ഗിരീഷ്‌ കർണാട്; സാമൂഹ്യപ്രതിബദ്ധതയുള്ള ബഹുമുഖപ്രതിഭയുടെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു.

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Tuesday, June 11, 2019

ദമ്മാം: പ്രശസ്ത സാഹിത്യകാരനും, ചിന്തകനും, നാടക -ചലച്ചിത്ര പ്രവർത്തകനും, അഭിനേതാവും, സംവിധായകനുമായ ഗിരീഷ് കർണാടിന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.

പദ്മശ്രീ, പദ്മഭൂഷൺ , ജ്ഞാനപീഠം അവാർഡുകൾ നേടിയ എഴുത്തുകാരൻ, ദേശീയ ചലച്ചിത്രപുരസ്ക്കാരം നേടിയ സിനിമ സംവിധായകൻ, തെക്കേ ഇന്ത്യൻ സിനിമയിലും, ബോളിവുഡിലും തിളങ്ങിയ അഭിനേതാവ്, തിരക്കഥാകൃത്ത്, കന്നഡ നാടക വേദി യ്ക്ക് വിലപിടിച്ച സംഭാവനകൾ നൽകിയ നാടകകൃത്ത്, വിദ്യാ ഭ്യാസവിചക്ഷണൻ, പുരോഗമനചിന്തകൻ എന്നിങ്ങനെ ഇന്ത്യൻ സമൂഹത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ വ്യക്തി ത്വമാണ് അദ്ദേഹത്തിന്റേത്.

എന്നാൽ ഇതിനേക്കാളുമെല്ലാം ഉപരിയായി, രാജ്യത്തെ മതേതരത്വ ത്തിനും, സാമൂഹ്യനീതിയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിലും, ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും എതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളിലും പങ്കാളിയായി പ്രതികരിയ്ക്കാൻ അദ്ദേഹം എന്നും പരിശ്രമിച്ചു എന്നതാണ് അദ്ദേഹത്തെ വിത്യസ്തനാക്കു ന്നത്.

ഭരിയ്ക്കുന്ന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിയ്ക്കുന്ന സാഹിത്യകാരെയും, കലാകാരെയും, പത്രപ്രവർത്തകരെയും “അർബൻ നക്സലുകൾ”എന്ന് മുദ്ര കുത്തി വേട്ടയാടാൻ സംഘപരിവാർ ശ്രമം നടത്തിയ കാലത്ത്, ഗൗരി ലങ്കേഷ് വധത്തിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിൽ “ഞാനും അർബൻ നക്സൽ” എന്ന പ്ലക്കാർഡ് കഴുത്തിലണിഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതിഷേധിച്ചത്. ഭരണകൂടത്തിന്റെ അധികാരത്തെയോ, സംഘടിത വർഗ്ഗീയശക്തികളുടെ ആക്രമണത്തെയോ ഭയക്കാതെ അദ്ദേഹം ഇന്ത്യൻ സമൂഹത്തിൽ വളരുന്ന അസഹിഷ്ണുതയ്ക്ക് എതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.

തെറ്റുകൾക്കെതിരെ നിർഭയം പ്രതികരിയ്ക്കുന്ന ആ മഹാനായ കലാകാരന്റെ വിടവാങ്ങൽ, ഇന്ത്യൻ സമൂഹത്തിന് തീരാനഷ്ട മാണ് എന്ന് നവയുഗം കലാവേദി സെക്രട്ടറി സഹീർഷായും, പ്രസിഡന്റ് നിസാർ ആലപ്പുഴയും പ്രസ്താവനയിൽ പറഞ്ഞു.

×