Advertisment

പോലീസിനെ വരച്ച വരയ്ക്കുള്ളിൽ നിർത്തി ഏറ്റവുമധികം ആസ്വദിച്ചു ആഭ്യന്തരം കൈകാര്യം ചെയ്ത നേതാവു കെ. കരുണാകരന്‍ തന്നെ ! പക്ഷേ അടിയന്തിരാവസ്ഥയ്ക്കു ശേഷം മുഖ്യമന്ത്രിയായ കരുണാകരനും പിഴച്ചു, കാരണം പോലീസ്. അതിനുശേഷമുള്ള പല മുഖ്യമന്ത്രിമാരും പഴികേട്ടതും പോലീസ് കാരണം തന്നെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശശിയായിരുന്നു പൊളിറ്റിക്കല്‍ സെക്രട്ടറി ! പോലീസിനെ വരുതിയിൽ നിർത്തിയവനായിരുന്നു പി. ശശി. അതെ... പോലീസിന്‍റെ മർമം അറിഞ്ഞവന്‍ പി ശശി - അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോർജ്

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

പോലീസ് ഭരണം അത്ര എളുപ്പമുള്ള കാര്യമല്ല. എങ്ങനെ ഭരിച്ചാലും ആരു ഭരിച്ചാലും ആക്ഷേപം ഉയരുക സാധാരണം. ഒന്നുകില്‍ പോലീസ് അതിക്രമം. അല്ലെങ്കില്‍ പോലീസിന്‍റെ അനാസ്ഥ. എന്തായാലും കുറ്റം രാഷ്ട്രീയ നേതൃത്വത്തിനു തന്നെ.

അടിയന്തിരാവസ്ഥക്കാലത്ത് ഭീകരമായ പോലീസ് മര്‍ദനമേറ്റ നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ആറുവര്‍ഷമായി കേരളത്തിന്‍റെ പോലീസ് സേനയെ ഭരിക്കുന്നത് അതേ പിണറായി വിജയന്‍.

മുഖ്യമന്ത്രി എങ്ങോട്ടു പോയാലും അവിടെയെല്ലാം വീഴ്ചയൊന്നുമില്ലാതെ സുരക്ഷിതത്വം ഉറപ്പാക്കുന്നത് അതേ പോലീസ്. പോലീസ് സേനയുടെ അധിപന്‍ വരെ മുഖ്യമന്ത്രിയുടെ മുന്നിലെത്തുമ്പോള്‍ സല്യൂട്ടടിച്ചു നില്‍ക്കും.

രാഷ്ട്രീയത്തിനാണു പോലീസിനേക്കാള്‍ ബലമെന്നതാണ് ഇതിനര്‍ത്ഥം. ഇത് ജനാധിപത്യത്തിന്‍റെ ശക്തിയും സൗന്ദര്യവുമാണ്. ഭരിക്കുന്നത് ജനങ്ങളാണ്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ്.

പോലീസിന്‍റെ തലവന്‍ മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്യുമ്പോള്‍ അദ്ദേഹം സല്യൂട്ട് ചെയ്യുന്നത് ജനങ്ങളെയാണെന്നര്‍ത്ഥം. ജനങ്ങള്‍ തങ്ങളെ ഭരിക്കാന്‍ തെരഞ്ഞെടുത്ത നേതാവിനെ.

അതിന്‍റെ ലളിതമായ അര്‍ത്ഥം പോലീസ് സാധാരണക്കാരുടെ മേല്‍ മെക്കിട്ടുകയറരുതെന്നുതന്നെ. പോലീസ് ജനസേവകരാണ്. ആയിരിക്കണം. ഇതു ജനങ്ങളുടെ ഭരണമാണ്.

കേരളത്തില്‍ പോലീസ് മന്ത്രി എന്ന സ്ഥാനം ഏറ്റവുമധികം ആസ്വദിച്ചു കൈകാര്യം ചെയ്ത നേതാവു കെ. കരുണാകരന്‍ തന്നെ. അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തരമന്ത്രി എന്ന നിലയ്ക്കും പിന്നീട് രണ്ടു തവണ മുഖ്യമന്ത്രി എന്ന നിലയ്ക്കും. അപ്പോഴെല്ലാം കേരളാ പോലീസ് കരുണാകരന്‍ വരച്ച വരയ്ക്കുള്ളില്‍ നിന്നു.

publive-image

മുഖ്യമന്ത്രി കരുണാകരനു വേണ്ടി പോലീസ് രാഷ്ട്രീയം കളിച്ചു. കരുണാകരന്‍റെ രാഷ്ട്രീയ കളികള്‍ക്ക് പോലീസ് കൂട്ടുനിന്നു. കരുണാകരനെ സംബന്ധിച്ചിടത്തോളം പോലീസ് ഭരണം ഭരണാധികാരിയുടെ അലങ്കാരമായിരുന്നു. അധികാരത്തിന്‍റെ ചിഹ്നമായിരുന്നു.

അടിയന്തിരാവസ്ഥയ്ക്കു ശേഷം ആദ്യമായി മുഖ്യമന്ത്രിയായ കെ. കരുണാകരന് ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനമൊഴിയേണ്ടി വന്നു. കാരണം പോലീസ് തന്നെ. കോഴിക്കോട് റീജണല്‍ എഞ്ചിനീയറിങ്ങ് കോളജില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാജന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു എന്നതായിരുന്നു കാരണം.

നക്സല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട രാജനെ പോലീസ് കക്കയം ക്യാമ്പില്‍ എത്തിച്ച് ഉരുട്ടിയും കഠിനമായി പീഡിപ്പിച്ചും ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു.

ഹൈക്കോടതിയില്‍ രാജന്‍റെ പിതാവ് ഇച്ചരവാരിയര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. ഇതുസംബന്ധിച്ച സത്യാവസ്ഥ പോലീസിന്‍റെ ഉന്നത ഉദ്യോഗസ്ഥര്‍ കരുണാകരനില്‍ നിന്ന് ഒളിപ്പിച്ചു വച്ചു. ഹൈക്കോടതിയുടെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നു.

publive-image

ഒരു കാലത്ത് ജയറാം പടിക്കല്‍, ടി.വി മധുസൂധനന്‍, ഡോ. പി.ജെ. അലക്സാണ്ടര്‍ എന്നീ മൂവര്‍ സംഘം മുഖ്യമന്ത്രി കരുണാകരന്‍റെ അധികാര ശ്രുംഘലയിലെ ത്രിമൂര്‍ത്തികളായിരുന്നു. പിന്നീട് ഡോ. പി.ജെ. അലക്സാണ്ടര്‍ ആ കൂട്ടുകെട്ടില്‍ നിന്നു പുറത്തായി. പടിക്കലും മധുസൂധനനും മാത്രമായി.

രമണ്‍ ശ്രീവാസ്തവ വളരെ കാലം കരുണാകരന്‍റെ അരുമയായ പോലീസുദ്യോഗസ്ഥനായിരുന്നു. ശ്രീവാസ്തവ തൃശൂര്‍ എസ്പിയായ കാലം തൊട്ടുള്ള ബന്ധമാണ്. തൃശൂര്‍ പട്ടണവും രാമനിലയവും ഗുരുവായൂരമ്പലവുമെല്ലാം എക്കാലത്തും ലീഡര്‍ക്കു പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്. അതുകൊണ്ടുതന്നെ ശ്രീവാസ്തവയുടെ പ്രാധാന്യവും ഏറി.

ലീഡറുമായുള്ള അടുപ്പം ഒന്നുകൊണ്ടുമാത്രമാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ് രാഷ്ട്രീയാരോപണമായി കത്തി ഉയര്‍ന്നപ്പോള്‍ രമണ്‍ ശ്രീവാസ്തവയും അതിന്‍റെ ഭാഗമായിപ്പോയത്. ശ്രീവാസ്തവയെ കുരുക്കാന്‍ ഐ.ബിയും കേരളാ പോലീസിലെ ഒരു വിഭാഗവും ഒന്നിച്ചു പിടിമുറുക്കി. പക്ഷെ കരുണാകരന്‍ തന്‍റെ അരുമയായ ശ്രീവാസ്തവയെ കൈവിട്ടില്ല.

publive-image

പത്രങ്ങള്‍ ആഘോഷിച്ച ചാരക്കേസന്വേഷണം നീണ്ടു നീണ്ടു പോകവെ, ഒരു നാള്‍ വൈകുന്നേരം ഐ.ബിയുടെ കേരളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ മാത്യു ജോണും ആര്‍.ബി ശ്രീകുമാറും ക്ലിഫ് ഹൗസിലെത്തി. മുഖ്യമന്ത്രി കരുണാകരനെ കാണുകയായിരുന്നു ലക്ഷ്യം.

രണ്ടു പേരെയും കരുണാകരന്‍ സ്വീകരിച്ചിരുത്തി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണമാണ്. പ്രധാനമന്ത്രി പി.വി നരസിംഹറാവു. ഞാന്‍ 'ഇന്ത്യാ ടുഡേ' ലേഖകനും. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഞാനപ്പോഴും കാര്യമായി ഇടപെടാതെ നില്‍ക്കുകയാണ്. പത്രങ്ങളില്‍ ശ്രീവാസ്തവ നിറഞ്ഞു നില്‍ക്കുന്നു. കരുണാകരന്‍റെ പ്രിയപ്പെട്ട പോലീസുദ്യോഗസ്ഥന്‍. പത്രങ്ങള്‍ അദ്ദേഹത്തെ ചാരക്കേസില്‍ പ്രതിയാക്കികഴിഞ്ഞു.

ക്ലീഫ് ഹൗസിലെ സ്വീകരണ മുറിയില്‍ മാത്യു ജോണും ആര്‍.ബി ശ്രീകുമാറും ഇരുന്നു. അവര്‍ ആവശ്യമുന്നയിച്ചു. രമണ്‍ ശ്രീവാസ്തവയെ സര്‍വീസില്‍ നിന്നു സസ്പെന്‍റ് ചെയ്യണം. മുഖ്യമന്ത്രി കരുണാകരന്‍ ഒരു നിമിഷത്തേയ്ക്ക് സ്തബ്ധനായി. ഒരു നിമിഷം മാത്രം. ഉടന്‍ തന്നെ അദ്ദേഹം സമനില വീണ്ടെടുത്തു.

ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്യാനും മാത്രം എന്തു തെളിവുകളാണു നിങ്ങളുടെ കൈയിലുള്ളത് എന്ന് കരുണാകരന്‍റെ ചോദ്യം. രണ്ടുദ്യോഗസ്ഥര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുരുക്കാനും മാത്രം ശ്രീവാസ്തവയ്ക്കെതിരെ ഒരു തെളിവും ഐ.ബിയുടെ പക്കലുണ്ടായിരുന്നില്ല.

അല്ലെങ്കില്‍ത്തന്നെ ഇതൊന്നും അന്വേഷിക്കാനുള്ള അധികാരം ഐ.ബിക്കില്ലതാനും. പിന്നെന്തിന് ചാരക്കേസില്‍ ഐ.ബി ഇത്രകണ്ട് അത്യുത്സാഹം കാണിച്ചുവെന്നത് കേരളത്തില്‍ ഇന്നും ഉയര്‍ന്നു നില്‍ക്കുന്ന ചോദ്യം. സുപ്രീം കോടതി ഉത്തരവനുസരിച്ച് അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ടെന്നതു മാത്രം ആശ്വാസം.

കരുണാകരന്‍ ഒരു കുലുക്കവുമില്ലാതെ ഇരിക്കുകയാണ്. മറുപടി പറയാനാവാതെ മാത്യു ജോണും ആര്‍.ബി ശ്രീകുമാറും. ഇരുവരും പെട്ടെന്നെഴുന്നേറ്റു. മുഖ്യമന്ത്രിയോടു യാത്രപറഞ്ഞ് അവര്‍ ക്ലിഫ് ഹൗസിനു പുറത്തേയ്ക്ക്. രണ്ടുപേരുടെയും മുഖം മ്ലാനമായിരുന്നു.

അന്നുതന്നെ കേസ് സി.ബി.ഐക്കു വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കരുണാകരന്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് കത്തെഴുതി. അന്വേഷണ ഏജന്‍സികളുടെ ചുമതല അന്ന് സ്റ്റേറ്റ് മന്ത്രി മാര്‍ഗരറ്റ് ആല്‍വയ്ക്കാണ്. ഐ.എസ്.ആര്‍.ഒ ചാരക്കേസ് സി.ബി.ഐയ്ക്കു വിട്ടുകൊണ്ട് കേന്ദ്രം പിറ്റേന്നു തന്നെ ഉത്തരവിട്ടു.

പക്ഷെ കേരളത്തിലെ കോണ്‍ഗ്രസില്‍ കരുണാകരനെതിരെ അതിശക്തമായൊരു നീക്കം ഉരുണ്ടുകൂടുകയായിരുന്നു. അതും രമണ്‍ ശ്രീവാസ്തവയുടെ പേരില്‍. ചാരക്കേസില്‍ പ്രതിയായ ഉന്നത ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ആന്‍റണി പക്ഷം ആരോപിച്ചു. ജി. കാര്‍ത്തികേയനും എം.ഐ ഷാനവാസും രമേശ് ചെന്നിത്തലയും നേതൃത്വം കൊടുത്ത തിരുത്തല്‍വാദി പ്രസ്ഥാനം ആന്‍റണി പക്ഷത്തോടു ചേര്‍ന്നു.

അപ്പോഴേയ്ക്ക് ഞാന്‍ മുഖ്യമന്ത്രി കരുണാകരനുമായി വളരെ അടുത്തിരുന്നു. രമണ്‍ ശ്രീവാസ്തവയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി ഘടകകക്ഷികളെ കൂട്ടുപിടിക്കുന്നതും കോണ്‍ഗ്രസില്‍ കരുണാകരനോടൊപ്പം നിന്ന എം.എല്‍.എ മാരെ വശത്താക്കുന്നതും ഞാന്‍ കണ്ടു. ലീഡറുടെ കസേരയ്ക്ക് ഇളക്കം തട്ടുന്നതു ഞാന്‍ കണ്ടു.

publive-image

കോണ്‍ഗ്രസില്‍ സംഘര്‍ഷം രൂക്ഷമായി. മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ ക്ലിഫ് ഹൗസിലെത്തും. വൈകുന്നേരത്താണ് എന്‍റെ സന്ദര്‍ശനം. എട്ടുമണിക്കു ശേഷം. അപ്പോഴേയ്ക്ക് അത്താഴമെല്ലാം കഴിഞ്ഞ് കരുണാകരന്‍ മുകള്‍ നിലയിലെ കിടപ്പു മുറിയിലേയ്ക്കു നീങ്ങും. മൂന്നു തലയിണകള്‍ ഒന്നിനുമേലേ ഒന്നായി അടുക്കി വെച്ച് കിടക്കും. തൊട്ടരികെ കസേരയില്‍ ഞാന്‍.

രാഷ്ട്രീയ ഗൂഢാലോചനകളെപ്പറ്റി ഞാന്‍ എല്ലാ ദിവസവും ലീഡറുമായി സംസാരിക്കും. ഒരു കൂസലുമില്ലാതെ ലീഡര്‍ എന്‍റെ വാദങ്ങള്‍ നിരാകരിച്ചുകൊണ്ടിരിക്കും. "ടി.എം ജേക്കബിനെയെങ്കിലും തിരിച്ചു പിടിക്കാന്‍ നോക്ക് ലീഡര്‍", ഒരിക്കല്‍ ഞാന്‍ പറഞ്ഞു.

ഒന്നും വേണ്ടെടോ എന്നു ലീഡറുടെ മറുപടി. കൈ ഉയര്‍ത്തി തള്ള വിരല്‍ ചെറുവിരലിലമര്‍ത്തി മുഖത്ത് പൂര്‍ണമായ ഗൗരവത്തോടെ അദ്ദേഹത്തിന്‍റെ വാക്കുകള്‍. ദുര്‍ബലമായ ശബ്ദത്തില്‍. "പി.വി, എന്‍റെ കൂടെയുണ്ടെടോ. ഒന്നും പേടിക്കാനില്ല".

പി.വി എന്നാല്‍ പി.വി നരസിംഹറാവു. ഇന്ത്യന്‍ പ്രധാനമന്ത്രി. 1991 -ല്‍ കരുണാകരന്‍റെ നിര്‍ണായകമായ ഇടപെടലാണ് നരസിംഹറാവുവിനു പ്രധാനമന്ത്രിയാകാന്‍ വഴി തെളിച്ചത്. കരുണാകരനു 'കിങ്ങ് മേക്കര്‍' എന്ന പേരു വീഴുകയും ചെയ്തു.

പക്ഷെ കരുണാകരനെ പി.വി തുണച്ചില്ല. രമണ്‍ ശ്രീവാസ്തവ എന്ന പോലീസുദ്യോഗസ്ഥനെ സംരക്ഷിച്ചതിന്‍റെ പേരില്‍ കെ. കരുണാകരനു മുഖ്യമന്ത്രിക്കസേര നഷ്ടമായി. കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നിറക്കി വിട്ടത് കോണ്‍ഗ്രസിലെ തന്നെ നേതാക്കള്‍.

1967 - 69 കാലത്ത് ഒമ്പതംഗങ്ങളുടെ നേതാവായിരിക്കെ, കരുണാകരന്‍ തന്നെ കൊരുത്തെടുത്ത ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികള്‍, എപ്പോഴും പോലീസിന്‍റെ അധികാരത്തെ ഇഷ്ടപ്പെട്ട കരുണാകരന് അങ്ങനെ ഒരു പോലീസുദ്യോഗസ്ഥനെ സംരക്ഷിച്ചതിന്‍റെ പേരില്‍ വീഴ്ചപറ്റി.

പിണറായി വിജയന്‍റെ രണ്ടാമൂഴത്തില്‍ പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായി വരുമ്പോള്‍ പോലീസ് കാര്യങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയൊരധികാര കേന്ദ്രം ഒരുങ്ങുന്നുവെന്നര്‍ത്ഥം. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പി. ശശിയായിരുന്നു പൊളിറ്റിക്കല്‍ സെക്രട്ടറി. പോലീസ് ഭരണം പി. ശശിയുടെ കൈയില്‍ത്തന്നെയായിരുന്നു.

അക്കാലത്ത് പോലീസ് സേനയുടെ പ്രത്യേകതകളൊക്കെയും പഠിച്ചയാളാണ് പി. ശശി. അതെ, പോലീസിന്‍റെ മര്‍മ്മം അറിഞ്ഞയാള്‍ തന്നെ പി. ശശി.

Advertisment