നാഗാലാന്‍ഡുകാരുടെ ‘പ്രിയപ്പെട്ട’ ഭക്ഷ്യവിഭവം അപ്രത്യക്ഷമാകുന്നു; പട്ടിയിറച്ചി വില്‍പനയ്ക്ക് നിരോധനം

നാഷണല്‍ ഡസ്ക്
Saturday, July 4, 2020

കൊഹിമ: നായമാംസത്തിന്റെ വില്‍പന നിരോധിച്ച് നാഗാലാന്‍ഡ്. നായമാംസം വില്‍ക്കുന്നതോ മാംസ വില്‍പനയ്ക്കായി നായകളെ വില്‍ക്കുന്നതോ ഇത്തരം ആവശ്യങ്ങള്‍ക്കായി നായകളെ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ പ്രവര്‍ത്തികളും നിരോധിച്ചു.

നായ്ക്കളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന്, മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിന് പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്‌ഷൻ ഓർഗനൈസേഷൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ദിമാപുരിലെ ചന്തയിൽ നായ്ക്കളെ വിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് വ്യാപാരികൾക്കെതിരെയും സർക്കാരിനെതിരെയും പ്രതിഷേധം ശക്തമായി.

നാഗാലാൻഡിലെ ദിമാപൂരിലും അടുത്തുള്ള പട്ടണങ്ങളിലുമാണ് ഏറ്റവും കൂടുതൽ നായമാംസം വിറ്റഴിക്കപ്പെടുന്നത്. വർഷാവർഷം ഏകദേശം മുപ്പതിനായിരത്തോളം നായകളെയാണ് മാംസത്തിനായി നാഗലാൻഡിലേക്ക് കടത്തുന്നത്. മിസോറാമിലേയും നാഗലാൻഡിലേയും ചില ഗോത്രവർഗ്ഗങ്ങളിലുള്ളവർ മാത്രമാണ് നായമാംസം ഭക്ഷിക്കുന്നത്. നേരത്തേ മിസോറാം ഗവണ്മെന്റും സമാനമായ നിയമം പാസ്സാക്കിയിരുന്നു.

മുൻപ് 2016ലും നായ്ക്കളെ കൊന്നുതിന്നുന്നത് നാഗാലാൻഡ് സർക്കാർ നിരോധിച്ചിരുന്നു. നാഗാലാൻഡിൽ ഒരു വർഷം ഏകദേശം 30,000 നായ്ക്കളെ ഭക്ഷണത്തിന് ഇരയാക്കുന്നതായി ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷനൽ (എച്ച്എസ്ഐ) കണക്കുകൾ പറയുന്നു.

×