പറഞ്ഞാൽ പറഞ്ഞതു പോലെ ചെയ്യുന്ന സർക്കാർ. 5തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ നടപ്പാക്കി സിദ്ധരാമയ്യ സർക്കാർ. കർണാടകത്തിൽ വനിതകൾക്ക് ഇനി സൗജന്യ ബസ് യാത്ര. എല്ലാ വീട്ടിലും മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യം. മാസംതോറും 3000 രൂപ തൊഴിലില്ലായ്മാ വേതനവും. 50,000 കോടിയുടെ അധിക ബാദ്ധ്യത. കേരളത്തിലും സൗജന്യങ്ങളുടെ രാഷ്ട്രീയം വരും

New Update

publive-image

Advertisment

ബം​ഗളൂരു: പറഞ്ഞാൽ പറഞ്ഞതു പോലെ ചെയ്യുന്ന സർക്കാരിനെയാണ് കർണാടകത്തിൽ ജനങ്ങൾ അധികാരത്തിലേറ്റിയതെന്ന് സിദ്ധരാമയ്യ സർക്കാർ തെളിയിച്ചു. തിരഞ്ഞെടുപ്പ് കാലത്തെ വാദ്ഗാനമായിരുന്ന 5 സൗജന്യങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പാക്കി കോൺഗ്രസ് സർക്കാർ കൈയടി നേടി. സൗജന്യങ്ങൾ വാഗ്ദാനം ചെയ്താണ് ഭരണം പിടിച്ചതെന്ന് കോൺഗ്രസിനെതിരേ ആരോപണം ഉയർന്നിരുന്നു. അതൊന്നും വകവയ്ക്കാതെയാണ് ആദ്യ മന്ത്രിസഭാ യോഗം 5 വാഗ്ദാനങ്ങളും നടപ്പാക്കിയത്.

ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനും ഗുണപ്രദമായ തീരുമാനങ്ങളാണ് സിദ്ധരാമയ്യ സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. എല്ലാ വീട്ടിലും മാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥകളായ വനിതകൾക്ക് അവരുടെ ആവശ്യങ്ങൾക്കായി മാസം 2000 രൂപ നൽകുന്ന ഗൃഹ ലക്ഷ്മി പദ്ധതി, എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര നൽകുന്ന ഉചിതപ്രയാണ പദ്ധതി, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 3,000 രൂപയും തൊഴിലില്ലാത്ത ഡിപ്ലോമക്കാർക്ക് 1,500 രൂപയും എല്ലാ മാസവും നൽകുന്ന യുവ നിധി പദ്ധതി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് മാസം ഒരാൾക്ക് 10 കിലോ സൗജന്യ അരി നൽകുന്ന അന്നഭാഗ്യ പദ്ധതി എന്നിവയാണ് നടപ്പാക്കിയത്.

ഈ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ 50,000 കോടിയുടെ ബാദ്ധ്യതയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇത്രയും സൗജന്യങ്ങൾ വാരിക്കോരി നൽകാൻ പണമെവിടെ നിന്ന് എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാൽ ഐ.ടി നഗരമായ ബാംഗളുരുവിൽ ഐ.ടി വൻകിട സംരംഭങ്ങൾക്കടക്കം നികുതി ഉയർത്തിയും സമ്പന്നരിൽ നിന്ന് കൂടുതൽ നികുതി വാങ്ങിയുമെല്ലാം സൗജന്യങ്ങൾക്കുള്ള പണം സമാഹരിക്കാനാണ് സർക്കാരിന്റെ നീക്കം. കേരളത്തിലും സൗജന്യങ്ങൾ നൽകുന്ന വാഗ്ദാനങ്ങളുമായാവും പാർട്ടികൾ വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടുക.

സിദ്ധരാമയ്യ - ഡി.കെ.ശിവകുമാർ തർക്കമൊഴിവാക്കാൻ മുഖ്യമന്ത്രിപദത്തിൽ വാഗ്‌ദാനം ചെയ്‌ത ടേം വ്യവസ്ഥ മന്ത്രിമാർക്കും ബോർഡ്, കോർപ്പറേഷൻ അദ്ധ്യക്ഷൻമാർക്കും ബാധകമാക്കുമെന്ന് സൂചനയുണ്ട്. ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ 2026 ജനുവരിയോടെ ശിവകുമാർ മുഖ്യമന്ത്രിയാകുന്ന പുനഃസംഘടനയിൽ ഒഴിവാകും. ബോർഡുകളിലും കോർപ്പറേഷനുകളിലും ഇതിനൊപ്പം മാറ്റമുണ്ടാകും. മന്തിസഭയിൽ സ്ഥാനമോഹികൾക്കും വിവിധ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാനും പ്രവർത്തനം ഊർജ്ജിതമാക്കാനും ഇതു സഹായിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്.