ദേശീയം

ഇരട്ട എൻജിൻ സർക്കാരിലൂടെ നേട്ടങ്ങളും ഇരട്ടിയാകുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഉത്തര്‍പ്രദേശ്! യുപിയെ പ്രശംസിച്ച് നരേന്ദ്ര മോദി

നാഷണല്‍ ഡസ്ക്
Tuesday, September 14, 2021

അലിഗ‍ഡ്: ഉത്തർപ്രദേശ് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ട എൻജിൻ സർക്കാരിലൂടെ നേട്ടങ്ങളും ഇരട്ടിയാകുമെന്നതിന്റെ മികച്ച ഉദാഹരണമാണ് യുപി സർക്കാരെന്നു മോദി പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ.

രാജ്യത്തിന്റെ വികസനത്തിന് ബൃഹത്തായ സംഭാവനയാണ് യുപി സർക്കാർ ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ വികസന കാമ്പയിനാണ് യുപി നടത്തിക്കൊണ്ടിരിക്കുന്നത്. അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സർവകലാശാലയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു കൊണ്ട് മോദി പറഞ്ഞു.

‘ദേശീയ, രാജ്യാന്തര തലത്തില്‍ നിക്ഷേപകർക്കു കൂടുതൽ താൽപര്യമുള്ള പ്രദേശമായി ഉത്തർപ്രദേശ് ഉയര്‍ന്നുവരികയാണ്. അതിന് അനുകൂലമായ സാഹചര്യങ്ങൾ ഇവിടെ വളര്‍ത്തിയെടുത്തു. ഇരട്ട എൻജിൻ സർക്കാരിന്റെ ഇരട്ടി നേട്ടങ്ങൾക്കുള്ള തിളങ്ങുന്ന ഉദാഹരണമാണു യുപി. സംസ്ഥാനത്ത് ഗുണ്ടകൾ ഭരണം നടത്തിയിരുന്ന ഒരു സമയമുണ്ടായിരുന്നു.

എന്നാലിപ്പോൾ മാഫിയാ നേതാക്കളും കൊള്ളക്കാരും ഒളിച്ചിരിക്കുകയാണ്. അന്നു സംസ്ഥാനത്തു നടന്ന അഴിമതിയൊന്നും യുപിയിലെ ജനങ്ങൾ മറക്കില്ല. പ്രധാന സ്ഥാനങ്ങളിലേക്ക് അഴിമതിക്കാരെ കൊണ്ടുവന്നു. പ്രതിരോധ മേഖലയിലെ ഇറക്കുമതിക്കാർ എന്നതിൽനിന്ന് വലിയ തോതിൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. 12 പ്രതിരോധ സ്ഥാപനങ്ങൾ അലിഗഡിൽ നിർമാണ യൂണിറ്റ് തുടങ്ങും’– പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ മാറിയാണ് സർവകലാശാലയുടെ കാമ്പസ് നിർമ്മിക്കുന്നത്. ജാട്ട് സമുദായ നേതാവ് മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേരിലാണ് പുതിയ സർവകലാശാല എന്നതും ശ്രദ്ധേയമാണ്.

×