Advertisment

സഭയിൽ അടിയന്തിര പ്രമേയം ചർച്ചക്ക് എടുത്ത് കാര്യഗൗരവത്തോടെ ഇടപെട്ട് സംസാരിക്കേണ്ടിയിരുന്ന മുഖ്യമന്ത്രി കാണിച്ച വങ്കത്തരത്തിന് വലിയ വില കൊടുക്കേണ്ടിവരും ! - പ്രതികരണത്തില്‍ തിരുമേനി എഴുതുന്നു

author-image
സത്യം ഡെസ്ക്
New Update

-തിരുമേനി

Advertisment

publive-image

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയെക്കുറിച്ച് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗം കേട്ടാൽ ആദ്യം തോന്നുക പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി ആണോ എന്നതാണ്.

തമിഴ്നാട് മുഖ്യമന്ത്രി പോലും സംസാരിക്കുവാൻ മടിക്കുന്ന വാക്കുകൾ ആണ് പിണറായി ഉപയോഗിച്ചത്. മുല്ലപ്പെരിയാർ ഡാമിന് ഭീഷണി ഒന്നും തന്നെ ഇല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിൽ ഡാം സുരക്ഷയെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ സത്യ വിരുദ്ധമാണെന്നും ഇത് തുടർന്നാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി എടുക്കുമെന്നുമാണ് പിണറായി സഭയിൽ പറഞ്ഞത്.

ഒന്ന് ചോദിക്കട്ടെ... ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയാണോ ? 50 വർഷം മാത്രം ആയുസ്സ് നിശ്ചയിക്കപ്പെട്ടിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. ഇപ്പോൾ തന്നെ 120 വർഷം പിന്നിട്ടിരിക്കുന്നു. അക്കാലത്തെ സുർക്കി മിശ്രിതമാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ഡാമിന് ബലക്ഷയമുണ്ടെന്നും അപകട സാധ്യത ഉണ്ടെന്നും വിദഗ്ദ്ധ സമിതി വിലയിരുത്തിയതാണ്. ഡാമിലെ ജലനിരപ്പ് നിശ്ചിത ലെവലിൽ നിർത്തണമെന്നും ശുപാർശയുണ്ട്. പുതിയ ഡാം പണിയണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകൾ തന്നെ ഇല്ലാതാവും. ഏകദേശം 30 ലക്ഷത്തോളം ജനങ്ങൾക്ക് ജീവന് ഭീഷണി ഉണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി മഴ കനക്കെ പെയ്യുകയാണ്. ഡാമുകളിലേക്ക് ഉള്ള നീരൊഴുക്ക് ശക്തമായി. ഇടുക്കി, ഇടമലയാർ, പമ്പ തുടങ്ങിയ ഡാമുകൾ കഴിഞ്ഞ ദിവസം തുറന്ന് വിട്ട് ജലനിരപ്പ് ക്രമീകരിച്ചു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 കടന്നിരിക്കുന്നു.

നമുക്ക് തുറന്ന് വിടാൻ അനുവാദമില്ല. തമിഴ്നാട് കനിയണം. നമ്മുടെ ഏമാൻമാർക്ക് തമിഴ് നാടിനോട് പറയാൻ ഭയമാണ്. ഈ ഒരു സാഹചര്യത്തിലാണ് നടൻ പൃഥ്വിരാജ് ഉൾപ്പടെ നൂറ് കണക്കിനാളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെക്കുറിച്ചുള്ള ആശങ്ക പങ്കു വെച്ചത്.

ഇതാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്. കാള മൂത്രമൊഴിക്കുന്നതിനുവരെ പ്രമേയം പാസ്സാക്കുന്ന കേരള നിയമസഭ എന്തുകൊണ്ട് ഒരു പ്രമേയം പാസ്സാക്കിയില്ല ? ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ അനുകൂലിച്ച് പ്രമേയം പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം തുടങ്ങി സകലതിനും പ്രമേയം പാസ്സാക്കുന്ന കേരള നിയമസഭ യിൽ കേരളത്തിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയായ ഒരു വിഷയത്തെക്കുറിച്ച് അടിയന്തിര പ്രമേയം കൊണ്ടു വന്നപ്പോൾ സഭ നിർത്തി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാവാത്തത് എന്താണ്?

ഇതിലെ രാഷ്ട്രീയം എന്താണ് ? ആരേയാണ് പിണറായിക്ക് സന്തോഷിപ്പിക്കേണ്ടത്? ഡാമിന് സുരക്ഷാ ഭീഷണി ഇല്ലെന്ന് പിണറായിക്ക് എങ്ങിനെയറിയാം ? പിണറായിയോട് ചോദിച്ചിട്ടാണോ ഡാം തകരുന്നത്?

സുപ്രീം കോടതിയിൽ കേസ് വന്നപ്പോൾ പിണറായിയുടെ നിലപാട് കേരളത്തിന്റെ അടിയന്തിരാവശ്യത്തിന്റെ കരുത്ത് ചോർത്തി. 97 വയസ്സായ അച്ചുതാനന്ദനു പോലും പിണറായിയുടെ നിലപാടിനെ തള്ളേണ്ടി വന്നു. ഇതിന് പുറമേയാണ് പിണറായി വിജയന്റെ ഭീഷണി. സാമൂഹ്യ മാധ്യമങ്ങളിൽ മുല്ലപ്പെരിയാർ വിഷയത്തിൽ ഭീതി പരത്തുന്ന രീതിയിൽ എഴുതിയാൽ കേസ് എടുക്കും എന്നാണ് പിണറായി പറഞ്ഞത്. നല്ല മുഖ്യമന്ത്രി അല്ലേ?

സഭയിൽ അടിയന്തിര പ്രമേയം ചർച്ചക്ക് എടുത്ത് കാര്യഗൗരവത്തോടെ ഇടപെട്ട് സംസാരിക്കേണ്ടിയിരുന്ന മുഖ്യമന്ത്രി കാണിച്ച വങ്കത്തരത്തിന് വലിയ വില കൊടുക്കേണ്ടിവരും. മുല്ലപ്പെരിയാർ തകർന്നാൽ അവയ്‌ലെബിൾ പോളിറ്റ്ബ്യൂറോ കൂടി അനുശോചനം രേഖപ്പെടുത്തും. അത്ര തന്നെ. ഞങ്ങളുടെ നീതി ശാസ്ത്രവും രീതിശാസ്ത്രവും ഇതാണ്.

voices
Advertisment