ചെന്നൈയിലെ 39 മെട്രോ സ്റ്റേഷനുകളില്‍ വനിത യാത്രക്കാര്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യം; ഓരോ മെഷീനിലും 20 നാപ്കിനുകള്‍ ഉള്‍ക്കൊള്ളും

നാഷണല്‍ ഡസ്ക്
Thursday, February 25, 2021

ചെന്നൈ: മെട്രോ ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന വനിതാ യാത്രക്കാര്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യം. സി‌ എം‌ ആര്‍‌ എല്ലും റോട്ടറി ക്ലബ്ബും ജിയോ ഇന്ത്യ ഫൗണ്ടേഷനും ചേര്‍ന്ന് ചെന്നൈയിലെ 39 മെട്രോ സ്റ്റേഷനുകളിലാണ് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി ലഭ്യമാക്കുന്നത്. വെന്‍ഡിംഗ് മെഷീനുകള്‍ വഴിയാണ് സാനിറ്ററി നാപ്കിനുകള്‍ ലഭിക്കുക.

മെട്രോ സര്‍വീസ് ഉപയോഗിച്ച്‌ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ആഗ്രഹിക്കുന്ന നിരവധി വനിതാ യാത്രക്കാര്‍ക്ക് ഇത് സഹായകമാകുമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച തമിഴ്‌നാട് വ്യവസായ മന്ത്രി എം സി സമ്ബത്ത് പറഞ്ഞു.

ഓരോ മെഷീനിലും 20 നാപ്കിനുകള്‍ ഉള്‍ക്കൊള്ളുമെന്ന് ജിയോ ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപക പ്രിയ ജെമിമ പറഞ്ഞു. ഓരോ സ്റ്റേഷനിലും സ്ത്രീകളുടെ ടോയ്‌ലറ്റിന് മുന്നിലായിരിക്കും മെഷീന്‍ സ്ഥാപിക്കുക. ഓരോ സ്റ്റേഷനും റീഫില്ലിനായി 1000 സാനിറ്ററി പാഡുകളുടെ സ്റ്റോക്ക് നല്‍കും.

സൗജന്യ സാനിറ്ററി പാഡ് ലഭിക്കുന്നതിന് യാത്രക്കാര്‍ക്ക് സ്റ്റേഷന്‍ ജീവനക്കാരോട് നാണയം ആവശ്യപ്പെടാം. ഇത് മെഷീനിലിട്ടാല്‍ പാഡ് ലഭിക്കും. ഒരു സ്റ്റേഷനിലെ സ്റ്റോക്ക് 100 ആയി കുറഞ്ഞു കഴിഞ്ഞാല്‍ റീഫില്ലിനായി കമ്ബനിയെ അറിയിക്കാമെന്നും പ്രിയ ജെമിമ പറഞ്ഞു.

×