Advertisment

ജ്യോതിരാദിത്യ സിന്ധ്യയുടെ കാര്യത്തിൽ കരുതലോടെ കോൺഗ്രസ് ! സിന്ധ്യ തിരിച്ചുവരില്ലെന്ന് കോൺഗ്രസ് വിശ്വസിക്കുന്നില്ല ? യുവനേതാവിനെ കുടുക്കിയത് കേസുകൾ നിരത്തി ! കോൺഗ്രസിൽ തുടരണമെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നറിഞ്ഞപ്പോൾ ചുവടുമാറ്റം ! 'മഹാരാജായി' കണ്ടില്ലെങ്കിൽ സിന്ധ്യ നിലപാട് മാറ്റും !

author-image
കിരണ്‍ജി
New Update

ഡൽഹി:  യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പി പാളയത്തിലെത്തിയെങ്കിലും സിന്ധ്യയുടെ കാര്യത്തിൽ കോൺഗ്രസ് പ്രതികരണം കരുതലോടെ. സിന്ധ്യയ്ക്ക് കോൺഗ്രസിലെ ഭൂരിപക്ഷത്തോടും കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് സിന്ധ്യയോടും പ്രത്യേകിച്ച് വിരോധങ്ങളൊന്നുമില്ല.

Advertisment

സിന്ധ്യ കോൺഗ്രസിനെ കടന്നാക്രമിക്കാൻ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെ. രാഹുൽ സിന്ധ്യയുടെ കാലുമാറ്റത്തോട് പ്രതികരിച്ചതും വൈകാരികമായിട്ടായിരുന്നു. അല്ലാതെ സിന്ധ്യയെ കടന്നാക്രമിക്കാൻ രാഹുലും ശ്രമിച്ചില്ല.

publive-image

സിന്ധ്യയ്ക്ക് കോൺഗ്രസിൽ തർക്കം എ ഐ സി സി ജനറൽ സെക്രട്ടറി അഹമ്മദ് പട്ടേൽ ഉൾപ്പെടുന്ന ഗ്രൂപ്പിനോടാണ്. പാർട്ടിയിൽ ജ്യോതിരാദിത്യയുടെ മുന്നേറ്റത്തിന് തടയിട്ടത് അഹമ്മദ് പട്ടേൽ ഉൾപ്പെട്ട ഗ്രൂപ്പായിരുന്നു.

മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിലും പി സി സി അധ്യക്ഷ പദവിയും രാജ്യസഭാ സീറ്റും ഉൾപ്പെടെയുള്ള ബദൽ പായ്‌ക്കേജ് സിന്ധ്യയ്ക്ക് നൽകാൻ കോൺഗ്രസും മുഖ്യമന്ത്രി കമൽ നാഥും ഉൾപ്പെടെ തയാറായിട്ടുണ്ടെങ്കിലും അഹമ്മദ് പട്ടേൽ ഉൾപ്പെട്ട ഗ്രൂപ്പ് നിരന്തരം സിന്ധ്യയുമായി പോരടിച്ചിരുന്നു.

എന്നാൽ അതിനുമപ്പുറം പരിഗണനയായിരുന്നു എ ഐ സി സി ജനറൽ സെക്രട്ടറിയെന്ന നിലയിൽ കോൺഗ്രസ് സിന്ധ്യയ്ക്ക് നൽകിയത്. പാർട്ടി ആസ്ഥാനത്ത് സോണിയാ ഗാന്ധിയുടെ തൊട്ടടുത്ത് പ്രിയങ്കാ ഗാന്ധിക്കൊപ്പം ഒരേ ഓഫീസായിരുന്നു സിന്ധ്യയ്ക്കും നൽകിയിരുന്നത്.

യു പിയുടെ ചുമതല ഉണ്ടായിരുന്ന സിന്ധ്യയെ പ്രിയങ്കാ ഗാന്ധി പോലും അങ്ങോട്ട് പോയാണ് കണ്ടിരുന്നത്.

publive-image

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ മുൻ പി എയോടായിരുന്നു സിന്ധ്യ പരാജയപ്പെട്ടത്. അതിനു പിന്നിൽ കമൽനാഥ്‌ ആണെന്ന പരാതി സിന്ധ്യയ്ക്കുണ്ടായിരുന്നു.

എന്തായാലും ബി ജെ പിയിലെത്തിയ 'മഹാരാജ്' ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കോൺഗ്രസിൽ നിന്ന് കിട്ടിയ അതെ ആദരവും പരിഗണനയും ബി ജെ പിയിൽ നിന്ന് കിട്ടുമോ എന്ന് കണ്ടറിയണം. അതുണ്ടായില്ലെങ്കിൽ സിന്ധ്യ മാറി ചിന്തിച്ചേക്കും.

കാരണം അദ്ദേഹത്തിന് 'മഹാരാജ്' നിലവാരത്തിൽ നിന്ന് താഴേക്ക് ഇറങ്ങാനാകില്ല. പാർട്ടി ഏതായാലും അംഗീകാരവും പദവിയുമാണ് സിന്ധ്യ കുടുംബത്തിന്റെ പ്രധാന കാര്യം. അതിനായി അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ കാലു മാറ്റി ചവിട്ടുന്നത് അവർക്ക് അത്ര പരിചിതമല്ലാത്ത സംഗതിയല്ല.

കോൺഗ്രസിന് അത് നന്നായറിയാം. മാധവറാവു സിന്ധ്യ വന്നും പോയും നിന്ന പാർട്ടിയാണ് കോൺഗ്രസ്.

publive-image

മാത്രമല്ല, സിന്ധ്യയുടെ കാലുമാറ്റം സ്വമനസ്സാലെ അല്ലായിരുന്നുവെന്നു കോൺഗ്രസിനറിയാം. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ സിന്ധ്യയെ തളയ്ക്കാൻ ബി ജെ പി പദ്ധതിയിട്ടിരുന്നു.

പാർട്ടി മാറിയില്ലെങ്കിൽ കോൺഗ്രസിൽ സിന്ധ്യയെക്കാൾ കരുത്തരായിരുന്ന പി ചിദംബരത്തിനും ഡി കെ ശിവകുമാറിനും ഉണ്ടായ അനുഭവം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് സിന്ധ്യയ്ക്ക് ബി ജെ പി പാളയത്തിൽ നിന്ന് പലതവണ ലഭിച്ചിരുന്നു.

ഒടുവിൽ ഗത്യന്തരമില്ലാതെയായിരുന്നു സിന്ധ്യ ചുവടുമാറ്റിയത്. വ്യക്തിപരമായി ബന്ധപ്പെട്ട ചില കേസുകളും സിന്ധ്യയെ അലട്ടിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ഭാര്യ പോലും സിന്ധ്യയ്ക്കെതിരെ തിരിഞ്ഞിരുന്നു. അത്തരം പ്രശ്നങ്ങളൊക്കെ അദ്ദേഹത്തെ അലട്ടിയിരുന്നു.

കോൺഗ്രസിൽ തുടരുകയെന്നാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നതായിരുന്നു സിന്ധ്യയുടെ അവസ്ഥ. അതിനിടയിൽ അഹമ്മദ് പട്ടേലിനെപ്പോലുള്ള ശല്യങ്ങളും.

jyothiraditya sindhya
Advertisment