 2019

മുംബൈ : ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങൾ ഇന്ത്യയിലാണുള്ളതെന്നും ഇതിന് കടപ്പെടേണ്ടത് നമ്മുടെ ഹൈന്ദവ സംസ്കാരത്തിനോടാണെന്നും ആർഎസ്എസ് ചീഫ് മോഹൻ ഭാഗവത്. ഒരു പൊതുസമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ആർഎസ്എസ് തലവന്റെ പരാമർശം.

ഹിന്ദു എന്നത് ഒരു മതമോ ഭാഷയോ രാജ്യത്തിന്റെ പേരോ അല്ല.. അത് ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരുടെയും സംസ്കാരമാണ്.. ഏതെങ്കിലും ജനത അവരുടെ നേരായ മാർഗത്തിൽ നിന്ന് വ്യതിചലിക്കുമ്പോൾ സത്യം തേടി നമ്മളിലേക്കാണെത്തുന്നതെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ജൂതന്മാരെയാണ് ഇതിനുദാഹരണമായി ഭാഗവത് ചൂണ്ടിക്കാട്ടിയത്. അലഞ്ഞു നടന്ന ജൂതർക്ക് ആശ്രയം നൽകിയത് നമ്മുടെ രാജ്യമാണ്. പാർ‌സികൾക്ക് സ്വതന്ത്രമായി അവരുടെ വിശ്വാസം പിന്തുടരാൻ സാധിക്കുന്നു. ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങളും ഇന്ത്യയിലാണുള്ളത്.. നമ്മൾ ഹിന്ദുക്കളായതാണ് ഇതിന് കാരണം..’ മോഹൻ ഭാഗവത് പറയുന്നു.

‘തങ്ങളുടെ ഹൈന്ദവ സ്വത്വം പ്രഖ്യാപിക്കാൻ ഇന്ത്യയിൽ പലരും ലജ്ജിക്കുകയാണ്.. എന്നാൽ ഹൈന്ദവരായതിൽ അഭിമാനിക്കുന്നുവെന്ന പറയുന്ന ചിലരുമുണ്ട്. മറ്റു ചിലരാകട്ടെ തങ്ങൾ ഹിന്ദുക്കളാണെന്ന് പറയുമെങ്കിലും ആ വാക്ക് ആവർത്തിക്കുന്നതിൽ ബുദ്ധിമുട്ട് കാട്ടുന്നവരാണ്. തങ്ങളുടെ താത്പ്പര്യങ്ങളെ ബാധിക്കുമെന്നതിനാൽ ഹൈന്ദവ സ്വത്വത്തിൽ ജാഗ്രത പാലിക്കുന്ന മറ്റു ചിലരുമുണ്ട്…’ എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

×