/sathyam/media/post_attachments/WcjYrc9sKo3y4g72hZEj.jpg)
ഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഴുതടച്ച രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി. തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാനായി ദേശീയ നേതാക്കളെ രംഗത്തിറക്കാനാണ് ബിജെപിയുടെ തീരുമാനം.
മധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനായി വിവിധ ദേശീയ നേതാക്കൾക്ക് ചുമതകളും ബിജെപി നൽകിയിട്ടുണ്ട്. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയെ രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഏകോപന ചുമതല പാർട്ടി ഏൽപ്പിച്ചു.
കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭൂപീന്ദർ യാദവിന് മധ്യപ്രദേശിന്റെ ചുമതല നൽകിയപ്പോൾ പ്രകാശ് ജാവ്ഡേകർ, ഓം പ്രകാശ് മാഥുർ എന്നിവർക്ക് യഥാക്രമം തെലുങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതല നൽകി.
രാജസ്ഥാനിലേക്ക് നിതിൻ പട്ടേൽ, കുൽദീപ് ബിഷ്ണോയ് എന്നിവരെ ജോഷിയുടെ സഹായികളായി നിയമിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ മൻസുഖ് മാണ്ഡവ്യ, അശ്വിനി വൈഷ്ണവ് എന്നിവർ യഥാക്രമം ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രചാരണ സമിതി അംഗങ്ങളായിരിക്കും.
ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപി തന്ത്രം ഫലിച്ചേക്കുമെങ്കിലും ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഇനി പച്ച തൊടാനാവില്ലെന്നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ തെലുങ്കാനയുടെ ഭരണം ബിജെപിക്ക് നിർണായകമാകും.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പിടിച്ചെടുക്കാൻ കടുത്ത തന്ത്രങ്ങൾ ബിജെപി നടത്തുന്നുണ്ടെങ്കിലും ഒന്നും അത്രമേൽ ഫലിക്കുന്നില്ല എന്നതാണ് വാസ്തവം.