Advertisment

'വിപ്രതിപത്തിയെ മഹത്വപ്പെടുത്തിയ ഗാന്ധിഹത്യ'; ബട്ട്വാരാ കാ ഇതിഹാസ്, പരമ്പര -20

author-image
സത്യം ഡെസ്ക്
New Update

-സിപി കുട്ടനാടൻ

Advertisment

publive-image

ഗാന്ധിജിയുടെ നിരാഹാര സത്യഗ്രഹം അവസാനിയ്ക്കുന്ന ദിവസമായിരുന്നു പാകിസ്ഥാനിൽ നിന്നുമെത്തിയ ഹിന്ദു അഭയാർത്ഥിയായിരുന്ന മദൻലാൽ പഹ്വ ആക്രമണ ശ്രമം നടത്തിയതെന്ന് നമ്മൾ കഴിഞ്ഞ ലക്കത്തിൽ വായിച്ചിരുന്നു. സംഭവ സ്ഥലത്തു നിന്നും മദൻലാൽ പഹ്വയെ പോലീസ് പിടികൂടി. ഈ സംഭവത്തോടെ മഹാത്മജി താമസിയ്ക്കുന്ന ബിർളാ ഹൌസിൽ കനത്ത പോലീസ് കാവലുണ്ടായി.

ഈ സത്യാഗ്രഹത്തിൽ പാകിസ്താന് 55 കോടി നല്കണമെന്നത് മാത്രമായിരുന്നില്ല മഹാത്മാവിൻ്റെ ആവശ്യങ്ങൾ. ഉപവാസം അവസാനിപ്പിക്കാനുള്ള ഏഴ്‌ ഉപാധികളില്‍ ഒന്ന്‌ പാകിസ്ഥാനിൽ നിന്നുമെത്തിയ ഹിന്ദു അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഡല്‍ഹിയിലെ ഒരു മോസ്‌ക്കുമായി ബന്ധപ്പെട്ടതാണ്‌.

മുസ്ലിം കലാപകാരികളാൽ എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ കണ്ണിൽ കണ്ട താമസ സൗകര്യങ്ങളിൽ കയറിക്കൂടാൻ തുടങ്ങി. അങ്ങനെ ഡൽഹിയിലെ മുസ്‌ലിം പള്ളിയിലും അഭയാർത്ഥികൾ കയറി. അല്ലാതെ അവർ എന്ത് ചെയ്യണമായിരുന്നു. അവർക്ക് മറ്റൊന്നും സാദ്ധ്യമായിരുന്നില്ല. എന്നാൽ മുസ്ലീങ്ങൾക്ക് ഇതൊന്നും അറിയേണ്ട ആവശ്യമില്ലായിരുന്നു. അവർ തങ്ങളുടെ താത്പര്യങ്ങൾ പെട്ടന്ന് മനസിലാക്കുന്ന മഹാത്മാവിലേക്ക് നോക്കി.

ആ നോട്ടത്തിൻ്റെ പരിണിത ഫലമായിരുന്നു ഉപവാസത്തിലെ മറ്റ് ആവശ്യങ്ങൾ. മുസ്‌ളീങ്ങളുടെ താത്പര്യങ്ങളെ മാനിച്ച് ഹിന്ദു അഭയാര്‍ത്ഥികള്‍ താമസിക്കുന്ന മോസ്‌ക്കുകള്‍ ഒഴിഞ്ഞു കൊടുക്കണമെന്ന ഗാന്ധിജിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. നല്ല മഴയുള്ള തണുപ്പു കാലത്തെ ഒരു ദിവസമായിരുന്നു 1948 ജനുവരി 20. അന്ന് തന്നെ ഓരോ കുടുംബത്തെയും മോസ്കുകളിൽ നിന്നും തെരുവിലിറക്കി. അവര്‍ക്കു താമസിക്കുവാന്‍ പകരം സൗകര്യങ്ങള്‍ ചെയ്‌തു കൊടുത്തില്ല.

publive-image

അവരുടെ വിലാപങ്ങള്‍ ഗാന്ധിജി താമസിച്ചിരുന്ന ബിര്‍ളാഹൗസില്‍ വരെ ചെന്നു. "ഗാന്ധിജി, കിടക്കാനൊരിടം തരൂ'' എന്ന വിലാപം, എത്ര കഠിന ഹൃദയൻ്റെയും ഹൃദയമുരുക്കുന്ന ഈ കാഴ്‌ച നേരില്‍ കാണുന്ന പ്രതികരണശേഷിയുള്ള ജനതയുടെ മനോഭാവം ഏതു രീതിയിൽ ചിന്തിയ്ക്കും എന്ന് നാം മനസിലാക്കണം. തങ്ങളുടെ വീടുകളേക്കാള്‍ സൗകര്യം കണ്ടല്ല അഭയാര്‍ഥികള്‍ മോസ്‌ക്കുകളില്‍ എത്തിയത്‌. പാകിസ്ഥാനില്‍ ഗുരുദ്വാരയും അമ്പലങ്ങളും ബാക്കിയില്ല.

തങ്ങളുടെ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നത് ‌നേരില്‍ കണ്ടവരാണ് ‌അവര്‍. എല്ലാം നഷ്ടപ്പെട്ട അവർ വന്നത് തലചായ്ക്കാനൊരു ഇടം തേടിയാണ്. തെരുവുകളില്‍ കിടക്കുമ്പോഴും സ്വന്തം വീടുകളെപ്പറ്റിയുള്ള ഓര്‍മ്മകളാണ് ‌പള്ളിയില്‍ കയറുവാന്‍ അവരെ പ്രേരിപ്പിച്ചത്‌. അഭയാര്‍ഥികളെ പള്ളിയില്‍ നിന്നും ഒഴിപ്പിക്കുമ്പോള്‍ അവര്‍ക്ക്‌ താമസിക്കുവാന്‍ സംവിധാനം ഏര്‍പ്പെടുത്തണമന്ന്‌ ഗാന്ധിജി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടില്ല.

മോസ്‌ക്കുകളില്‍ നിന്ന്‌ ഇറങ്ങണമെന്ന് ‌ഗാന്ധിജി ആവശ്യപ്പെടുമ്പോള്‍ പാകിസ്ഥാനിലെ ക്ഷേത്രങ്ങളില്‍ നിന്നും അഭയാര്‍ത്ഥികള്‍ ഇറങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിൻ്റെ ഹിന്ദുമുസ്ലീം ഐക്യം ആത്മാര്‍ത്ഥമാണെന്നു പറയാമായിരുന്നു.

പക്ഷേ, മുസ്ലീംങ്ങളെ ദോഷമായി ബാധിക്കുന്ന ഉപാധികള്‍ വെച്ചാല്‍ ഒരു വേള ഉപവാസത്തില്‍ മരിച്ചാല്‍ പോലും ദു:ഖിക്കാന്‍ ഒറ്റ മുസ്ലീമും ഉണ്ടാകില്ലെന്ന്‌ ഗാന്ധിജിയ്‌ക്ക് ‌അറിയാമായിരുന്നു. ജിന്ന ഈ ഉപവാസത്തിലൊന്നും വീഴില്ലെന്നും മുസ്ലീംലീഗ് ‌ഗാന്ധിജിയ്‌ക്ക് ‌ഒരു വിലയും നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തിനറിയാമായിരുന്നു. അതിൻ്റെയെല്ലാം ദുരിതങ്ങൾ പേറിയത് ഹിന്ദു ജനവിഭാഗം മാത്രമായിരുന്നു.

ഇങ്ങനെ മഹാത്മാവ് വിതച്ച ദുരിതങ്ങളിൽ നിവൃത്തികെട്ട് രക്ത പ്രതികാരം ചെയ്യാനുള്ള ഉറച്ച തീരുമാനത്തിൽ നാഥുറാം വിനായക്‌ ഗോഡ്‌സെ, നാരായണ്‍ ദത്താത്രേയ ആപ്‌തെ, വിഷ്‌ണു രാമകൃഷ്‌ണ കാര്‍ക്കറെ, ശങ്കര്‍ കിസ്‌തയ്യാ, ഗോപാല്‍ വിനായക്‌ ഗോഡ്‌സെ, ദിഗംബര്‍ രാമചന്ദ്ര ബാഡ്‌ജ, ദത്താത്രേയ സദാശിവ പാച്ചൂരി എന്നിങ്ങനെയുള്ള ഹിന്ദുമഹാസഭാ പ്രവർത്തകർ ഇറങ്ങിപ്പുറപ്പെട്ടു. ഇനിയൊരു പാളിച്ചയുണ്ടാവാതെ ഗാന്ധിജിയെ നിഷ്കാസനം ചെയ്യണമെന്ന് അവർ പ്രതിജ്ഞ എടുത്തിരുന്നു.

കോൺഗ്രസ് പാർട്ടിയെ പിരിച്ചു വിടണമെന്നും 'ലോക് സേവക് സംഘ്' എന്ന സംഘടന രൂപീകരിയ്ക്കണമെന്നും അഭിപ്രായപെട്ടുകൊണ്ട് 1948 ജനുവരി 27ന് ഹരിജൻ പത്രത്തിൽ മഹാത്മാന്ധി എഴുതി. ഭരണകാര്യങ്ങളോ മറ്റു വിഷയങ്ങളോ ഒന്നും തന്നോട് നെഹ്‌റു ആലോചിയ്ക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിച്ചതെന്ന് മറ്റു പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

1948 ജനുവരി 28ന് നഥൂറാം വിനായക് ഗോഡ്സെയും ഡോ. ദത്താത്രേയ പർച്ചുരെയും കൂടി ഗ്വാളിയോറിലേക്ക് പുറപ്പെട്ടു. ജഗദീഷ് പ്രസാദ് ഗോയൽ എന്ന ആയുധ വ്യാപാരിയുടെ കടയിൽ നിന്നും  'M1934' എന്ന തോക്ക് വാങ്ങി. ഇറ്റാലിയൻ നിർമിതമായ ഈ തോക്കിൻ്റെ സീരിയൽ നമ്പർ '606824' ആയിരുന്നു.

പ്രസ്തുത ദിവസം തോക്കുമായി നാഥുറാം വിനായക് ഗോഡ്‌സെ തയാറായി നിന്നു. ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായം കുറിച്ച ദിവസമാകാൻ വിധിയ്ക്കപ്പെട്ടത് 1948 ജനുവരി 30 ആയിരുന്നു. അന്ന് വൈകീട്ട്‌ അഞ്ചു മണിയ്‌ക്ക്‌ തൻ്റെ പതിവ് പ്രാർത്ഥനാ യോഗത്തിൽ സംബന്ധിക്കുവാനായി മനുബെൻ ഗാന്ധിയോടും, ആഭ ചാറ്റർജിയോടുമൊപ്പം ബിർളാ ഹൗസിലെ പുൽത്തകിടിയിലേക്ക് നടന്നു പോവുകയായിരുന്ന മഹാത്മാ ഗാന്ധി 10 മിനിറ്റ് വൈകിയിരുന്നു.

ഇതേ സമയം നാഥുറാം വിനായക് ഗോഡ്സേ, കൂപ്പിയ കൈകളോടെ ഗാന്ധിജിയുടെ നേർക്കടുത്തു. മനുബെൻ കരുതിയത് അയാൾ ഗാന്ധിജിയുടെ കാൽക്കൽ നമസ്കരിക്കാൻ പോവുകയാണെന്നാണ്. അവർ വിലക്കി, "ബാപ്പു ഇപ്പോൾ തന്നെ പത്തു മിനിറ്റ് വൈകിയിട്ടുണ്ട്. അദ്ദേഹത്തെ കൂടുതൽ പരിഹാസ്യനാക്കരുത്. മാറൂ..." പക്ഷെ ഗോഡ്സേ മനുവിനെ തള്ളിമാറ്റി. മനുവിൻ്റെ കയ്യിൽ നിന്ന് നോട്ടുബുക്കും രുദ്രാക്ഷമാലയും മറ്റും താഴെ വീണു. ഗോഡ്‌സെ തൻ്റെ കയ്യിൽ കരുതിയിരുന്ന 9mm ബെറെറ്റാ 1934 സെമി ഓട്ടോമാറ്റിക് ഹാൻഡ് പിസ്റ്റളിൽ നിന്നും 3 ഇരുമ്പുണ്ടകൾ മഹാത്മജിയുടെ വയറ്റിലേക്ക് പായിച്ചു.

`ആ' എന്നു നിലവിളിച്ചു കൊണ്ട് ‌ഗാന്ധിജി നിലത്തു വീണു (ചരിത്രത്തിൽ ചിലർ ഇതിനെ 'ഹേ റാം' എന്നാക്കിത്തീർത്തു). അദ്ദേഹം ബോധരഹിതനായി. ഒരു ജനതയുടെ ഹൃദയത്തിൽ വേരുപടർത്തിയിരുന്ന ഗാന്ധിജി വാചകങ്ങൾക്ക് വിവരിയ്ക്കാൻ സാധിയ്ക്കാത്ത രീതിയിൽ നിശ്ചലനായി. ചുറ്റിനും നിന്നവർ ഭയന്ന് നിലവിളിച്ചു. വെടിവച്ച ശേഷം നാഥുറാം കൈകള്‍ ഉയര്‍ത്തി. പോലീസ് എത്തി ഗോഡ്‌സെയെ അറസ്റ്റ് ചെയ്തു.

ആഭാബെൻ ഗാന്ധിജിയുടെ ശിരസ്സ് തൻ്റെ മടിയിലേക്ക് ഉയർത്തിവച്ചു. വെടിയേറ്റ് ഇരുപത്‌ മിനിട്ടുകള്‍ക്കു ശേഷം സ്വതന്ത്ര ഇന്ത്യയെ മഹാത്മാവ് വിട്ടുപിരിഞ്ഞു. ഇന്ത്യയെ പിടിച്ചു കുലുക്കിയ വലിയ സംഭവം നടന്നിരിയ്ക്കുന്നു. വിദേശ പത്രങ്ങളും സ്വദേശ പത്രങ്ങളുമെന്നുവേണ്ട നാടൊട്ടുക്ക് വാർത്ത പരന്നു. ദൽഹി പരിഭ്രാന്തമായി. ഹിന്ദുമഹാസഭയും ആർഎസ്എസും പ്രതിക്കൂട്ടിലായി.

publive-image

അന്ന് രാത്രി പ്രധാനമന്ത്രി നെഹ്‌റു റേഡിയോയിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. അത് ഇംഗ്ലീഷ് പ്രസംഗമായിരുന്നു. അദ്ദേഹം ദുഖാർത്തമായ സ്വരത്തിൽ ഇന്ത്യക്കാരോട് പറഞ്ഞു.

"The light has gone out of our lives and there is darkness everywhere. I do not know what to tell you and how to say it. Our beloved leader, Bapu as we called him, the Father of the Nation, is no more. Perhaps I am wrong to say that. Nevertheless, we will never see him again as we have seen him for these many years. We will not run to him for advice and seek solace from him, and that is a terrible blow, not to me only, but to millions and millions in this country. And it is a little difficult to soften the blow by any other advice that I or anyone else can give you"

(നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം പോയ്മറഞ്ഞു, എല്ലായിടത്തും ഇരുട്ടാണ്. നിങ്ങളോട് എന്താണ് പറയേണ്ടതെന്നും എങ്ങനെ പറയണമെന്നും എനിക്കറിയില്ല. രാഷ്ട്രപിതാവ് എന്ന് നമ്മൾ വിളിച്ചിരുന്ന നമ്മുടെ പ്രിയപ്പെട്ട നേതാവ് ബാപ്പു ഇപ്പോൾ ഇല്ല. ഒരുപക്ഷേ ഞാൻ അങ്ങനെ പറയുന്നത് തെറ്റായിരിക്കാം. എന്നിരുന്നാലും, ഇത്രയും വർഷങ്ങളായി അദ്ദേഹത്തെ കണ്ടത് പോലെ ഇനി നമ്മൾ അദ്ദേഹത്തെ ഒരിക്കലും കാണില്ല. ഇനി ഉപദേശത്തിനായി നമ്മൾ അദ്ദേഹത്തിൻ്റെ അടുത്തേക്ക് പോവുകയോ അതിൽ നിന്ന് ആശ്വാസം തേടുകയും ഇല്ല, അത് എനിക്ക് മാത്രമല്ല, ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾക്കേറ്റ ഭയങ്കരമായ പ്രഹരമാണ്. എനിക്കോ മറ്റാർക്കോ നൽകാൻ കഴിയുന്ന എന്തെങ്കിലും വാചകങ്ങളാൽ ആ പ്രഹരത്തെ മയപ്പെടുത്താൻ ശ്രമിക്കുന്നത് അൽപ്പം ബുദ്ധിമുട്ടാണ്.)

പിറ്റേ ദിവസം 1948 ജനുവരി 31ന് നാഥുറാം വിനായക് ഗോഡ്‌സെ പത്രാധിപരായ ഹിന്ദുരാഷ്ട്ര പത്രത്തിൻ്റെ അവസാന ലക്കം പുറത്തിറങ്ങി. അതിൽ ഗാന്ധിവധത്തെക്കുറിച്ചുള്ള വാർത്ത അച്ചടിച്ചിരുന്നു. ഗാന്ധിജിയെ വധിച്ചത് പത്രത്തിൻ്റെ എഡിറ്ററായ നാഥുറാം ഗോഡ്‌സെയാണെന്നും പത്രത്തിലുണ്ടായിരുന്നു.

ഇന്ത്യയാകെ ദുഖത്തിൻ്റെയും കോപത്തിൻ്റെയും അന്തരീക്ഷം രൂപപ്പെട്ടു. മഹാത്മാവിൻ്റെ വിയോഗത്തിൽ രോക്ഷം പൂണ്ട ജനക്കൂട്ടം ആർഎസ്എസിൻ്റെയും ഹിന്ദു മഹാസഭയുടെയും ഓഫീസുകൾ പലയിടത്തും തകർത്തു. ഗോഡ്‌സെയുടെ സമുദായമായ ചിത്പാവൻ ബ്രാഹ്മണരെ മഹാരാഷ്ട്രയിലെ ജനക്കൂട്ടം ആക്രമിച്ചു 15 ആളുകളെ കൊലപ്പെടുത്തി. എന്നാൽ ഗാന്ധിവധത്തിൽ സന്തോഷിച്ച ജനങ്ങൾ മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മഹാത്മാവ് വെടിയേറ്റു വീണ മണ്ണ് ജനങ്ങൾ വാരിക്കൊണ്ട് പോകാൻ ആരംഭിച്ചു. ക്രമേണ ആ പ്രദേശത്ത് ഒരു കുഴി രൂപപ്പെട്ടു.

publive-image

മഹാത്മാവിൻ്റെ പ്രവൃത്തികളിൽ ജനങ്ങൾക്കുണ്ടായിരുന്ന വിപ്രതിപത്തി മറികടക്കാൻ ഗോഡ്‌സെയുടെ വെടിയുണ്ടകൾ ഗാന്ധിജിയുടെ ആത്മാവിനെ സഹായിച്ചു എന്ന് പറയുന്നതാവും സത്യം. ഗാന്ധിജിയുടെ മരണത്തോടെ അദ്ദേഹം നടത്തിയിരുന്ന ഹരിജൻ പത്രത്തിൻ്റെ പ്രവർത്തനം 1948ൽ നിലച്ചു.

തുടരും...

voices
Advertisment