ബിജെപിക്കെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ലോക്‌സഭാ തെരഞ്ഞടുപ്പിനെ ഒന്നിച്ചു നേരിടുമെന്ന് കോണ്‍ഗ്രസ്. ബിജെപിയുടെ ഏകാധിപത്യത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് മമത. ഐക്യം അനിവാര്യമെന്ന് ശരദ്പവാര്‍. പ്രതിപക്ഷ ഐക്യപ്രഖ്യാപനം ബിജെപിക്ക് വെല്ലുവിളിയോ?

New Update

publive-image

Advertisment

ഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി ഐക്യം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. ബിജെപിയെ തുരത്തി അധികാരം പിടിക്കാൻ ഐക്യം അനിവാര്യമാണെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചും കഴിഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്തയോഗം ഷിംലയില്‍ ചേരുമെന്നും ഖാര്‍ഗെ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ പൊതുഅജന്‍ഡ ഈ യോഗത്തില്‍ തയാറാക്കും. യോഗത്തിന് ശേഷം പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തി.

വിയോജിപ്പകളുണ്ടെങ്കിലും എല്ലാവരും ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെ ഏകാധിപത്യത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് മമത ബാനര്‍ജി പറഞ്ഞു. ഞങ്ങള്‍ പ്രതിപക്ഷമല്ല, പൗരന്‍മാരും ദേശസ്‌നേഹികളുമാണ്. പട്‌നയില്‍ ചരിത്രം തുടങ്ങുന്നുവെന്നും മമതാബാനര്‍ജി പറഞ്ഞു. ബിജെപിയെ നേരിടാന്‍ ഐക്യം അനിവാര്യമെന്ന് ശരദ്പവാര്‍ പറഞ്ഞു.

പതിനഞ്ച് പാര്‍ട്ടികളില്‍നിന്നായി 30 നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയതായാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവുമാണ് ആതിഥ്യം വഹിച്ചത്.

നിതീഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതൃസ്ഥാനത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും അണി നിരന്നു. സിപിഎം, സിപിഐ, സിപിഐ എംഎല്‍, പിഡിപി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തിനെത്തി.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ആംആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജരിവാള്‍, ഭഗവന്ത് മന്‍, ഡിഎംകെയില്‍നിന്ന് എംകെ സ്റ്റാലിന്‍, ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ഹേമന്ദ് സോറന്‍, സമാജ് വാദി പാര്‍ട്ടിയില്‍നിന്ന് അഖിലേഷ് യാദവ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisment