Advertisment

കേരളത്തിനെന്തിനാ അതിവേഗ റെയില്‍പ്പാത എന്നാണ് ഇപ്പോള്‍ ചില ദേശീയ പാര്‍ട്ടികളുടെ കുറെ കേരള നേതാക്കളുടെ ചോദ്യം. അഹമ്മദാബാദില്‍ നിന്നും മുംബൈയിലേയ്ക്ക് ഒരു അതിവേഗ റെയില്‍പ്പാതയുടെ പണി തുടങ്ങിയതിവരറിഞ്ഞോ ? ഗുജറാത്തിലായിക്കോട്ടെ, കേരളത്തിന് പറ്റില്ലത്രെ ! കൊള്ളാം... ലോകമെങ്ങും തൊഴിലിന്‍റെ രൂപവും ഭാവവും മാറുകയാണ്. 2020 -ല്‍ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജില്‍ വന്നത് 82 സ്ഥാപനങ്ങളാണെങ്കില്‍ ഇക്കൊല്ലമത് 124 ആണ്. പ്രതിവര്‍ഷ ശമ്പളം മൂന്നര ലക്ഷത്തില്‍ നിന്നും 7 ആയി ഉയര്‍ന്നു - ആ മാറ്റങ്ങള്‍ക്ക് പിന്നില്‍ കിഫ്ബിയുമുണ്ട് - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

"കിഫ്ബി നിയമ വിരുദ്ധമാണ്. ഭരണഘടനാ വിരുദ്ധമാണ്," ബി.ജെ.പി നേതാവും വക്താവുമായ അഡ്വ. ജയസൂര്യന്‍ ആക്രോശിക്കുകയാണ്. "ഇങ്ങനെ കടമെടുത്താല്‍ എങ്ങനെ വീട്ടും ? കടമെടുത്തു കേരളം മുടിയുകയല്ലേ ?" ജയസൂര്യന്‍ കത്തിക്കയറി.

മലയാളി മനസിന്‍റെ ഉള്ളിലേയ്ക്കു ചൂഴ്ന്നു കയറുന്ന ചോദ്യങ്ങള്‍. ബി.ജെ.പി നേതാവിന്‍റേതാണു ചോദ്യങ്ങള്‍ എന്നതല്ല പ്രധാനം. ഒരു മലയാളിയുടേതാണ് ഈ ചോദ്യങ്ങള്‍ എന്നതു തന്നെ. കേരളത്തില്‍ ജനിച്ച് ഇവിടെ പഠിച്ച് ഇവിടുത്തെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് ഇവിടെ നേതാവായവര്‍.

ഉത്തരം പറയാന്‍ ഞാന്‍ വെമ്പി. ആങ്കര്‍ അജിംഷാദിന് എന്‍റെ താല്‍പ്പര്യം വേഗം മനസിലായി. അജിംഷാദ് എനിക്കു നേരെ കൈ നീട്ടി.

കിഫ്ബി വഴി ഇങ്ങനെ കടമെടുത്തു കൂട്ടിയാല്‍ കേരളം എവിടെച്ചെന്നു നില്‍ക്കുമെന്നാണ് അഡ്വ. ജയസൂര്യന്‍റെ ചോദ്യം. വേദി പീപ്പിള്‍ ടെലിവിഷന്‍ ചാനലിന്‍റെ 12 -ാം തീയതിയിലെ എട്ടുമണി ചര്‍ച്ചാ വേദി. സി.പി.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണനും ധനതത്വ വിദഗ്ദ്ധന്‍ ഡോ. മാര്‍ട്ടിന്‍ പാട്രിക്കുമാണ് ചര്‍ച്ചയിലെ മറ്റു രണ്ടുപേര്‍.

publive-image

കിഫ്ബിക്കെതിരെ ആഞ്ഞടിച്ച സി.എ.ജി റിപ്പോര്‍ട്ടാണു വിഷയം. കിഫ്ബി പണം സമാഹരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നതാണ് സി.എ.ജി റിപ്പോര്‍ട്ടിലെ പ്രധാന വാദം. ബജറ്റിനു പുറത്ത് നിന്നു കിഫ്ബി വായ്പ്പയെടുക്കുന്നു. ഈ വായ്പ്പയുടെ പേരില്‍ കിഫ്ബിക്ക് നിയമസഭയില്‍ ഉത്തരം പറയേണ്ടതില്ല. നിയമമനുസരിച്ച് ഒരു സംസ്ഥാനത്തിന് എടുക്കാന്‍ കഴിയുന്ന പൊതു വായ്പ്പാപരിധിക്കപ്പുറത്തേയ്ക്കാണു കിഫ്ബി കടക്കുന്നത്. അതു നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍.

മുമ്പും സി.എ.ജി ഇതേ കണ്ടെത്തലുമായി റിപ്പോര്‍ട്ടവതരിപ്പിച്ചിരുന്നു. അന്നത്തെ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ സംസ്ഥാന നിയമസഭ ചര്‍ച്ച ചെയ്ത് തള്ളിയതാണെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ വിശദമാക്കിയിരുന്നു. സി.എ.ജിയുടെ വാദങ്ങളുടെ ചുവടുപിടിച്ചു തന്നെയായിരുന്നു അഡ്വ. ജയസൂര്യന്‍റെ മുന്നേറ്റം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നേതാവാണ് അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്‍റെ ഒരു സ്ഥാപനമാണ് സി.എ.ജി.

ഇനി ജയസൂര്യന്‍റെ ചോദ്യത്തിലേയ്ക്ക്. കിഫ്ബി ഇങ്ങനെ കടമെടുത്തു കൂട്ടിയാല്‍ എങ്ങനെ വീട്ടും ? അതിനെന്തെങ്കിലും വ്യവസ്ഥയുണ്ടോ ? വ്യവസ്ഥകള്‍ ഇഷ്ടംപോലെയുണ്ടല്ലോ എന്നു പറഞ്ഞ് ഞാന്‍ തുടങ്ങി. 'ഇതിനു ചട്ടങ്ങളും വ്യവസ്ഥകളും ഉണ്ടാക്കിയിട്ടുണ്ട്. അതി പ്രഗത്ഭരായ ഉദ്യോഗസ്ഥര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട് ' - ഞാന്‍ ചൂണ്ടിക്കാട്ടി.

കിഫ്ബിയുടെ തലപ്പത്തിരിക്കുന്നത് ഡോ. കെ.എം എബ്രഹാമാണ്. കേരളത്തിന്‍റെ മുന്‍ ചീഫ് സെക്രട്ടറി. പ്രഗത്ഭരില്‍ പ്രഗത്ഭനായ ഉദ്യോഗസ്ഥന്‍. എഞ്ചിനീയറിങ്ങ് ബിരുദത്തില്‍ തുടങ്ങി ഡോക്ടറേറ്റും ലോകത്തിലെ ഏറ്റവും മികവുള്ള ഫൈനാന്‍ഷ്യല്‍ ബിരുദങ്ങളും മതി അദ്ദേഹത്തെ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ മുന്‍നിരയില്‍ നിര്‍ത്താന്‍.

publive-image

ഇതിനും പുറമേ ബ്ലോക്ക് ചെയിന്‍, ആര്‍ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡേറ്റാ മാനേജ്മെന്‍റ് എന്നിങ്ങനെ ഏറ്റവും ആധുനികമായ സാങ്കേതിക വിഷയങ്ങളില്‍ നേടിയ പരിജ്ഞാനവും. അതും ലോകോത്തര സര്‍വകലാശാലകളില്‍ നിന്ന്. അന്നു ധന മന്ത്രിയായിരുന്നത് ധന തത്വശാസ്ത്രജ്ഞന്‍ കൂടിയായ ഡോ. തോമസ് ഐസക്കും.

ഇനി ചട്ടവും വ്യവസ്ഥയും എന്തൊക്കെ ? ഇന്ധന നികുതി, മോട്ടോര്‍ വാഹന സെസ് എന്നിങ്ങനെ സംസ്ഥാന സര്‍ക്കാര്‍ പിരിക്കുന്ന ചില നികുതിയിനങ്ങളില്‍ ഒരു നിശ്ചിത ശതമാനം നേരിട്ട് കിഫ്ബി അക്കൗണ്ടിലേയ്ക്കു പോകും. കിഫ്ബി വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി എടുക്കുന്ന വായ്പ്പകള്‍ തിരിച്ചടയ്ക്കാന്‍ വേണ്ടിയുള്ള നിയമപരമായൊരു ചട്ടക്കൂടാണിത്.

ഇനി കേരളം കടമെടുത്തു മുടിയുകയാണെന്ന അഡ്വ. ജയസൂര്യന്‍റെ വാദത്തെപ്പറ്റി. അദ്ദേഹത്തിന് ഒരുദാഹരണം ചൂണ്ടിക്കാണിച്ചു കൊടുക്കാം. കേരളത്തിലെ പൊതു വിദ്യാലയങ്ങളൊക്കെയും ഹൈടെക്ക് ആക്കിയിരിക്കുന്നു. കിഫ്ബിയുടെ ധനസഹായം വഴിയാണ് സ്കൂളുകളൊക്കെ ഹൈടെക്ക് ആയത്. സ്കൂള്‍ വിദ്യാഭ്യാസം സൗജന്യമാണ്. പിന്നെങ്ങനെ കൊടുത്ത കടം തിരിച്ചു പിടിക്കും ?

കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകള്‍ക്ക് എപ്പോഴും മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. അതിന്‍റെ പ്രയോജനം എപ്പോഴും കേരളത്തിന്‍റെ ഇളം തലമുറകള്‍ക്കു കിട്ടിയിട്ടുമുണ്ട്.


നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കാനാണ് കിഫ്ബി വായ്പ്പയെടുത്ത് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നത്. അവര്‍ നല്ല വിദ്യാഭ്യാസം നേടിയാല്‍ അവരുടെ കുടുംബങ്ങളുടെ നിലവാരം മെച്ചപ്പെടും. അതിലൂടെ നാടിന്‍റെ നില മെച്ചപ്പെടും. കടമെടുത്തു നാടു മുടിക്കുകയല്ല, കടമെടുത്തു നാടിനെ വളര്‍ത്തുകയാണു ചെയ്യുന്നത്.


സാമ്പത്തിക വിദഗ്ദ്ധന്‍ മാര്‍ട്ടിന്‍ പാട്രിക്ക് പറഞ്ഞു വെച്ചത് മറ്റൊരു വലിയ കാര്യം. കേന്ദ്ര സര്‍ക്കാരും കിഫ്ബിയെപ്പോലെ ബജറ്റിനു പുറത്ത് പണം കടമെടുക്കുന്നുണ്ട്. ധനക്കമ്മിക്കു പുറത്തേ വായ്പ്പ ഇതുവരെ 1.86 ലക്ഷം കോടിരൂപ ! മറ്റു ചില സംസ്ഥാനങ്ങളും ഇങ്ങനെ ബജറ്റിനു പുറത്ത് വായ്പ്പയെടുത്തിട്ടുണ്ട്. അങ്ങനെയിരിക്കെ, കിഫ്ബി മാത്രം ഭരണഘടനാ ലംഘനം നടത്തി എന്നു സി ആന്‍റ് എജി പറയുന്നതെങ്ങനെ ?

അപ്പോള്‍ എന്‍റെ ചോദ്യം. ഇന്ത്യാ മഹാരാജ്യത്തിന് ഒരു ഭരണഘടനയല്ലേയുള്ളൂ ? കേന്ദ്രത്തിന് ഒരു ഭരണഘടന, കേരളത്തിന് മറ്റൊന്ന്, സംസ്ഥാനങ്ങള്‍ക്ക് വേറെ, എന്നിങ്ങനെയുണ്ടോ ?

വിദ്യാഭ്യാസത്തിന്‍റെ ഒരു നേട്ടം കൂടി ഞാന്‍ എടുത്തുകാട്ടി. ഞാന്‍ പഠിച്ച കോഴഞ്ചേരി സെന്‍റ് തോമസ് കോളജിലെ 1968 ബാച്ച് ബി.കോം ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളുടെ കാര്യം. 35 കുട്ടികള്‍ക്കായിരുന്നു ആദ്യ ബാച്ചില്‍ സൗകര്യം. ഡിമാന്‍റ് കൂടിയപ്പോള്‍ ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍ പ്രൊഫസര്‍ മാത്യൂസ് സി. വര്‍ഗീസ് കേരള സര്‍വകലാശാലയിലെത്തി പത്തു സീറ്റ് കൂടി സമ്പാദിച്ചു കൊണ്ടുവന്നു. അങ്ങനെ ആകെ 45 കുട്ടികള്‍.

ആദ്യ ബാച്ചിലെ 35 കുട്ടികള്‍ക്കും ഗള്‍ഫ് നാടുകളിലും അമേരിക്കയിലും മറ്റും മികച്ച ജോലി കിട്ടി. ആദ്യത്തെ അഞ്ചു ബാച്ചിലെ മുഴുവന്‍ കുട്ടികള്‍ക്കും പാസായ ഉടനെതന്നെ വിദേശത്തു ജോലി കിട്ടി. അധികവും ഗള്‍ഫ് നാടുകളില്‍. ഞാന്‍ ഉത്സാഹത്തോടെ പറഞ്ഞപ്പോള്‍ ജയസൂര്യന് പരിഹാസച്ചിരി. ഈ കേരളത്തില്‍ ആര്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ കഴിഞ്ഞോ എന്ന് അദ്ദേഹത്തിന്‍റെ ചോദ്യം.

ഇന്നത്തെ പത്രത്തിലെ വാര്‍ത്ത കണ്ടോ എന്ന് എന്‍റെ മറുചോദ്യം. "കാമ്പസുകളില്‍ വട്ടമിട്ട് ഐ.ടി കമ്പനികള്‍" എന്ന 'മാതൃഭൂമി' റിപ്പോര്‍ട്ടാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. ഐ.ടി കമ്പനികളുടെ റിക്രൂട്ട്മെന്‍റ് 40 മുതല്‍ 50 ശതമാനം വരെ ഉയര്‍ന്നിരിക്കുന്നുവെന്ന് രതീഷ് രവിയുടെ റിപ്പോര്‍ട്ട്. കമ്പനികളുടെ എണ്ണവും കൂടിയിരിക്കുന്നു.


2020 -ല്‍ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജില്‍ വന്നത് 82 സ്ഥാപനങ്ങളെങ്കില്‍ ഇക്കൊല്ലം എത്തിയത് 124 എണ്ണം. അധികവും വിദേശ കമ്പനികള്‍. ശമ്പളവും കൂടിയിരിക്കുന്നു. പ്രതിവര്‍ഷ ശമ്പളം മൂന്നര ലക്ഷം രൂപ വരെയായിരുന്നത് ഇപ്പോള്‍ അഞ്ചു ലക്ഷം മുതല്‍ ഏഴു ലക്ഷം വരെയായിരിക്കുന്നു.


കൊല്ലം ടി.കെ.എം എഞ്ചിനിയറിങ്ങ് കോളജിലെ ഒരു വിദ്യാര്‍ത്ഥിക്ക് 'വെര്‍ച്യൂസാ' എന്ന സ്ഥാപനം വാഗ്ദാനം ചെയ്തത് 33 ലക്ഷം രൂപാ ! 'വെര്‍ച്യൂസാ' അമേരിക്കന്‍ സ്ഥാപനമാണ്.

വിദേശ സ്ഥാപനങ്ങളെന്നു കേട്ടപ്പോള്‍ ജയസൂര്യനു പിന്നെയും ചിരിപൊട്ടി. നാണമില്ലേ വിദേശ കമ്പനികള്‍ക്കു പിന്നാലേ ജോലിക്കു പോകാന്‍ എന്ന് അദ്ദേഹത്തിന്‍റെ ചോദ്യം. ഉയര്‍ന്ന ശമ്പളം വാങ്ങാന്‍ നമ്മുടെ മലയാളിക്കുട്ടികള്‍ എന്തിനു നാണിക്കണമെന്ന് എന്‍റെ ചോദ്യത്തോടെ അജിം ഷാദ് ഒരു മണിക്കൂര്‍ ചര്‍ച്ച അവസാനിപ്പിച്ചു.

അറുപതുകളില്‍ നഴിസിങ്ങ് പാസായി ജര്‍മ്മനിയിലും മറ്റും ജോലിതേടി പോയ നമ്മുടെ മലയാളി പെണ്‍കുട്ടികളെ ഞാനോര്‍ത്തു. പിന്നീട് ഗള്‍ഫ് കുടിയേറ്റം. കേരളത്തിലെ പ്രധാന ഗള്‍ഫ് പോക്കറ്റുകളിലൊന്നായ കോഴഞ്ചേരി-തിരുവല്ലാ പ്രദേശത്ത് സമ്പന്നതയുടെ പൊന്‍തിളക്കം കാണാം. കേരളത്തില്‍ എവിടെയും ഇന്നു കാണുന്ന പച്ചപ്പിന്‍റെ രഹസ്യം പ്രധാനമായും ഗള്‍ഫ് നാടുകളില്‍ മലയാളികള്‍ അധ്വാനിച്ചുണ്ടാക്കിയ പണം തന്നെ.

publive-image

ഇപ്പോഴത്തെ പിണറായി ഗവണ്‍മെന്‍റ് അധികാരമേറ്റപ്പോള്‍ത്തന്നെ ആരംഭം കുറിച്ച നോളജ് ഇക്കണോമിയെയും ഞാന്‍ പരാമര്‍ശിച്ചു. ലോകമെങ്ങും തൊഴിലിന്‍റെ രൂപവും ഭാവവും മാറുകയാണ്. അതനുസരിച്ച് നമ്മുടെ കുട്ടികളെ പുതിയ തൊഴിലുകള്‍ പഠിപ്പിക്കാനുള്ള യജ്ഞമാണത്. ഡോ. കെ.എം. എബ്രഹാം, ഡോ. പി.വി. ഉണ്ണികൃഷ്ണന്‍ എന്നിങ്ങനെയുള്ളവരാണ് ഈ പദ്ധതിയുടെ തലപ്പത്തെന്നും ഞാന്‍ വിശദീകരിച്ചു.

കിഫ്ബിയുടെ വലിയ നേട്ടങ്ങള്‍ക്ക് ഒരുദാഹരണം കൂടി ഞാന്‍ എടുത്തു കാട്ടി. കാസര്‍കോട്ടുനിന്നു തിരുവനന്തപുരം വരെ അതിവേഗം ഓടുന്ന കെ-റെയില്‍ പദ്ധതി കേരളത്തിന്‍റെ ഒരറ്റത്തുനിന്ന് നാലോ അഞ്ചോ മണിക്കൂര്‍ കൊണ്ട് മറ്റേ അറ്റത്തെത്തുന്ന അതിവേഗ പാത.

പക്ഷെ കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷന്‍ ചോദിക്കുന്നതു കേട്ടു - കേരളത്തിനെന്തിനാ അതിവേഗ റെയില്‍വേ ? കേരളത്തിനെന്തിനാ ചെലവുകൂടിയ വന്‍ പദ്ധതികള്‍ ? ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റും ചോദിച്ചു - കേരളത്തിനെന്തിനാ അതിവേഗ റെയില്‍പ്പാത ?

ഗുജറാത്തിന്‍റെ തലസ്ഥാനമായ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേയ്ക്ക് ഒരു അതിവേഗ റെയില്‍പ്പാത പണിയാന്‍ നടപടികള്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. അതു ഗുജറാത്തല്ലേ ? ഗുജറാത്തിനാവാം അതിവേഗ റെയില്‍പ്പാത. കേരളത്തിനെന്തിനാ അതിവേഗപ്പാത ? കേരളത്തിനെന്തിനാ ഹൈടെക്ക് പള്ളിക്കുടങ്ങള്‍ ? കോരനു കഞ്ഞി കുടിക്കാന്‍ കുമ്പിള്‍ പോരേ ?

allum mullum
Advertisment