Advertisment

'മാതൃഭൂമി'യില്‍ പത്രാധിപ സമിതിയംഗങ്ങള്‍ക്കും പത്രാധിപര്‍ക്കും ഒരു മേല്‍ക്കോയ്മയുണ്ട് ! ആ മേല്‍ക്കോയ്മ ഉണ്ടാക്കിയതും നിലനിര്‍ത്തിയതും വി.പി.ആര്‍ ആയിരുന്നു. വി.പി.ആര്‍ എന്ന മൂന്നക്ഷരങ്ങളി‍ല്‍ പ്രഗത്ഭനായ ഒരു പത്രാധിപര്‍ മാത്രമല്ല, കരുത്തനായ ഒരു പത്രാധിപനും ഉണ്ട്. കേരളത്തിലെ ദിനപ്പത്രങ്ങള്‍ക്ക് എണ്‍പതുകളിലുണ്ടായ വലിയ മാറ്റങ്ങള്‍ക്ക് ഒരു വഴികാട്ടിയായിരുന്നു വി.പി.ആര്‍ - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

വി.പി.ആര്‍ - വടക്കാഞ്ചേരി സ്വദേശി വെട്ടത്ത് പുത്തന്‍ വീട്ടില്‍ രാമചന്ദ്രന്‍ (98) ഇന്ത്യ കണ്ട പ്രഗത്ഭരായ പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ഒരു പത്രാധിപര്‍ എന്ന നിലയ്ക്കും പ്രാഗത്ഭ്യം തെളിയിച്ചയാള്‍.

ടൈപ്പിസ്റ്റ് ആയിട്ടായിരുന്നു തുടക്കം. അന്നത്തെ മെട്രിക്കുലേഷന്‍ മാത്രമായിരുന്നു വിദ്യാഭ്യാസ യോഗ്യത. അക്കാലത്തെ പതിവനുസരിച്ച് ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്‍റും പഠിച്ചു.

ആദ്യ ജോലി മിലിട്ടറി അക്കൗണ്ട്സില്‍ ക്ലാര്‍ക്കായി. അന്നത്തെ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ‍ഡ് പ്രസ് ഓഫ് ഇന്ത്യയുടെ (എ.പി.ഐ) പൂനെ ഓഫീസില്‍ ജോലികിട്ടി. അതുവഴി പത്രപ്രവര്‍ത്തന രംഗത്തേയ്ക്ക്.

വാര്‍ത്തകള്‍ അയച്ചിരുന്നത് ടെലിപ്രിന്‍റര്‍ വഴിയായിരുന്നു അക്കാലത്ത്. ലേഖകന്‍മാര്‍ ശേഖരിച്ച് അയച്ചുകൊടുക്കുന്ന വാര്‍ത്തകള്‍ ടെലിപ്രിന്‍ററില്‍ അടിച്ച് വിവിധ പത്രമോഫീസുകളിലേയ്ക്കയച്ചു കൊടുക്കുകയാണ് ടെലിപ്രിന്‍റര്‍ ഓപ്പറേറ്ററുടെ ജോലി. അതിന് ടൈപ്പ് റൈറ്റിങ്ങ് എന്ന സാങ്കേതിക വൈദഗ്ദ്ധ്യം മാത്രം മതി.

പക്ഷെ വി.പി.ആര്‍ കൈയിലെത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂഷ്മതയോടെ വായിച്ചു. പത്രങ്ങള്‍ വായിച്ചു. കണ്‍മുന്നിലെത്തുന്ന വാര്‍ത്തകളും അവ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഓളങ്ങളും ആ യുവാവിനെ ത്രസിപ്പിച്ചു.

അങ്ങനെ വി.പി. രാമചന്ദ്രന്‍ വാര്‍ത്തകളുടെ ലോകത്തെത്തി. എ.പി.ഐയുടെ എഡിറ്റോറിയല്‍ അസിസ്റ്റന്‍റായി സ്ഥാനക്കയറ്റം കിട്ടിയ വി.പി.ആര്‍ അവിടെ നിന്ന് ഉയരങ്ങളിലേയ്ക്കു കയറുകയായിരുന്നു.

എ.പി.ഐയ്ക്കു പകരം പി.ടി.ഐ (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ) രൂപം കൊണ്ടപ്പോള്‍ റിപ്പോര്‍ട്ടറായി നിയമിതനായി. ദീര്‍ഘകാലം ലാഹോറില്‍ ലേഖകനായി പ്രവര്‍ത്തിച്ചു. 1964 -ല്‍ പി.ടി.ഐ വിട്ട് യു.എന്‍.ഐയില്‍ ചേര്‍ന്നു. പിന്നീട് അവിടെ ഡൈപ്യൂട്ടി ജനറല്‍ മാനേജരായി.

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കിച്ചന്‍ കാബിനറ്റിലെ അംഗമെന്ന പേരുവരെ അദ്ദേഹത്തിനുണ്ടായിരുന്നു. 1978 -ല്‍ 'മാതൃഭൂമി'യില്‍ എക്സിക്യൂട്ടീവ് എഡിറ്ററായി ചേര്‍ന്നു. സ്ഥാപക പത്രാധിപര്‍ കെ.പി. കേശവ മേനോന്‍ അന്തരിച്ചപ്പോള്‍ വി.പി.ആര്‍ പത്രാധിപരായി. 1979 -ല്‍.

publive-image

പുതിയ കാലത്തിനനുസരിച്ച് പുതുമകളുടെ ഒരു പത്രമായി 'മാതൃഭൂമി'യെ മാറ്റി എന്നതാണ് വി.പി.ആറിന്‍റെ മഹത്തായ സംഭാവന. 'മാതൃഭൂമി' മാനേജ്മെന്‍റാവട്ടെ, വി.പി.ആര്‍ എന്ന പ്രഗത്ഭ പത്രപ്രവര്‍ത്തകനില്‍ മികവുള്ള ഒരു പ്രൊഫഷണല്‍ പത്രാധിപരെ കണ്ടെത്തുകയായിരുന്നു.

'മലയാള മനോരമ', 'കേരള കൗമുദി', 'ദീപിക' എന്നിങ്ങനെ മലയാള ദിനപ്പത്രങ്ങളൊക്കെയും പുറത്തുനിന്ന് പത്രാധിപന്മാരെ ക്ഷണിച്ചുകൊണ്ടുവരിക പതിവില്ലായിരുന്നു. ഇന്നും അങ്ങനെ തന്നെ.

'മാതൃഭൂമി'യിലാവട്ടെ പത്രപ്രവര്‍ത്തക യൂണിയന്‍ വളരെ സജീവമായിരുന്ന കാലവും. ടി. വേണു ഗോപാല്‍, എന്‍.എന്‍ സത്യവ്രതന്‍ എന്നു തുടങ്ങി കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ പ്രമുഖ നേതാക്കളൊക്കെയും 'മാതൃഭൂമി'യില്‍ നിന്നുള്ളവരായിരുന്നു. എല്ലാവരും മികവുള്ള പ്രത്രപ്രവര്‍ത്തകര്‍. മികവുള്ള യൂണിയന്‍ നേതാക്കളും.

1980 -ലാണ് എനിയ്ക്ക് 'മാതൃഭൂമി'യില്‍ പത്രാധിപ സമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനുള്ള പ്രവേശന പരീക്ഷയ്ക്കു ക്ഷണം കിട്ടിയത്. കൊച്ചിയില്‍ കലൂരിലുള്ള 'മാതൃഭൂമി' ഓഫീസിലാണു പ്രവേശന പരീക്ഷ.

കുറെ ദിവസം കഴിഞ്ഞ് അഭിമുഖത്തിനുള്ള കത്തു കിട്ടി. പത്രാധിപര്‍ വി.പി രാമചന്ദ്രന്‍ അധ്യക്ഷനായ ഇന്‍റര്‍വ്യൂ ബോര്‍ഡ്. ചെറുപ്പം മുതലേ 'മലയാള മനോരമ' വായിച്ചു ശീലിച്ച കോഴഞ്ചേരിക്കടുത്തു പുല്ലാട്ടുകാരനായ ഞാന്‍ 'മാതൃഭൂമി' സബ് എഡിറ്റര്‍ ട്രെയിനിയായി.

കൊച്ചിയിലായിരുന്നു ആദ്യ നിയമനം. കെ.കെ ശ്രീധരന്‍ നായരായിരുന്നു ന്യൂസ് എഡിറ്റര്‍. എന്‍.എന്‍ സത്യവ്രതന്‍, പി. രാജന്‍ എന്നിങ്ങനെ പ്രഗത്ഭരായ പത്രപ്രവര്‍ത്തകര്‍ ബ്യൂറോയില്‍.

publive-image

വലിയ സൗഹൃദമാണ് 'മാതൃഭൂമി'യില്‍ എന്നെ വരവേറ്റത്. കെ.എസ് ജോസഫ്, കെ.കെ മധുസൂദനന്‍, എന്‍ ബാലകൃഷ്ണന്‍, ജി. ഷഹീദ്, സണ്ണിക്കുട്ടി എബ്രഹാം എന്നിങ്ങനെ മുന്‍ നിരയില്‍ മുതിര്‍ന്നവര്‍ ഏറെ. പത്രാധിപര്‍ വി.പി.ആറിന്‍റെ വലിയ മുറിയില്‍ വൈകുന്നേരങ്ങളിലെ ന്യൂസ് മീറ്റിങ്ങുകള്‍. വി.പി.ആര്‍ 'മാതൃഭൂമി'യുടെ ദിശ നിയന്ത്രിക്കുന്നതും തിരിക്കുന്നതും നേരില്‍ കണ്ടു.

അധികം താമസിയാതെ എന്നെ തിരുവനന്തപുരത്തേയ്ക്ക് മാറ്റി. അവിടെ ടി. വേണു ഗോപാല്‍ ആണ് ന്യൂസ് എഡിറ്റര്‍. ഡെസ്ക് നിറയെ ചെറുപ്പക്കാരായ പത്രപ്രവര്‍ത്തകര്‍. എം.ജി. രാധാകൃഷ്ണന്‍, ടി.എന്‍. ഗോപകുമാര്‍, ജ്യോതിര്‍ ഘോഷ്, ടി. ശശി മോഹന്‍, പി.എസ്. നിര്‍മല, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ പോയി യുവനിര.

വി.പി.ആര്‍ പത്രാധിപരായ ശേഷം തെരഞ്ഞെടുത്ത രണ്ടാം ബാച്ചിലാണ് ഞാന്‍. ആ ബാച്ചില്‍ ഒരാള്‍ കൂടിയേ ഉണ്ടായിരുന്നുള്ളു - ടി. ബാലകൃഷ്ണന്‍. 1979 ബാച്ചില്‍ സണ്ണിക്കുട്ടി എബ്രഹാം, ടി. അരുണ്‍ കുമാര്‍, ടി. സുരേഷ് ബാബു, എം.പി. സുരേന്ദ്രന്‍ എന്നിവരും.

'മാതൃഭൂമി'യില്‍ പത്രാധിപ സമിതിയംഗങ്ങള്‍ക്കും പത്രാധിപര്‍ക്കും ഒരു മേല്‍ക്കോയ്മയുണ്ട്. ആ മേല്‍ക്കോയ്മ ഉണ്ടാക്കിയതും നിലനിര്‍ത്തയതും വി.പി.ആര്‍ ആയിരുന്നു. ഒരു പത്ര സ്ഥാപനത്തില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള എല്ലാ അവകാശവും പത്രാധിപര്‍ക്കും പത്രാധിപ സമിതിക്കുമാണെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു.

അതുകൊണ്ടുതന്നെ കരുത്തനായ ഒരു പത്രാധിപര്‍ എന്ന പേര് അദ്ദേഹം സ്വന്തമാക്കി. വി.പി.ആര്‍ എന്ന മൂന്നക്ഷരങ്ങളി‍ല്‍ പ്രഗത്ഭനായ ഒരു പത്രാധിപര്‍ മാത്രമല്ല, കരുത്തനായ ഒരു പത്രാധിപനും ഉണ്ട്. കേരളത്തിലെ ദിനപ്പത്രങ്ങള്‍ക്ക് എണ്‍പതുകളിലുണ്ടായ വലിയ മാറ്റങ്ങള്‍ക്ക് ഒരു വഴികാട്ടിയായിരുന്നു വി.പി.ആര്‍.

Advertisment