ബിഹാറിൽ ബിജെപിയുടെ നിയമസഭാ മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി വീശി, അക്രമത്തിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

New Update

publive-image

Advertisment

പട്ന: ബിഹാറിൽ ബിജെപി സംഘടിപ്പിച്ച നിയമസഭാ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വീശി. അക്രമത്തിൽ ബിജെപിയുടെ ജഹനാബാദ് ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ സിങ് കൊല്ലപ്പെട്ടു. നിരവധി ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ പട്ന മെഡിക്കൽ കോളജിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

​ഗാന്ധി മൈതാനിൽ നിന്നു ആരംഭിച്ച മാർച്ച് ഡാക്ബം​ഗ്ലാ ചൗരാഹയിൽ എത്തിയപ്പോഴാണ് ലാത്തി ചാർജുണ്ടായത്. ജല പീരങ്കിയും കണ്ണീർ വാതകവും പ്രയോ​ഗിച്ചതിനു പിന്നാലെയാണ് പൊലീസ് ലാത്തി ചാർജ് നടത്തിയത്. അധ്യാപക നിയമന ചട്ടം ഭേ​ദ​ഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെയാണ് ബിജെപി മാർച്ച് സംഘടിപ്പിച്ചത്.

ബിജെപി നേതാവിന്റെ മരണത്തിൽ പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് കൊടുക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് സശീൽ കുമാർ മോ​ദി പ്രതികരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറാണ് സംഭവങ്ങളുടെ മുഴുവൻ ഉത്തരവാദിയെന്നു സുശീൽ കുമാർ ആരോപിച്ചു.

എന്നാൽ, ബിജെപി നേതാവിന്റെ മരണ കാരണം എന്താണെന്നും വ്യക്തമല്ലെന്നു ജില്ലാ ഭരണം കൂടം പറയുന്നു. ഡാക്ബം​ഗ്ലാ ചൗരാഹയിൽ വിജയ് കുമാർ സിങ് ബോധരഹിതനായി കിടക്കുകയായിരുന്നു. ശരീരത്തിൽ മുറിവേറ്റ പാടുകൾ ഒന്നുമുണ്ടായിരുന്നില്ലെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Advertisment