ഇംഫാല്‍: മണിപ്പൂരില്‍ അയവില്ലാതെ വീണ്ടും സംഘര്‍ഷം തുടരുകയാണ്. രാജ്ഭവനും ബിജെപി ഓഫീസിനും മുന്നില്‍ ജനങ്ങൾ പ്രതിഷേധവുമായെത്തിയതോടെ വന്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.
വെടിവെപ്പില്‍ കൊല്ലപ്പെട്ട മെയ്തി യുവാവിന്റെ മൃതദേഹവുമായെത്തിയാണ് ഇംഫാലില്‍ ജനക്കൂട്ടം പ്രതിഷേധിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍ പ്രയോഗിച്ചു. ബിജെപി ഓഫീസിനും രാജ്ഭവനും മുന്നിലാണ് ജനക്കൂട്ടം എത്തിയത്.
സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കുക്കി ഗ്രാമമായ ഹരോതെലില്‍ ആക്രമണമുണ്ടായതോടെ ഇന്ന് പുലര്‍ച്ചെയാണ് സൈന്യം ഇവിടെ എത്തിയത്.
പിന്നാലെ ആയുധധാരികള്‍ സൈനികര്‍ക്ക് നേരെ വെടി വയ്ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് വ്യക്തമാക്കി. വെടിവെപ്പ് തുടര്‍ന്നതോടെ ഇവിടേക്ക് കൂടുതല്‍ സൈനികരെത്തി.
കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലിലേക്ക് മാറ്റി.