അമിത് ഷായും മോഡിയും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥികള്‍ ആകില്ല ! രാഹുല്‍ ഗാന്ധി ആദ്യം ആകുക ( കേരള ) മുഖ്യമന്ത്രി ? സൌരവ് ഗാംഗുലി ബംഗാള്‍ മുഖ്യമന്ത്രി. തമിഴ്നാട്ടില്‍ ശശികല യുഗം വരും .. ജ്യോതിഷ പ്രവാചകരുടെ കണ്ടുപിടുത്തങ്ങള്‍ ഇങ്ങനെ ! ചിലര്‍ക്ക് ശരിയാവും … ചിലര്‍ക്ക് ശരിയാവൂല !!

ദാസനും വിജയനും
Monday, August 10, 2020

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒട്ടുമിക്ക സംസ്ഥാന ഭരണങ്ങളും ബിജെപിക്ക് നഷ്ടമാവുകയും ജനങ്ങൾ മെല്ലെ മെല്ലെ ആ പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്നും ആരോഗ്യപരമായ കാരണങ്ങളാൽ അമിത്ഷാജിയും പാർട്ടിയുമായി അകലം പാലിക്കുമെന്നുമൊക്കെ തെക്കേ ഇന്ത്യയിലെ പ്രസിദ്ധരായ ജ്യോതിഷ പണ്ഡിതന്മാർ കാണുന്നുണ്ടെങ്കിലും അവരൊന്നും ഇപ്പോൾ അക്കാര്യങ്ങൾ തുറന്നു പറയുന്നില്ല .

അത് ആരെയും ഭയപ്പെട്ടിട്ടൊന്നുമല്ല. 2020 വർഷം ലോകത്തിന് വളരെ നല്ലതാണ് എന്നൊക്കെ പറഞ്ഞതിന്റെ ക്ഷീണം ജ്യോതിഷ പണ്ഡിതന്മാർക്ക് ഇപ്പോഴും തീരാത്തതുകൊണ്ടാണ് . ശ്രീലങ്കൻ രാഷ്ട്രീയം വരെ ഏറെക്കുറെ പ്രവചിച്ച ഇവർ പ്രസിദ്ധരായത് ജയലളിതയുടെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചപ്പോഴാണ്.

ജയലളിത രണ്ടാമതും അധികാരം നേടുമെന്നുള്ള പ്രവചനങ്ങളാണ് ഈ ജ്യോതിഷ പണ്ഡിതന്മാരോട് രാഷ്ട്രീയക്കാരിൽ ഏറെ വിശ്വാസം ജനിപ്പിച്ചത്. ഒരിക്കലും ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനം സ്വപ്നം കാണാതിരുന്ന മോദിജിയെ ജോതിഷ പ്രകാരമാണ് ബിജെപി മുന്നിൽ നിർത്തിയത് . അത് വിജയിക്കുകയും ചെയ്തു .

നരേന്ദ്ര മോഡി 51 വയസ്സിലായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തിയത് . ഇന്ദിരാഗാന്ധി 49 വയസ്സിനുശേഷവും .

രാഹുൽഗാന്ധിയുടെ നക്ഷത്രപ്രകാരം 21 വയസിൽ അച്ഛന്റെ ദാരുണ അന്ത്യം സംഭവിച്ചു. അതും ജാതകത്തിലുണ്ട്. 34 വയസിൽ ആദ്യമായി എംപി ആയി, 47 മത്തെ വയസ്സിൽ എഐസിസി പ്രസിഡന്റ് ആവുകയും ചെയ്തിരുന്നു .

പക്ഷെ 50 വയസ്സ് കഴിയാതെ ഉത്തരവാദിത്വമുള്ള ഏതൊരു പൊസിഷനുകളില്‍ ഇരുന്നാലും അത് ഫലവത്താകില്ല എന്നാണ് രാശി . അദ്ദേഹം 51 വയസ്സിൽ എവിടെയെങ്കിലും മുഖ്യമന്ത്രി ആകാനുള്ള സാധ്യതയാണ് വടക്കേന്ത്യയിലെ ചില ജ്യോതിഷന്‍മാര്‍ പ്രവചിക്കുന്നത്. അത് ജ്യോതിഷം പറഞ്ഞാലും എവിടെ എന്നതാണ് ചോദ്യം. അത് പറയുന്നതു ജ്യോതിഷന്‍മാരുടെ ജോലിയല്ല.

അപ്പോൾ പിന്നെ അദ്ദേഹം എംപിയായ കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ പേരും സാധ്യതാ പട്ടികയില്‍ പറഞ്ഞുകേള്‍ക്കാം .

ജ്യോതിഷപ്രകാരം 51 വയസ്സിനുള്ളിൽ എന്തെങ്കിലും തരത്തിൽ അധികാരക്കസേരയിൽ ഇരുന്നാൽ മാത്രമേ രാഹുൽഗാന്ധിക്ക് ഇന്ത്യയുടെ പ്രഥമ മന്ത്രിയായി ആ കസേരയിൽ ഇരിക്കുവാൻ സാധ്യതയുള്ളത്രെ .

പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ലഭിക്കാത്ത സ്ഥിതിക്ക് കേരളത്തിലെ അല്ലെങ്കിൽ തമിഴ്‌നാട്ടിലെ അല്ലെങ്കിൽ വെസ്റ്റ് ബംഗാളിലെ അല്ലെങ്കിൽ അസമിലെ അല്ലെങ്കിൽ പുതുച്ചേരിയിലെ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവുക .

കേരളവും തമിഴ്‍നാടും പുതുച്ചേരിയും അദ്ദേഹത്തെ രണ്ടുകയ്യും നീട്ടി സ്വീകരിക്കും . മുഖ്യമന്ത്രിയായി ഒന്നോ രണ്ടോ കൊല്ലം ആ കസേരയിൽ ഇരിക്കുകയാണെങ്കില്‍ പിന്നീട് വരുന്ന
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ വടക്കേ ഇന്ത്യയിൽ മത്സരിച്ചുജയിച്ച് പ്രധാനമന്ത്രിയാകും എന്നാണ് നക്ഷത്ര ഫലമായി പറയപ്പെടുന്നത് .

വൃശ്ചികത്തിലെ തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ച രാഹുൽഗാന്ധിക്കു ജന്മ നക്ഷത്രപ്രകാരം 21 വയസു മുതൽ മോശം കാലഘട്ടമായിരുന്നു. സ്വന്തം പേരും വിലാസങ്ങളും മാറ്റിക്കൊണ്ട് വിദ്യഭ്യാസം വരെ പൂർത്തിയാക്കേണ്ടിവന്ന പതിനൊന്ന് വർഷങ്ങൾ .

സ്വന്തം പിതാവിനെ നഷ്ടപ്പെട്ടതുമുതൽ ഭീഷണി നിറഞ്ഞ ജീവിതവും പ്രണയ നൈരാശ്യവും. 32 വയസ്സിന് ശേഷം 2004 ൽ ആദ്യമായി തന്റെ അച്ഛന്റെ മണ്ഡലത്തിൽ നിന്നും വിജയിച്ചു ലോക്സഭാ എംപി ആയെങ്കിലും മന്ത്രിസ്ഥാനങ്ങൾ ഏറ്റെടുത്തില്ല .

സ്വന്തം പാർട്ടിയെ താഴെത്തട്ടിൽ നിന്നും വളർത്തിവലുതാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ നടപടികൾ ആരംഭിച്ചു പൂർത്തിയാക്കി തമിഴ്‍നാട്ടിലേക്ക് കടന്നു .

അപ്പോഴേക്കും 2014 ലോക്സഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ അങ്ങോട്ട് ശ്രദ്ധ തിരിച്ചു. 2010 നു ശേഷം അമ്മക്ക് അസുഖം വന്നപ്പോൾ പാർട്ടി കൂടുതൽ സമ്മർദ്ദത്തിലാവുകയും രാഹുലിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ വന്നു ചേരുകയും ചെയ്തു .

രാഹുൽഗാന്ധി പുതുപ്പള്ളി മണ്ഡലത്തിൽ മത്സരിച്ചാൽ അപ്പോൾ ഒഴിവുവരുന്ന വയനാട് ലോക്സഭാ സീറ്റിൽ ഉമ്മൻചാണ്ടിയെയോ ടി സിദ്ധിഖിനെയോ മത്സരിപ്പിച്ചു ജയിപ്പിക്കാം . കേരളത്തെ ഇന്ത്യയിലെ ഒരു സ്വിറ്റസര്‍ലണ്ട് ആക്കുവാനായി ശശിതരൂർ പോലത്തെ ആളുകളുടെ ഉപദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ഒരു മാതൃക സംസ്ഥാനമാക്കി മാറ്റാവുന്നതാണ് .

പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ വടക്കേ ഇന്ത്യയിലെ അമേത്തിയിലോ റായ്ബറേലിയിലോ മത്സരിച്ചു ജയിക്കാം .

ജ്യോതിഷ പ്രകാരം ഇപ്പോഴത്തെ എൻഡിഎ സർക്കാർ അഞ്ചുകൊല്ലം തികക്കില്ല എന്നതാണ് പ്രവചനം. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ടി വരുമെന്നതാണ് ജോതിഷന്മാർ പ്രവചിക്കുന്നത് . അങ്ങനെ വന്നാൽ നരേന്ദ്ര മോഡി അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകില്ലെന്നാണ് പ്രവചനം .

പ്രിയങ്കാഗാന്ധി യുപിയിലെ അധികാരം തിരിച്ചു പിടിക്കുമെന്നും , ജ്യോതിരാധിത്യ സിന്ധ്യ തിരിച്ചു കോൺഗ്രസ്സിൽ ചേരുമെന്നൊക്കെ ഇവരുടെ പ്രവചനങ്ങളിൽ പറയുന്നുണ്ടെങ്കിലും തമിഴ്‌നാട്ടിൽ ശശികല വീണ്ടും ശക്തി പ്രാപിക്കുമെന്നും പറയപ്പെടുന്നു .

കർണ്ണാടകത്തിൽ കോൺഗ്രസ്സ് പിളരുമെന്നും പറയുന്നു . ഗുജറാത്തിൽ അനേകം വർഷങ്ങൾക്ക് ശേഷം കോൺഗ്രസ്സ് വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരം പിടിക്കുമ്പോൾ ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ ദുര്‍ബലമാകുമെന്നും പറയുന്നു.

വെസ്റ്റ് ബംഗാളിൽ സൗരവ് ഗാംഗുലി മമതയെ മുട്ടുകുത്തിക്കുമെന്നും നേരിയ ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും ജ്യോതിഷന്‍മാര്‍ കാണുന്നു. മധ്യപ്രദേശും ഛത്തീസ്ഘഡും കോൺഗ്രസ്സിന്റെ കയ്യിൽ തന്നെ വരുമ്പോൾ ബീഹാറിൽ നിതീഷ് പ്രഭാവം ഇല്ലാതാകുകയും ചെയ്യും .

കൂടുതൽ പ്രകൃതി ക്ഷോഭങ്ങൾ മഹാരാഷ്ട്രയിൽ ഭരണത്തെ പിടിച്ചു കുലുക്കുമെങ്കിലും എൻസിപി കോൺഗ്രസുമായി ലയിക്കുമെന്നും ഒറ്റക്ക് അധികാരം പിടിക്കുമെന്നും ഗോവയിൽ ബിജെപി ഇല്ലാതാകുമെന്നും പറയുന്നു . കേരളത്തിൽ ബിജെപിക്കു ഭാവിയുള്ളതായാണ് പ്രവചനം .

ജ്യോതിഷക്കാരുടെ വാക്കുകൾ കേട്ടുകൊണ്ട് ഭരണം പിരിച്ചുവിട്ട നായനാർ സർക്കാരിനെ ഓർമ്മകളിൽ വരുന്നു , അതുപോലെ ശ്രീലങ്കയിലെ രാജപക്ഷെയും . 1991 ല്‍ കരുണാകരൻ അഞ്ചുവർഷം തികക്കില്ല എന്ന് പറഞ്ഞതും തൃശൂരിൽ മത്സരിക്കേണ്ട എന്ന് ഉപദേശിച്ചതും ഓർമ്മകളിൽ വരുന്നു.

2004 ൽ യുഡിഎഫിന് ഒരു സീറ്റ് പ്രവചിച്ച കണിയാനെയും 2019 ൽ എൽഡിഎഫിന് ഒരു സീറ്റ് പ്രവചിച്ച ജോതിഷിയെയും നമ്മുക്ക് വിസ്മരിക്കുവാനാകുമോ ? 2006 ൽ പിണറായി വിജയൻ മുഖ്യൻ ആകില്ലെന്നാണ് ഒരാൾ പ്രവചിച്ചത് . ഉമ്മൻ‌ചാണ്ടി സ്ത്രീയാല്‍ അപമാനിതനാകുമെന്നും പറഞ്ഞവരുണ്ട് .

എന്തൊക്കെ തന്നെയായാലും ചിലത് ശരിയാവും ചിലത് ശരിയാവൂല , നിങ്ങടെ ശെരിയാവും എന്റേത് ശരിയായീല !

2020 വർഷത്തെ കാര്യങ്ങൾ പ്രവചിച്ച ചില ജോതിഷക്കാരുടെ അവസ്ഥകളെ ഓർമ്മിച്ചുകൊണ്ട് കണിയാൻ ദാസനും 1996 ൽ അച്യുതാനന്ദൻ തോൽക്കും നായനാർ മുഖ്യമന്ത്രി എന്ന് പ്രവചിച്ച കണിയാനെ സ്മരിച്ചുകൊണ്ട് വിജയനും

×