Advertisment

അങ്ങനെ വെറുമൊരു എം.പി മാത്രമാണോ ശശി തരൂര്‍ എന്നായിരുന്നു എന്‍റെ ചോദ്യം ? രമേശ് ചെന്നിത്തല പോലും പറഞ്ഞത് ശശി തരൂര്‍ ലോക പൗരനാണെന്നാണ് ! സില്‍വര്‍ ലൈന്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മുന്നണിക്കും വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നു ശശി തരൂരിനു നന്നായറിയാം. അതിനെ എതിര്‍ക്കുന്നത് പ്രതിപക്ഷത്തിന് ആത്മഹത്യാപരമാണെന്നും അദ്ദേഹത്തിനറിയാം. കൈരളി ചാനൽ ചർച്ചയിലെ ശശി തരൂർ... - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ലോക രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു നല്ല പരിചയവും അനുഭവ സമ്പത്തും നേടിയിട്ടുള്ള ശശി തരൂരിന് കേരള രാഷ്ട്രീയത്തിലെ ചെറിയ മനസുകളുടെ ചെറിയ കളികളോടു വലിയ താല്‍പര്യമില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അര്‍ഹതപ്പെട്ട അംഗീകാരം അദ്ദേഹത്തിനു കിട്ടാറുമില്ല. എങ്കിലും ശശി തരൂര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നില്‍ക്കുന്നു. ജനങ്ങള്‍ അദ്ദേഹത്തെ അംഗീകരിക്കുന്നു.

എം.എ യൂസഫ് അലിയുടെ ലുലു മാള്‍ തിരുവനന്തപുരത്ത് ഉല്‍ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ഇപ്പോഴും വിവാദമുയര്‍ത്തിക്കൊണ്ടിരിക്കുന്നു. തിങ്കളാഴ്ചത്തെ 'മാതൃഭൂമി' ദിനപ്പത്രത്തിന്‍റെ എഡിറ്റോറിയല്‍ പേജില്‍ തരൂര്‍ എഴുതിയ ലേഖനത്തിലെ അടിസ്ഥാനചിന്ത തന്നെ 'കണ്ണടച്ച് എതിര്‍ക്കുന്നത് ജനാധിപത്യ വിരുദ്ധം' എന്നാണ്. ലേഖനത്തിന്‍റെം തലക്കെട്ടും അതുതന്നെ.

തരൂരിന്‍റെ 'മാതൃഭൂമി' ലേഖനത്തില്‍ത്തന്നെ കൈരളി ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന്‍ കയറി പിടിച്ചു. രാത്രി എട്ടുമണി ചര്‍ച്ചയ്ക്ക് എന്നെയും വിളിച്ചു. ശശി തരൂര്‍ തന്നെ വിഷയം. ഞാന്‍ സമ്മതിച്ചു.

ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് എ.എ റഹിം, 'വീക്ഷണം' മുന്‍ എഡിറ്റര്‍ എന്‍. ശ്രീകുമാര്‍, ലാല്‍കുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍.

ശ്രീകുമാര്‍ വളരെ സംയമനം പാലിച്ചുതന്നെയാണ് സംസാരിച്ചത്. തരൂര്‍ കോണ്‍ഗ്രസിന്‍റെ നയപരിപാടികളോടു ചേര്‍ന്നു നിന്നുകൊണ്ടാണു കാര്യങ്ങള്‍ വിശദീകരിച്ചതെന്ന് അദ്ദേഹം വിദഗ്ദ്ധമായി സമര്‍ത്ഥിച്ചു. 'മാതൃഭൂമി' ലേഖനത്തില്‍ ഒരു കളവും കണ്ടെത്താനില്ലെന്നും അദ്ദേഹം പറഞ്ഞുവെച്ചു. 'നിവേദനത്തില്‍ ഒപ്പിട്ടില്ല എന്നതിനര്‍ത്ഥം ഞാന്‍ ആ പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നല്ല' എന്ന തരൂരിന്‍റെ വാചകം എടുത്തു കാട്ടി ശ്രീകുമാര്‍ ശക്തമായൊരു പ്രതിരോധം ഉയര്‍ത്തി.

publive-image

പക്ഷെ എ.എ റഹിം കോണ്‍ഗ്രസിനെതിരെ തിരിഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ അതിവേഗ റെയില്‍പാത നിര്‍മിക്കാന്‍ വിശദമായ പഠന റിപ്പോര്‍ട്ടു തയ്യാറാക്കിയതാണെന്ന് റഹിം ചൂണ്ടിക്കാട്ടി. ഇതു സ്വപ്നപദ്ധതി എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്നു പത്രപ്രവര്‍ത്തകരോട് പറഞ്ഞത്.

ലാല്‍കുമാറാകട്ടെ, ശശി തരൂരിനെ പൂര്‍ണമായി പിന്താങ്ങിക്കൊണ്ടു കത്തിക്കയറി. ശശി തരൂര്‍ ഒരു എം.പി മാത്രമാണെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍റെ പ്രയോഗത്തില്‍ അദ്ദേഹത്തിന്‍റെ ഉള്ളിലിരുപ്പു വ്യക്തമാകുന്നുണ്ടെന്നും ലാല്‍കുമാര്‍ വിശദീകരിച്ചു.

അങ്ങനെ വെറുമൊരു എം.പി മാത്രമാണോ ശശി തരൂര്‍ എന്നായിരുന്നു എന്‍റെ ചോദ്യം. രമേശ് ചെന്നിത്തല പോലും പറഞ്ഞത് ശശി തരൂര്‍ ലോക പൗരനാണെന്നാണ്.

നമ്മുടെ പല കോണ്‍ഗ്രസുകാരേക്കാള്‍ ധിഷണയുടെ കാര്യത്തിലായായും ബുദ്ധിശക്തിയുടെ കാര്യത്തിലായാലും വളരെ മുമ്പില്‍ നില്‍ക്കുന്നയാളാണ് തരൂര്‍ എന്നു ഞാന്‍ വിശദീകരിച്ചു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും അദ്ദേഹത്തോടു താല്‍പ്പര്യമില്ല.

സ്വന്തമായി അഭിപ്രായവും നിലപാടുമുള്ള നേതാവാണ് ശശി തരൂര്‍. സില്‍വര്‍ ലൈന്‍ വേഗ റെയില്‍പാത ഒരു പ്രധാന വികസന വിഷയമാണെന്ന് അദ്ദേഹത്തിനു നന്നായറിയാം. വികസന കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന ശുഷ്ക്കാന്തിയെ അഭിനന്ദിക്കാന്‍ അദ്ദേഹം മുന്നോട്ടു വന്നതിനു കാരണവും അതുതന്നെ.

publive-image

വേഗ റെയില്‍പ്പാതയുടെ രാഷ്ട്രീയവും അതിപ്രധാനം തന്നെ. ഇതും ശശി തരൂരിനു നന്നായറിയാം. കേരള എം.പിമാര്‍ ഈ റെയില്‍ പാത കേരളത്തിനു വേണ്ട എന്നു പറഞ്ഞു കേന്ദ്ര റെയില്‍വേ മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പു വയ്ക്കാഞ്ഞതും അതുകൊണ്ടുതന്നെ. ഒരു സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതിയെ കണ്ണുമടച്ച് എതിര്‍ക്കുന്നതു ജനാധിപത്യ വിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. നിവേദനത്തിലെ ഉള്ളടക്കം തന്നെ കാണിച്ചില്ലെന്നും തരൂര്‍ പറഞ്ഞിട്ടുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മുന്നണിക്കും വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നു ശശി തരൂരിനു നന്നായറിയാം. അതിനെ എതിര്‍ക്കുന്നത് പ്രതിപക്ഷത്തിന് ആത്മഹത്യാപരമാണെന്നും അദ്ദേഹത്തിനറിയാം. പദ്ധതിയുടെ വിശദാംശങ്ങള്‍ പഠിക്കാതെ അതിനെതിരായ നിവേദനത്തില്‍ എങ്ങനെ ഒപ്പുവെയ്ക്കുമെന്ന് ശശി തരൂര്‍ ചോദിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം എന്തു മറുപടി പറയും ? ഇതിനോടകം പദ്ധതിയെപ്പറ്റി പഠനം നടത്തിയിട്ടുണ്ടെന്നു തന്നെയാണ് അദ്ദേഹത്തിന്‍റെ ഉറച്ച നിലപാടു സൂചിപ്പിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ കാലത്തു തയ്യാറാക്കിയ അതിവേഗ റെയില്‍ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ടുമായാണ് ചര്‍ച്ച നയിക്കാന്‍ ശരത് എത്തിയത്. അതിവേഗ തീവണ്ടി സ്റ്റാന്‍ഡേര്‍ഡ് റെയിലിലൂടെ മാത്രമേ ഓടുകയുള്ളു എന്നാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ ഈ റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാന്‍ഡേര്‍ഡ് റെയിലിനെതിരായ നിലപാടുമായി ഇ. ശ്രീധരനും ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നു. യു.ഡി.എഫിനൊപ്പം ഇ. ശ്രീധരനും രാഷ്ട്രീയമായി കരണം മറിയുകയാണെന്നാണ് ശരത് പറഞ്ഞുവെച്ചത്.

Advertisment