/sathyam/media/post_attachments/h3GcOSZw2qr8RdcqxXjm.jpg)
-വെള്ളാശേരി ജോസഫ്
കന്നി മാസം അഞ്ചാം തീയതി - ഇന്ന് ശ്രീനാരായണ ഗുരുവിൻറ്റെ മഹാസമാധി ദിനം. 'ശ്രീനാരായണ ഗുരു' എന്ന കുമാരനാശാൻ എഴുതിയ ഗുരുവിൻറ്റെ ജീവചരിത്രം, മൂർക്കോത്ത്കുമാരൻ എഴുതിയ ഗുരുവിൻറ്റെ ജീവചരിത്രം, കോട്ടുകോയിക്കൽ വേലായുധൻ എഴുതിയ ഗുരുവിൻറ്റെ ജീവചരിത്രം, 'ഗുരുവരുൾ' എന്ന നടരാജ ഗുരു എഴുതിയ ഗുരുവിൻറ്റെ ജീവചരിത്രം - ഇങ്ങനെ അനേകം ജീവചരിത്രങ്ങൾ ശ്രീനാരായണ ഗുരുവിന്‍റേതായിട്ടുണ്ട്. പക്ഷെ അപ്പോഴും ഒരു ചോദ്യം വരും - ആരായിരുന്നു നാരായണഗുരു എന്നതാണ് ആ ചോദ്യം.
നാരായണ ഗുരുവിനെ കേവലം സാമൂഹ്യ പരിഷ്കർത്താവായിട്ടാണ് ഇടതുപക്ഷവും, ഭൗതിക വാദികളായ ഒരുപറ്റം ചരിത്രകാരന്മാരും കാണുന്നത്. ദൈവികാസ്തിത്വത്തെ വാഴ്ത്തിപ്പറഞ്ഞ ആത്മീയാചാര്യൻ എന്ന നിലയിലാണ് ഗുരു നിത്യ ചൈതന്യ യതിയും മറ്റ് പലരും ശ്രീനാരായണ ഗുരുവിനെ കാണുന്നത്.
നാരായണ ഗുരുവിൻറ്റെ നേർ ശിഷ്യനായിരുന്ന നടരാജ ഗുരുവിൻറ്റെ ശിഷ്യനായ ഗുരു നിത്യചൈതന്യ യതി ദൈവം ഉണ്ടെന്നുള്ളത് സ്ഥാപിക്കാൻ വളരെ രസകരമായ ഒരു കഥയും പറഞ്ഞിട്ടുണ്ട്: മഹാരാഷ്ട്രയിലെ ഒരു ചെറിയ ടൗണിലൂടെ രാത്രിയിൽ തൻറ്റെ ഭാരത പര്യടനത്തിൻറ്റെ ഭാഗമായി യതി സഞ്ചരിക്കുകയായിരുന്നു.
രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്; തണുപ്പും അസഹ്യം. ഒരു കടത്തിണ്ണയിൽ യതി കയറിക്കിടന്നു. തണുപ്പിലും, കാറ്റിലും, മഴയിലും മരിച്ചു പോകുമെന്ന് തന്നെ കരുതി. അപ്പോൾ ഒരാൾ ഓടി വന്ന് യതിയെ ചേർത്തു പിടിച്ചു കിടന്നു. വന്നയാളുടെ ശരീരത്തിന് നല്ല ചൂട്. ആ ചൂടിൽ രാത്രി സുഖമായി ഉറങ്ങി.
സൂര്യപ്രകാശം വീണപ്പോഴാണ് കൂടെ കിടക്കുന്നത് ഒരു പട്ടിയാണെന്നത് യതി തിരിച്ചറിയുന്നത്. പ്രകാശമടിച്ചപ്പോൾ പട്ടി കുരച്ചു കൊണ്ട് ഒന്നും സംഭവിക്കാത്തത് പോലെ പോയി. ദൈവമുണ്ടെന്ന് അന്നാണ് തനിക്കു ശരിക്കും മനസിലായെതെന്നാണ് ഗുരു നിത്യ ചൈതന്യ യതി ആ സംഭവത്തെ പറ്റി പിന്നീട് എഴുതിയത് !
ക്രിസ്തുവിന് ശേഷം നാരായണ ഗുരുവാണ് ദൈവികാസ്തിത്വത്തെ ഏറ്റവും ഉന്നതമായ രീതിയിൽ വാഴ്ത്തിയിട്ടുള്ളതെന്നും ഒരിക്കൽ ഗുരു നിത്യ ചൈതന്യ യതി പറഞ്ഞിട്ടുണ്ട്.
നടരാജ ഗുരുവും, ഗുരു നിത്യ ചൈതന്യ യതിയുമാണ് നാരായണ ഗുരുവിൻറ്റെ ആദർശങ്ങൾ ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിൽ കേരളീയ ജനതക്ക് പകർന്നു നൽകിയത്. ശ്രീനാരായണ ഗുരുവിന്‍റെ ആത്മോപദേശശതകം ഒന്നും സാധരണക്കാർക്ക് വായിച്ചു മനസിലാക്കാൻ എളുപ്പമല്ല.
ഇരുന്നൂറോളം പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഗുരു നിത്യചൈതന്യ യതിയാണ് നാരായണ ഗുരുവിനെ കൂടുതലും സാധാരണക്കാരിലേക്ക് ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിൽ അടുപ്പിച്ചത്. സംസ്കൃതത്തിലും, തമിഴിലും, മലയാളത്തിലുമായി അറുപതിൽ പരം കൃതികൾ രചിച്ചയാളാണ് നാരായണ ഗുരു.
1855 ചിങ്ങ മാസത്തിലെ ചതയം നാളിൽ ജനിച്ച ഗുരു 1928 സെപ്തംബർ 20-ൽ (കന്നി മാസം അഞ്ചാം തീയതി) സമാധിയായി. ഇതിനിടയിൽ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി; പരവൂറിൽ അനാചാരങ്ങൾക്കെതിരെ മഹാസമ്മേളനം സംഘടിപ്പിച്ചു; ആലുവ അദ്വൈതാശ്രമം സ്ഥാപിച്ചു; സംസ്കൃത പാഠശാല സ്ഥാപിച്ചു; സമസ്ത കേരള സഹോദര സമ്മേളനം സംഘടിപ്പിച്ചു; സർവ മത സമ്മേളനം ആലുവയില്‍ സംഘടിപ്പിച്ചു; ശിവഗിരി ബ്രഹ്മവിദ്യലയം തറ കല്ലിട്ടു - ഇങ്ങനെ പലതും ചെയ്തു. തികച്ചും സാർത്ഥകമായ ജീവിതം തന്നെയായിരുന്നു നാരായണ ഗുരുവിൻറ്റേത്.
നാരായണ ഗുരു പ്രതിനിധീകരിച്ച നവോത്ഥാന മൂല്യങ്ങളിൽ സമീപ കാലത്തു കേരളത്തിൽ വലിയ ഇടിവുണ്ടാതായിട്ടാണ് തോന്നുന്നത്. ജാതിയും, മതവും പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നു. ജാതിമത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു കേരളത്തിൻറ്റെ നവോത്ഥാന പ്രസ്ഥാനത്തിൻറ്റെ ചുക്കാൻ പിടിച്ച ശ്രീ നാരായണ അടിസ്ഥാനപരമായ വീക്ഷണം. ഗുരു വചനത്തിൻറ്റെ കാതൽ നോക്കൂ:
"അവനവനാത്മ സുഖത്തിനാചരിപ്പതു അപരന്നു സുഖത്തിനായ് വരേണം" - ഇതായിരുന്നു പ്രധാനമായ ഗുരു വചനം. തന്നെ പോലെ തന്‍റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് ക്രിസ്തു വചനത്തിന് സമാനമായുള്ള ഒന്നാണിത്. ഈ ഭൂമിയിൽ വെറുതെ ജീവിച്ചു മരിക്കുന്നതിലും ശ്രേഷ്ഠം അശരണർക്ക് നമ്മളെക്കൊണ്ട് കഴിയുന്ന സഹായം അല്ലെങ്കിൽ ഉപകാരം ചെയ്യുക - ഇതാണ് ഇതിൻറ്റെ അർഥം.
അവനവനിലും, മറ്റുള്ളവരിലും ഈശ്വരനെ ദർശിക്കുവാൻ സാധിക്കുക എന്നതാണ് ഗുരു ദർശനം. ശ്രീനാരായണ ഗുരു കണ്ണാടി പൂജ നടത്തിയത് അതിനു വേണ്ടിയാണ്. പണ്ട് ബൈബിൾ വചനങ്ങൾ പോലെ കേരളത്തിൽ അങ്ങോളമിങ്ങോളം എഴുതി വെച്ചിരുന്നതാണ് ഗുരു വചനങ്ങൾ.
നാരായണ ഗുരുവിനെ കുറിച്ച് പഠിക്കുവാൻ സ്വദേശീയരും, വിദേശീയരും ആയ പലരും വന്നു. ഇന്നിപ്പോൾ ഗുരു ദർശനങ്ങൾക്കൊന്നും ഒരു സ്ഥാനവുമില്ല എന്നത് സമാധാന പ്രിയരെ - അവർ ഏതു മതത്തിൽ ഉള്ളവര ആയിക്കോട്ടെ, ദുഖിപ്പിക്കുന്ന കാഴ്ചയാണ്.
"ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാ സ്ഥാനമാണിത്" എന്ന മഹത്തായ മാനവിക ദർശനം ലോകത്തിനു സംഭാവന ചെയ്ത നവോത്ഥാന നായകൻ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് - ജാതി ചോദിക്കരുത്, പറയരുത്, മതമേതായാലും, മനുഷ്യൻ നന്നായാൽ മതി" എന്നും പറഞ്ഞു. "ഹിംസയെക്കാൾ വലിയ പാപമില്ല; മനുഷ്യൻറ്റെ സ്നേഹ ഗുണത്തെ അത് അപഹരിച്ചു കളയും" - എന്നും ഗുരു പറഞ്ഞു.
"വിദ്യകൊണ്ട് സ്വതന്ത്രരാകുക, സംഘടനകൊണ്ട് ശക്തരാകുക" എന്ന ഗുരുവിൻറ്റെ ഉൽബോധനത്തെ സ്പർശിക്കുന്ന സാരവത്തായ ചർച്ചകളോ, പണ്ഡിതരുടെ പ്രഭാഷണങ്ങളോ ഇന്ന് നടക്കുന്നില്ല. പണ്ട് ചതയ ദിനാഘോഷത്തിൽ എസ്.എൻ.ഡി.പി യോഗം നടത്തുന്ന ജാഥയിൽ മുഴങ്ങി കേട്ടിരുന്ന ഒരു മുദ്രാവാക്യം ഇതാണ്:
“ജാതി വിചാരം പോകണമെങ്കിൽ
ആര്യ വിചാരം പോയെ തീരൂ
ആര്യ വിചാരം പോകണമെങ്കിൽ
ഗുരുവിൻ വഴിയെ പോയെ തീരൂ”
- അതൊന്നും ഇപ്പോൾ കേൾക്കുന്നില്ല. കുറച്ചു നാൾ മുമ്പ് മാതൃഭൂമി ചാനലിൽ നടരാജ ഗുരുവിൻറ്റെ പ്രായമായ ഒരു ശിഷ്യനുമായി ഒരു ഇൻറ്റെർവ്യൂ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് "എനിക്ക് ജാതിയില്ല; മതമില്ല" എന്നാണ്. ശ്രീനാരായണീയൻമാർ ആകുമ്പോൾ അങ്ങനെ തന്നെയാണ് പറയേണ്ടതും.
പക്ഷെ ഇന്നിപ്പോൾ നാരായണ ഗുരുവിനേയും വോട്ടു ബാങ്ക് രാഷ്ട്രീയത്തിൻറ്റെ ഭാഗമാക്കാൻ നോക്കുന്നവരോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. 'കള്ള് ചെത്തരുത്, കുടിക്കരുത്" എന്ന് നാരായണ ഗുരു ആഹ്വാനം ചെയ്തിരുന്നു. പക്ഷെ ഇന്നിപ്പോൾ എസ്.എൻ.ഡി.പി യോഗത്തിൻറ്റെ നേതൃത്വം തന്നെ മദ്യ മുതലാളിമാരുടെ കയ്യിൽ ആണല്ലോ.
'ജാതി ചോദിക്കണം; പറയണം' എന്നു പറഞ്ഞു വരുന്നവരാണവർ. സംവരണവും, സർക്കാർ ജോലിയും, ബിസ്നെസും, കാശുണ്ടാക്കലും അല്ലാതെ വേറെ ഉന്നതമായ ലക്ഷ്യങ്ങളൊന്നനും അവർക്കില്ലാ. കലി കാലത്തിലുള്ളവർ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം വഹിച്ചാലുള്ള ദുരവസ്ഥയാണത്.
(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us