Advertisment

തൊണ്ണൂറുകളില്‍ കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കിയ തിരുത്തല്‍ വാദി പ്രസ്ഥാനം ! തിരുത്തൽവാദികളിൽ ചാണക്യന്‍ എം ഐ ഷാനവാസായിരുന്നു ! തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിനടുത്ത് ഷാനവാസ് ഒരു വീടെടുത്തിരുന്നു. തലസ്ഥാനത്തെത്തിയാല്‍ താമസിക്കാന്‍ മാത്രമല്ല, രഹസ്യ ഗൂഢാലോചന നടത്താനും ഈ വീട് ഉപയോഗിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ അതി സങ്കീര്‍ണമായ ഒരു അധ്യായത്തിനു തന്ത്രപരമായ നേതൃത്വം നല്‍കിയ ഷാനവാസ് തുടര്‍ച്ചയായി അഞ്ചു തവണ പരാജയപ്പെട്ടിരുന്നു ! 2009 ലോക്സഭാ തെര‍‍ഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിച്ച എം.ഐ ഷാനവാസ് ഈ പരാജയങ്ങള്‍ക്കൊക്കെ പകരം വീട്ടി. എം.ഐ ഷാനവാസ് എന്ന തന്ത്രശാലി - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

ജി. കാര്‍ത്തികേയന്‍, എം.ഐ ഷാനവാസ്, രമേഷ് ചെന്നിത്തല - 1990 -കളില്‍ കോണ്‍ഗ്രസിലെ സര്‍വാധിപതിയായിരുന്ന കെ. കരുണാകരനെ വെല്ലുവിളിച്ച മൂവര്‍ സംഘം. അതില്‍ സ്വന്തം തന്ത്രങ്ങളും കൗശലങ്ങളുമൊക്കെ ആയുധമാക്കി കരുണാകരനെ കുരുക്കാന്‍ രാപ്പകലെന്യെ അദ്ധ്വാനിച്ച ഷാനവാസ്.

2018 നവംബര്‍ 21 -ന് പാന്‍ക്രിയാസ് സംബന്ധമായ രോഗത്തെ തുടര്‍ന്ന് 67 -ാം വയസില്‍ അന്തരിച്ച ഷാനവാസിനെ അനുസ്മരിക്കാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന സമ്മേളനം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സംഭാവനകളെ സൂഷ്മമായിത്തന്നെ വിലയിരുത്തി. മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍ എം.പി എന്നിവരായിരുന്നു പ്രധാന പ്രസംഗകര്‍.

തൊണ്ണൂറുകളില്‍ കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കിയ തിരുത്തല്‍ വാദി പ്രസ്ഥാനം, അതില്‍ എം.ഐ ഷാനവാസ് നടത്തിയ തന്ത്രപരമായ നീക്കങ്ങള്‍, ആ രാഷ്ട്രീയത്തില്‍ 'ഇന്ത്യ ടുഡേ' വാരികയുടെ പ്രസക്തി, പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ വഹിച്ച പങ്ക് എന്നിവയെല്ലാം കണക്കിലെടുത്താണ് ഈ കുറിപ്പ്.

കോണ്‍ഗ്രസില്‍ ഒരു വലിയ ആരവത്തോടെ ആന്‍റണി പക്ഷം രൂപമെടുത്ത ശേഷം ഉണ്ടായൊരു മുന്നേറ്റമാണ് തിരുത്തല്‍ വാദം. അറുപതുകളില്‍ മുളച്ചു പൊന്തിയ ആന്‍റണപക്ഷം യുവാക്കളുടെ ഒരു മുന്നേറ്റമായിരുന്നു. കെ.എസ്.യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും രൂപപ്പെടുത്തിയെടുത്ത എം.എ ജോണിനു തന്നെയായിരുന്നു അതിന്‍റെ മുഴുവന്‍ ക്രഡിറ്റും.

കോണ്‍ഗ്രസിലെ പ്രായമുള്ള നേതാക്കളെയൊക്കെ പുറംതള്ളി യുവാക്കള്‍ പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും താക്കോല്‍ സ്ഥാനങ്ങള്‍ കൈയടക്കണമെന്നായിരുന്നു എം.എ ജോണിന്‍റെ ആഹ്വാനം. തിരുത്തല്‍ വാദികളാവട്ടെ, തങ്ങളുടെ എതിര്‍പ്പ് കെ. കരുണാകരനു നേരേ തിരിച്ചു. 1991 -ല്‍ സര്‍വപ്രതാപിയായി അധികാരത്തിലെത്തിയ കെ. കരുണാകരനെ എന്തു വില കൊടുത്തും താഴെയിറക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു അവര്‍.

publive-image

തിരുത്തല്‍ വാദികളുടെ മുന്നേറ്റത്തെക്കുറിച്ചു തീപാറുന്ന റിപ്പോര്‍ട്ടുകള്‍ കൊടുക്കാന്‍ മലയാളത്തിലെ 'ഇന്ത്യാ ടുഡേ' തന്നെയായിരുന്നു മുന്നില്‍. ഒക്കെയും മൂര്‍ച്ചയുള്ള റിപ്പോര്‍ട്ടുകള്‍. ജി. കാര്‍ത്തികേയന്‍റെ അതിഗംഭീരമായ പ്രസംഗങ്ങള്‍ക്ക് ആയിരങ്ങള്‍ കാതോര്‍ത്തിരുന്ന കാലം. അതുവരെ ലീഡറോടൊപ്പം ഒരേ ഇലയില്‍ ഇഡ്‌ലി കഴിക്കാന്‍ വരെ അവകാശമുണ്ടായിരുന്ന രമേശ് ചെന്നിത്തല തിരുത്തല്‍ വാദിയായി മുമ്പില്‍ത്തന്നെ.

ഞങ്ങള്‍ തിരുവനന്തപുരത്തെ പത്രക്കാര്‍ക്കും തിരുത്തല്‍ വാദികളുടെ മുന്നേറ്റം ഹരമായി. ഇതില്‍ ചാണക്യന്‍ ഷാനവാസാണ്. 'ഇന്ത്യാ ടുഡേ' ലേഖകനായി കേരളമൊട്ടാകെ ഓടി നടന്നിരുന്ന ഞാന്‍ ഷാനവാസിനെ കണ്ടിരുന്നത് കൊച്ചിയില്‍ വെച്ചാണ്. അന്ന് ഞാന്‍ താമസിച്ചിരുന്നത് സൗത്ത് ജങ്ഷനിലെ അവന്യു റീജന്‍റ് ഹോട്ടലില്‍.

കൊച്ചിയിലെത്തുമ്പോഴൊക്കെ ഷാനവാസ് ഹോട്ടല്‍ മുറിയില്‍ വരും. ആര്‍ക്കും പിടികൊടുക്കാത്ത കരുണാകരനെ തളയ്ക്കാന്‍ എപ്പോഴും പുതിയ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്ന ഷാനവാസ് സൂത്രങ്ങള്‍ എനിക്കു പറഞ്ഞുതരും.

തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിനടുത്ത് ഷാനവാസ് ഒരു വീടെടുത്തിരുന്നു. തലസ്ഥാനത്തെത്തിയാല്‍ താമസിക്കാന്‍ മാത്രമല്ല, രഹസ്യ ഗൂഢാലോചന നടത്താനും ഈ വീട് ഉപയോഗിച്ചിരുന്നു. കരുണാകരനെതിരെയുള്ള പല ഗൂഢാലോചനകളും രൂപമെടുത്തത് ഇവിടയാണ്.

publive-image

കെ. മുരളീധരന്‍ പാര്‍ട്ടിയില്‍ ശക്തികേന്ദ്രമായതില്‍ പ്രതിഷേധിച്ചാണ് തിരുത്തല്‍ വാദം ഉയര്‍ന്നത്. ക്രമേണ തിരുത്തല്‍ വാദികള്‍ ആന്‍റണി പക്ഷത്തോടു ചേര്‍ന്നു. അത് കരുണാകരനെതിരായ സമ്മര്‍ദത്തിന് ആക്കം കൂട്ടുകയും ചെയ്തു. എങ്കിലും കരുണാകരന്‍ കുലുങ്ങിയില്ല. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ്. പ്രധാന മന്ത്രിയാകട്ടെ സാക്ഷാല്‍ പി.വി നരസിംഹ റാവുവും.

1991 -ലാണ് നരസിംഹ റാവു പ്രധാന മന്ത്രിയായത്. 1991 -ല്‍ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം നെഹ്റു കുടുംബത്തില്‍ നിന്നു പുറത്തേയ്ക്കു പോവുകയായിരുന്നു. അതില്‍ നിര്‍ണായക പങ്കുവഹിച്ചത് കരുണാകരനും. അതുകൊണ്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കരുണാകരന്‍ കിങ്ങ് മേക്കറുമായി.

publive-image

തനിക്കെതിരെ ആന്‍റണി പക്ഷവും തിരുത്തല്‍ വാദികളും പടമുറുക്കിയപ്പോള്‍ കരുണാകരനും തന്ത്രങ്ങളിറക്കി. 1993 -ല്‍ പ്രധാനമന്ത്രി നരസിംഹ റാവു എ.കെ ആന്‍റണിയെ കേന്ദ്ര സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രിയാക്കി. പിന്നെ തിരുത്തല്‍ വാദികളോടു മുഖം തിരിച്ചു നില്‍ക്കുന്ന ആന്‍റണിയെയാണു കേരളം കണ്ടത്.

ആന്‍റണി പക്ഷത്തിന്‍റെ പിന്തുണയില്ലാതെ തിരുത്തല്‍ വാദികള്‍ക്കെന്തുചെയ്യാനാവും ? കരുണാകരനെതിരായ നീക്കങ്ങളുടെയൊക്കെയും ശക്തി ചോരുകയായിരുന്നു. ആന്‍റണി സിവില്‍ സപ്ലൈസ് മന്ത്രിയായതിനേ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസമെന്ന് സംസാരമുണ്ടായി. 'ഇന്ത്യാ ടുഡേ'യില്‍ വളരെ വിശദമായ റിപ്പോര്‍ട്ട്.

ആന്‍റണിയുടെ രാഷ്ട്രീയത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ആന്‍റണി രോഷം കോണ്ടു. പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് ഞാന്‍ ആന്‍റണിയെ കാണാതായി. 1995 -ല്‍ പഞ്ചസാര ഇറക്കുമതിയില്‍ പ്രതിഷേധിച്ച് ആന്‍റണി കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

publive-image

1994 -ല്‍ പൊട്ടിപ്പുറപ്പെട്ട ഐ.എസ്.ആര്‍.ഒ ചാരക്കേസ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായി. മാലി വനിത മറിയം റഷീദയുടെ അറസ്റ്റോ‍ടെയായിരുന്നു സംഭവബഹുലമായ രാഷ്ട്രീയ നാടകങ്ങള്‍ക്കു തുടക്കം. 1994 ഒക്ടോബര്‍ 20 -ാം തീയതിയായിരുന്നു മറിയം റഷീദയുടെ അറസ്റ്റ്. കരുണാകരനെതിരെ ആന്‍റണി പക്ഷം വീണ്ടും ആക്രമണം പ്രഖ്യാപിച്ചു. അതോടെ തിരുത്തല്‍ വാദികള്‍ക്കുത്സാഹമായി.

നിലപാടു തിരുത്തിക്കൊണ്ട് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ എ.കെ ആന്‍റണി എനിക്കെതിരെ തിരിഞ്ഞു. വാക്കേറ്റം കടുത്തപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ ചെറിയാന്‍ ഫിലിപ്പും ജി. എസ് ബാബുവും എത്തി പിടിച്ചു മാറ്റുകയായിരുന്നു. ചാരക്കേസിന്‍റെ പേരില്‍ ഞാന്‍ കരുണാകരനോടടുത്തു.

ഐ.എസ്.ആര്‍.ഒ ചാരക്കേസിന്‍റെ പേരില്‍ ആന്‍റണി പക്ഷവും തിരുത്തല്‍ വാദികളും അങ്കം കടുപ്പിച്ചപ്പോള്‍ കരുണാകരന്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടു. നീക്കങ്ങളുടെ നിയന്ത്രണം മുഴുവന്‍ ഉമ്മന്‍ ചാണ്ടിയുടെ കൈയില്‍. സഹായികളായി കാര്‍ത്തികേയനും ഷാനവാസും രമേശും. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. പിന്നെ എ.കെ. ആന്‍റണി മുഖ്യമന്ത്രി.

കേരള രാഷ്ട്രീയത്തിലെ അതി സങ്കീര്‍ണമായ ഒരു അധ്യായത്തിനു തന്ത്രപരമായ നേതൃത്വം നല്‍കിയ ഷാനവാസ് തുടര്‍ച്ചയായി അഞ്ചു തവണ പരാജയപ്പെട്ടിരുന്നു എന്ന കാര്യവും ഓര്‍ക്കണം. മൂന്നു തവണ നിയമസഭയിലേയ്ക്കും രണ്ടു തവണ ലോക്സഭയിലേയ്ക്കും.

പക്ഷെ 2009 ലോക്സഭാ തെര‍‍ഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിച്ച എം.എ ഷാനവാസ് ഈ പരാജയങ്ങള്‍ക്കൊക്കെ പകരം വീട്ടി. അവിടെ എതിരാളി കരുണാകരന്‍റെ മകന്‍ കെ. മുരളീധരന്‍. എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുരളീധരനെ 1,53,000 വോട്ടിനാണ് ഷാനവാസ് പരാജയപ്പെടുത്തിയത്. അതൊരു റിക്കാര്‍ഡ് വിജയവമായിരുന്നു. പിന്നീട് 2014 -ലും അദ്ദേഹം വയനാട്ടില്‍ നിന്നു തന്നെ മത്സരിച്ചു.

Advertisment