Advertisment

91 -ലെ സംഘടനാ തെരഞ്ഞെടുപ്പില്‍ വയലാര്‍ രവി എ.കെ ആന്‍റണിയെ പരാജയപ്പെടുത്തിയതിനു പിന്നാലെ പത്രപ്രവര്‍ത്തകര്‍ക്ക് ചെറിയാന്‍ ഫിലിപ്പിന്‍റെ ഒരു ഫോണ്‍ കോള്‍ - ഫോട്ടോ ഗ്രാഫറുമായി ഉടനെത്തണം - പത്രക്കാര്‍ ചെന്നപ്പോള്‍ കണ്ടത് കെപിസിസി ഓഫീസില്‍ നിന്നും ഒരു ഓട്ടോറിക്ഷയില്‍ വീട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങുന്ന ആന്‍റണിയെയാണ്, തടയാന്‍ വയലാര്‍ രവി പിന്നാലെയും. ആ മടക്കം ആഘോഷമാക്കിയത് ചെറിയാനായിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന ആന്‍റണിയും കരുണാകരനും പിന്നീട് സാക്ഷാല്‍ പിണറായി വിജയനും മനസാക്ഷിയായിരുന്നിട്ടും പണ്ടേ ഇഎംഎസ് പറഞ്ഞതുപോലെ ഇന്നും മോഹമുക്തനായ രാഷ്ട്രീയക്കാരനാണ് ചെറിയാന്‍ - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

"മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍" - ഇ.എം.എസ് നമ്പൂതിരിപ്പാട് ഒരിക്കല്‍ ചെറിയാന്‍ ഫിലിപ്പിനെ വിശേഷിപ്പിച്ചതിങ്ങനെ. കോണ്‍ഗ്രസ് നേതാവായി തിളങ്ങി നില്‍ക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ് അന്ന്. ഇ.എം.എസ് ആവട്ടെ സി.പി.എമ്മിന്‍റെ ദേശീയ നേതാവും.

എ.കെ. ആന്‍റണിയെപ്പോലെ, ഉമ്മന്‍ ചാണ്ടിയെപ്പോലെ കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും കോണ്‍ഗ്രസിലെത്തിയ ചെറിയാന്‍ ഫിലിപ്പ് വളരെ നേരത്തേതന്നെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി. എപ്പോഴും ആന്‍റണി പക്ഷത്തിന്‍റെ കേന്ദ്രബിന്ദു. ആന്‍റണിക്കും ഉമ്മന്‍ ചാണ്ടിക്കും ഒപ്പം നിന്നയാള്‍.

തെരഞ്ഞെടുപ്പില്‍ സീറ്റ് വിതരണത്തിനു സമയമാകുമ്പോള്‍ ചെറിയാന്‍ ഫിലിപ്പിനു തിരക്കേറും. സീറ്റ് കാര്യമാകുമ്പോള്‍ രണ്ടു ഗ്രൂപ്പുകളും മത്സരം കടുപ്പിക്കുന്ന സമയം കൂടിയാണിത്.

ഒരു ഭാഗത്ത് ലീഡര്‍ എന്ന കെ. കരുണാകരനും മറു ഭാഗത്ത് എ.കെ എന്ന എ.കെ ആന്‍റണിയും. ഈ രണ്ടു നേതാക്കളും തമ്മിലുള്ള ഇണക്കവും പിണക്കവും ഒരു കാലഘട്ടത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രമായിത്തന്നെ മാറുന്നതും കേരളം കണ്ടുനിന്നു.

ഈ കടുത്ത ശത്രുതയിലും ആരോടും ശത്രുതയില്ലാതെ ചെറിയാന്‍ ഫിലിപ്പ് തിളങ്ങി നിന്നു എന്നതാണു സത്യം. രണ്ടു പേരോടും അടുപ്പം പുലര്‍ത്തിക്കൊണ്ടുതന്നെ.

1992 ല്‍ കെ.പി.സി.സി തെരഞ്ഞെടുപ്പു നടക്കുന്ന കാലം. നാട്ടിലൊക്കെ ബൂത്ത്-മണ്ഡലം കമ്മിറ്റികള്‍ മുതല്‍ ഡി.സി.സി വരെ തെരഞ്ഞെടുപ്പ്. ഒടുവില്‍ കെ.പി.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പും.

ആന്‍റണിയെ ഒന്നു തളയ്ക്കണമെന്നുണ്ട് കരുണാകരന്. അത് വലിയ അപകടമാകുമെന്നുമറിയാം. തളയ്ക്കണമെങ്കില്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ആന്‍റണിയെ തോല്‍പ്പിക്കണം.

കരുണാകരന്‍ വഴിയാലോചിച്ചു. പലരെയും നോക്കി. അവസാനം വയലാര്‍ രവിയില്‍ കണ്ണു പതിച്ചു. രവിയും ആന്‍റണിയും ചേര്‍ത്തലക്കാരാണ്. ആന്‍റണിയോടു തെറ്റി നില്‍ക്കുകയാണ് രവി. ആന്‍റണി പക്ഷത്തു വിള്ളലുണ്ടാക്കി കുറെ വോട്ട് പിടിച്ചെടുക്കാന്‍ വയലാര്‍ രവിക്കാകുമെന്ന് കൂര്‍മബുദ്ധിയായ കരുണാകരന്‍ കണക്കുകൂട്ടി.

ഒരു ഫ്ലാഷ്ബായ്ക്ക് ഇവിടെ കൂടിയേ തീരൂ. കെ.എസ്.യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയുമെല്ലാം തുടക്ക കാലം. എം.എ ജോണ്‍ ആണ് നേതാവ്. ഗുരുവും ആചാര്യനും രക്ഷകര്‍ത്താവുമെല്ലാം എം.എ ജോണ്‍ തന്നെ.

ഒരിക്കല്‍ വയലാര്‍ രവി എന്ന ഊര്‍ജസ്വലനായ യുവാവിനെ മുന്നില്‍ വിളിച്ച് ജോണ്‍ പറഞ്ഞു: "രവി, നമ്മുടെ കെ.എസ്.യു അതിവേഗം വളരുകയാണ്. ഇനി അതിന്‍റെ കണക്കൊക്കെ കൃത്യമായി നോക്കാന്‍ ഒരാളെ വേണം. സത്യസന്ധനായിരിക്കണം". വയലാര്‍ രവി ഉത്സാഹത്തോടെ ചുമതല ഏറ്റു.


ദിവസങ്ങള്‍ക്കുള്ളില്‍ വയലാര്‍ രവി അധികം ഉയരമില്ലാത്ത ഒരു യുവാവിനെയും കൊണ്ട് എം.എ ജോണിനു മുമ്പിലെത്തി. രവി പരിചയപ്പെടുത്തി: "ഇത് എന്‍റെ നാട്ടുകാരനാണ്. ചേര്‍ത്തല. പേര് എ.കെ ആന്‍റണി. ആളു തികഞ്ഞ സത്യസന്ധനാണ്. സൈക്കിള്‍ ചവിട്ടാനുമറിയാം". എ.കെ. ആന്‍റണിയെ ജോണ്‍ കെ.എസ്.യുവില്‍ ചേര്‍ത്തു.


പില്‍ക്കാലത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എ.കെ ആന്‍റണിയും വയലാര്‍ രവിയും കൈപിടിച്ചു മുന്നേറി. ആ മുന്നേറ്റത്തില്‍ എം.എ ജോണ്‍ തഴയപ്പെട്ടു. ഒരു നിര്‍ണായക ഘട്ടത്തില്‍ എം.എ ജോണിനെ ചവിട്ടി താഴ്ത്തിയത് മറ്റാരുമല്ല, എ.കെ ആന്‍റണിതന്നെ.

വര്‍ഷങ്ങള്‍ക്കു ശേഷം കെ. കരുണാകരന്‍ തുണച്ച് എം.എ ജോണ്‍ ചില സ്ഥാനങ്ങളിലെത്തിയപ്പോള്‍ തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലില്‍ താമസിക്കാന്‍ ഇടംകിട്ടി. എം.എല്‍.എ ഹോസ്റ്റലിലെ മുറിയിലെത്തി ജോണിനെ കണ്ടു സംസാരിക്കുക എന്‍റെ പതിവായിരുന്നു. അങ്ങനെ നടന്ന കൂടിക്കാഴ്ചകളിലാണ് ഇതുപോലെയുള്ള പഴയ കാര്യങ്ങള്‍ ജോണ്‍ പറഞ്ഞിരുന്നത്.

ജാതി മത ശക്തികള്‍ക്കു യാതൊരു സ്വാധീനവുമില്ലാത്ത വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ കെട്ടിപ്പടുക്കുക എന്നതായിരുന്നു എം.എ ജോണിന്‍റെ ലക്ഷ്യം.

അതിനു വേണ്ടി ധാരാളം പഠന ക്യാമ്പുകള്‍ അദ്ദേഹം സംഘടിപ്പിച്ചു. ജോണിന്‍റെ പ്രസംഗങ്ങളും പുതിയ സിദ്ധാന്തങ്ങളും കേട്ട് വിദ്യാര്‍ത്ഥി-യുവജന വിഭാഗങ്ങള്‍ ആവേശം കൊണ്ടു. ആദര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്ന രാഷ്ട്രീയ വ്യക്തിത്വമാണ് ജനങ്ങള്‍ക്കു പ്രിയങ്കരമെന്ന് ആന്‍റണി അതിവേഗം മനസിലാക്കി.

ചായയും കാപ്പിയും കുടിക്കാത്ത എം.എ ജോണ്‍, മാംസാഹാരം കഴിക്കാത്ത എം.എ ജോണ്‍, ലളിത ജീവിതം നയിക്കുന്ന എം.എ ജോണ്‍, ധാരാളം പുസ്തകങ്ങള്‍ വായിച്ചു കൂട്ടുന്ന എം.എ ജോണ്‍ - എം.എ ജോണ്‍ കേരള സമൂഹത്തില്‍ പേരെടുക്കുകയായിരുന്നു.

ആന്‍റണിയും ചായയും കാപ്പിയും കുടിച്ചില്ല. തികച്ചും ലളിതമായ ജീവിതം നയിച്ചു. കല്യാണം കഴിക്കുന്നതുപോലും ആര്‍ഭാടമായി കരുതി. കൈക്കൂലിയുടെയും വഴിവിട്ട ജീവിതത്തിന്‍റെയും വഴിക്കു തിരിഞ്ഞു നോക്കിയതേയില്ല.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ നേട്ടം കൈവരിക്കാന്‍ ആന്‍റണിയെ തുണച്ചത് ആദര്‍ശ ധീരത എന്ന സ്വന്തം മുഖമുദ്ര. രാഷ്ട്രീയ ശത്രുക്കള്‍ പോലും വരവുവെയ്ക്കുന്ന വ്യക്തിത്വം.

ഇതൊക്കെ കണ്ടു പഠിച്ച് താഴെ തിരുവനന്തപുരത്ത് കുന്നുകുഴി സ്വദേശി ചെറിയാന്‍ ഫിലിപ്പ് വളരുന്നുണ്ടായിരുന്നു. കെ.എസ്.യു വിലൂടെ, യൂത്ത് കോണ്‍ഗ്രസിലൂടെ, കെ.പി.സി.സി നേതൃത്വത്തിലൂടെ വളര്‍ന്ന ചെറിയാന്‍ ഫിലിപ്പ് എ.കെ. ആന്‍റണിയുടെ പാത തന്നെ പിന്‍തുടര്‍ന്നു. അല്‍പ്പം പോലും വ്യത്യാസം വരുത്താതെ.

പക്ഷെ എ.കെ. ആന്‍റണി അവസാനം കല്യാണം കഴിച്ചു. 1985 മാര്‍ച്ച് 17 -ാം തീയതിയായിരുന്നു വിവാഹം. പള്ളിയും പട്ടക്കാരനും കുര്‍ബ്ബാനയുമൊന്നുമില്ലാതെ ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍.

'മാതൃഭൂമി' റിപ്പോര്‍ട്ടറായി കല്യാണത്തില്‍ പങ്കെടുത്ത തനിക്ക് എല്ലാം ഒരു കൗതുകമായിരുന്നു. കാര്‍മികത്വം വഹിച്ചത് ഉമ്മന്‍ ചാണ്ടിയും ഭാര്യ മറിയാമ്മയും. രജിസ്ട്രാര്‍ വീട്ടിലെത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.


തികഞ്ഞ വിശ്വാസിയായ മറിയാമ്മയ്ക്കു സന്ദേഹം. ഒരു വാക്കു പ്രാര്‍ത്ഥിക്കാതെങ്ങനെ മിന്നുകെട്ടു നടത്തും ? മറിയാമ്മ നവവധു എലിസബത്തിനെയും കൂട്ടി മുകള്‍ നിലയിലേയ്ക്കു പോയി. ഒപ്പം ഉമ്മന്‍ ചാണ്ടിയുടെ ബന്ധുവായ അലക്സ് വള്ളക്കാലിയെയും കൂട്ടി. മൂവരും മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിച്ച് മടങ്ങിവന്നു. ഹ്രസ്വമായ ചടങ്ങില്‍ കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന എലിസബത്ത് എ.കെ ആന്‍റണിയുടെ ഭാര്യയായി.


എന്നിട്ടും ചെറിയാന്‍ ഫിലിപ്പ് കല്യാണം കഴിച്ചില്ല. ഇപ്പോഴും ചെറിയാന്‍ അവിവാഹിതന്‍ തന്നെ.

രാഷ്ട്രീയ ജീവിതത്തില്‍ എന്നും എപ്പോഴും ചെറിയാന്‍ ഫിലിപ്പ് എ.കെ. ആന്‍റണിയോടൊപ്പം തന്നെ നിന്നു. ആന്‍റണി കെ.പി.സി.സി അധ്യക്ഷനായിരുന്നപ്പോള്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊക്കെയും ചുക്കാന്‍ പിടിച്ചത് ചെറിയാന്‍ തന്നെ. ആന്‍റണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടമായിരുന്ന 1992 -ലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കാലത്തും.

താഴെ തലത്തിലുള്ള തെരഞ്ഞെടുപ്പുകളെല്ലാം പൂര്‍ത്തിയായി അവസാനം കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കു നിര്‍ണായകമായ തെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന സമയം.

കേരള രാഷ്ട്രീയം ഒരു പൊതു തെരഞ്ഞെടുപ്പു നടക്കുന്ന സമയത്തെന്നപോലെ ആകെ ചൂടുപിടിച്ചിരിക്കുന്നു. വയലാര്‍ രവിയാണ് എ.കെ. ആന്‍റണിക്കെതിരെ മത്സരിക്കുന്നത്. അതും കെ. കരുണാകരന്‍റെ സ്വന്തം സ്ഥാനാര്‍ത്ഥിയായി.

എന്നാലും അവസാന നിമിഷം വയലാര്‍ രവിയെ കരുണാകരന്‍ മത്സരത്തില്‍ നിന്നു പിന്‍വലിക്കുമെന്ന് ആന്‍റണിയും ഒപ്പമുള്ള നേതാക്കളും പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല.

ആന്‍റണിയുമായി ഒരു മത്സരത്തിനു തന്നെയായിരുന്നു കരുണാകരന്‍റെ പുറപ്പാട്. ആന്‍റണിയും കരുണാകരനും തമ്മില്‍ വര്‍ഷങ്ങളായി നടന്നുവന്ന പോരാട്ടത്തിന്‍റെ പരിസമാപ്തി കുറിക്കുന്ന മത്സരം. പക്ഷെ ആ കലഹം കരുണാകരനെ സ്ഥാനഭ്രഷ്ടനാക്കുന്നതുവരെ നീണ്ടു.

തിരുവനന്തപുരത്തെ പത്ര പ്രവര്‍ത്തകരൊക്കെയും ഉത്സാഹത്തോടെ രംഗത്തുണ്ട്. വാശിയേറിയ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍. ആന്‍റണിക്കുമേല്‍ വയലാര്‍ രവിയുടെ വിജയം. ആ വിജയം കരുണാകരന് അവകാശപ്പെട്ടതായിരുന്നു.

വര്‍ഷങ്ങളായി തുടര്‍ന്നുപോന്ന കരുണാകരന്‍ - ആന്‍റണി ദ്വന്ദയുദ്ധത്തില്‍ കരുണാകരന്‍റെ വിജയം. 1991 ലെ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തിലൂടെ മുഖ്യമന്ത്രിയായ കരുണാകരന്‍റെ കരുത്തിനു മാറ്റു കൂട്ടുന്ന വിജയം.


വൈകുന്നേരം പത്രപ്രവര്‍ത്തകര്‍ക്ക് ചെറിയാന്‍ ഫിലിപ്പിന്‍റെ ഒരു ഫോണ്‍. കെ.പി.സി.സി ഓഫീസിലാണ് ചെറിയാന്‍. "ഫോട്ടോഗ്രാഫറെ എളുപ്പം വിടണം. സ്ഥാനമൊഴിഞ്ഞ എ.കെ ഓട്ടോയില്‍ വീട്ടിലേയ്ക്കു പോകാന്‍ തയ്യാറാവുകയാണ്" - ചെറിയാന്‍റെ ഹ്രസ്വമായ സന്ദേശം.


ഞാന്‍ കെ.പി.സി.സിയിലേയ്ക്ക് വിട്ടു. 'ഇന്ത്യാടുഡേ' ലേഖകനായിരുന്ന എനിക്ക് ഇങ്ങനെ ദൈനംദിന റിപ്പോര്‍ട്ടിങ്ങ് വേണ്ടതില്ല. എങ്കിലും ചെറിയാന്‍ ഫിലിപ്പ് വിളിച്ചതല്ലേ, പോകാമെന്നു കരുതി. പത്രക്കാരും ഫോട്ടോഗ്രാഫര്‍മാരുമൊക്കെയായി വലിയ തിരക്ക്. ഞങ്ങളുടെ ഫോട്ടോഗ്രാഫര്‍ ശങ്കര്‍ നേരത്തേ സ്ഥലംപിടിച്ചിട്ടുണ്ട്.

പ്രസിഡന്‍റ് സ്ഥാനം വയലാര്‍ രവിക്കു കൈമാറിയ ആന്‍റണി വീട്ടിലേയ്ക്കു മടങ്ങാന്‍ ഇറങ്ങുകയാണ്. മടക്കയാത്രയ്ക്ക് ചെറിയാന്‍ ഫിലിപ്പ് തന്നെ ഓട്ടോ റിക്ഷാ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു. നിര്‍ണായക തെരഞ്ഞെടുപ്പില്‍ വയലാര്‍ രവിയോടു പരാജയപ്പെട്ട ആന്‍റണിയുടെ മടക്കയാത്ര വലിയ വാര്‍ത്തയാക്കാന്‍ ചെറിയാന്‍ കണ്ടുപിടിച്ച തന്ത്രം.

ഓട്ടോയ്ക്കടുത്തേക്കു നടന്ന ആന്‍റണിയെ തടയാന്‍ വിവര്‍ണമായ മുഖത്തോടെ പുതിയ പ്രസിഡന്‍റ് വയലാര്‍ രവിയുടെ ശ്രമം. തെല്ലും വകവയ്ക്കാതെ നടന്നു നീങ്ങുന്ന ആന്‍റണി. ഓട്ടോയില്‍ കയറി പത്രക്കാരോടു യാത്ര പറയുന്ന ആന്‍റണിയുടെയടുത്ത് വിഷണ്ണനായി വയലാര്‍ രവി.

എന്‍റെ സ്വന്തം കാറില്‍ പോകൂ എന്ന വയലാര്‍ രവിയുടെ ദയനീയമായ അപേക്ഷ കേള്‍ക്കാതെ ആന്‍റണിയെയും വഹിച്ച് ഓട്ടോറിക്ഷാ മുന്നോട്ട്. തന്‍റെ ഗുരുവിനു വേണ്ടി ഇത്ര ഗംഭീരമായൊരു ഫോട്ടോ സന്ദര്‍ഭം ഒരുക്കാന്‍ ചെറിയാന്‍ ഫിലിപ്പിനല്ലാതെ ആര്‍ക്കു കഴിയും ?

ആന്‍റണി പക്ഷത്തിന്‍റെ പേരുതന്നെ എ.കെ ആന്‍റണിയെ കേന്ദ്രീകരിച്ചാണെങ്കിലും ഗ്രൂപ്പിന്‍റെ നടത്തിപ്പു ചുമതല മുഴുവന്‍ ചെറിയാന്‍ ഫിലിപ്പിനായിരുന്നു. ഗ്രൂപ്പു യോഗം വിളിക്കലും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കലുമൊക്കെ ചെറിയാന്‍റെ ചുമതല. പക്ഷെ സ്വന്തമായൊരു സീറ്റ് കണ്ടുപിടിക്കാനും മത്സരിച്ചു ജയിക്കാനും ചെറിയാനു കഴിഞ്ഞില്ല.

അവസാനം എപ്പോഴും ഗ്രൂപ്പിന്‍റെ ആളായ ഉമ്മന്‍ ചാണ്ടിയുമായി ചെറിയാന്‍ അകന്നു. ഒരു നിര്‍ണായക ഗ്രൂപ്പ് യോഗം നടന്നത് ചെറിയാന്‍ അറിയാതെ. അതോടെ ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ ചാണ്ടിയോടകന്നു. പിന്നെ കെ. കരുണാകരനുമായി അടുപ്പം കൂടി. അതൊരു വലിയ ബന്ധമായി മാറി.

തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനു പിന്നില്‍ പാരീസ് ലെയ്നിലെ വലിയ വീട്ടില്‍ അധികാരമെല്ലാം വിട്ട് കരുണാകരന്‍ താമസിക്കുമ്പോള്‍ ഏറ്റവും അടുത്ത തുണ ചെറിയാന്‍ ഫിലിപ്പായിരുന്നു. കരുണാകരന്‍റെ മകള്‍ പത്മജയുമായും അടുത്ത ചങ്ങാത്തമായി.

പതിയെ കോണ്‍ഗ്രസില്‍ നിന്നും ചെറിയാന്‍ ഫിലിപ്പ് അകന്നു. അന്നത്തെ പ്രധാന ശത്രു ഉമ്മന്‍ ചാണ്ടി തന്നെ. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയാന്‍ ഫിലിപ്പ് ഇടതു സ്ഥാനാര്‍ത്ഥിയായി പുതുപ്പള്ളിയില്‍ നിന്നു.

ആന്‍റണി ഗ്രൂപ്പിലും കോണ്‍ഗ്രസിലും അതുവരെ ഒപ്പമുണ്ടായിരുന്ന സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ. ജയിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ല. ഒരു തെരഞ്ഞെടുപ്പിലും ജയിച്ചുകയറാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല.


സി.പി.എമ്മില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായിട്ടായിരുന്നു ചെറിയാന്‍ ഫിലിപ്പിന്‍റെ സൗഹൃദം.പാര്‍ട്ടി നേതാക്കളുമായോ സഖാക്കളുമായോ വ്യക്തിപരമായി അത്ര വലിയ അടുപ്പം കാണിക്കാത്ത പിണറായി ചെറിയാന്‍ ഫിലിപ്പുമായി നല്ല സൗഹൃദം പുലര്‍ത്തി.


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് സൗസില്‍ എപ്പോള്‍ വേണമെങ്കിലും കയറിചെല്ലാനുള്ള സ്വാതന്ത്ര്യവും ചെറിയാനുണ്ടായിരുന്നു. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം കിട്ടി അദ്ദേഹത്തിന്. ഒന്നാം പിണറായി സര്‍ക്കാരില്‍ നവ കേരള മിഷന്‍ തലവനായിട്ടായിരുന്നു നിയമനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ പ്രാധാന്യം കൊടുത്തിരുന്ന മേഖലയാണിത്. ഇത്തവണ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം കൊടുത്തെങ്കിലും അത് തിരസ്കരിക്കുകയായിരുന്നു.

എപ്പോഴും രാഷ്ട്രീയക്കാരനായിരുന്ന ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയ സ്ഥാനമാണാഗ്രഹിച്ചത്. കോണ്‍ഗ്രസിലിരുന്നപ്പോള്‍ എം.എല്‍.ഏയോ മന്ത്രിയോ ആകാന്‍ കഴിഞ്ഞില്ല. സി.പി.എമ്മിലായിരുന്നപ്പോഴും. അവസാന പ്രതീക്ഷ ഒരു രാജ്യസഭാ സീറ്റായിരുന്നു. അതും നടന്നില്ല.


രാഷ്ട്രീയ സ്ഥാനങ്ങളല്ലാതെ ഒന്നും ചെറിയാന്‍ ആഗ്രഹിച്ചിട്ടില്ല. ഒന്നും നേടിയിട്ടുമില്ല. അതുകൊണ്ടുതന്നെയാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് "മോഹമുക്തനായ കോണ്‍ഗ്രസുകാരനെന്ന്" ചെറിയാനെ വിശേഷിപ്പിച്ചത്.


ഇനി സി.പി.എമ്മുമായി ചെറിയാന്‍ ഫിലിപ്പിന് ബന്ധമൊന്നുമില്ല. ഇടതുപക്ഷ സഹയാത്രികന്‍ എന്ന വിശേഷണവും അദ്ദേഹത്തിന് വേണ്ട. എം.എ ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ അദ്ദേഹം ഇന്ന് വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. എന്തുകൊണ്ടോ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിളിച്ചില്ല.

കോണ്‍ഗ്രസില്‍ നിന്നും 2001 ല്‍ പടിയിറങ്ങിയ ചെറിയാന്‍ ഫിലിപ്പ് മടക്കയാത്ര തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസുകാരും കാത്തിരിക്കുന്നു.

allum mullum
Advertisment