Advertisment

അട്ടിമറിക്കപ്പെടുന്ന മദ്യനയം... (ലേഖനം)

author-image
nidheesh kumar
New Update

publive-image

Advertisment

ലോകത്തെ ഏതൊരു ഭരണകൂടവും പാലിക്കേണ്ട മൗലികതത്വം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും വളർത്തുകയും പരിപോഷിപ്പിക്കുകയും നന്നാക്കുകയും ചെയ്യുക എന്നതാണ്. അതിന് തക്കതായ നയങ്ങളാണ് സർക്കാർ ആവിഷ്കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും. എന്നാൽ “നാളത്തെ കേരളം, ലഹരിമുക്ത നവകേരളം” എന്ന പ്രതീക്ഷാനിർഭരമായ സ്വപ്ന മുദ്രാവാക്യം പരസ്യം നൽകി സർക്കാർ ജനങ്ങളെ പറ്റിക്കുകയായിരുന്നു.

മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയും മദ്യപരുടെ എണ്ണം കുറച്ചുകൊണ്ടുവരികയും ചെയ്യേണ്ട സർക്കാർ ജനത്തെ നിരന്തരം മദ്യവത്കരിച്ച് മദ്യാസക്തരാക്കുന്നു. ജനത്തെ ഏത് വിധേനയും കുടിപ്പിച്ച് കിടത്തി, അവന്റെ ബലഹീനതയെ ചൂഷണം ചെയ്ത് ഖജനാവ് നിറക്കാനുള്ള മാർഗങ്ങളെക്കുറിച്ചാണ് സർക്കാറിന്റെ ചിന്ത. കുടുംബങ്ങൾ തകർന്നാലും സമൂഹം നശിച്ചാലും നാടു മുടിഞ്ഞാലും വേണ്ടില്ല, പണം മാത്രം മതി എന്ന ചിന്ത ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല.

ഇടത് സർക്കാറിന്റെ മദ്യവർജന നയം ശുദ്ധ തട്ടിപ്പായിരുന്നു. മദ്യവർജനത്തിലൂടെ മദ്യലഭ്യത കുറച്ചുകൊണ്ടു വരുമെന്ന അഴകൊഴമ്പൻ മദ്യനയം ജനങ്ങളെ വിഡ്ഢികളാക്കാനും അവരുടെ കണ്ണിൽ പൊടിയിടാനും വേണ്ടി മാത്രമായിരുന്നു. ജനമന:സാക്ഷി മദ്യത്തിനെതിരാണെന്ന് കണ്ടത് കൊണ്ട് അപ്രകാരം പരസ്യവും നയവും പ്രഖ്യാപിച്ചു.

“കേരളത്തെ മദ്യവിമുക്തരാക്കാൻ പ്രതിജ്ഞാബദ്ധരാണ് എൽ.ഡി.എഫ്. മുന്നണി. മദ്യപരെ ബോധവത്കരിക്കാൻ സമഗ്രപദ്ധതികളുണ്ട്. അതുകൊണ്ട് നുണപറയുന്നവരെ തിരിച്ചറിയുക" കെ.പി.എ.സി.ലളിത പരസ്യത്തിലൂടെ പറഞ്ഞ നുണയാണിത്. “എൽ.ഡി.എഫ് വന്നാൽ മദ്യവർജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കാൻ കർശനമായ നടപടികളെടുക്കും. മദ്യനയം സുതാര്യമായിരിക്കും. അഴിമതിയില്ലാത്തതായിരിക്കും". ഇന്നസെന്റിനെക്കൊണ്ട് പറയിച്ച നുണയാണിത്.

ഇടതുമുന്ന ണിയുടെ പത്രികയിൽ മദ്യനയം വ്യക്തമാക്കി. “മദ്യം കേരളത്തിൽ ഗുരുതരമായ സാമൂഹ്യവിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാൻ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുക.” കൊടിയ ജനവഞ്ചനയായിരുന്നു ഈ പ്രഖ്യാപിത നയം.

തെരഞ്ഞെടുപ്പുകാലത്ത് ഇടതുനേതാക്കളും നുണകൾ ആവർത്തിച്ചു. യു.ഡി.എഫിന്റെ കാലത്ത് അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കുമോ എന്ന ചോദ്യത്തിന് സി.പി.എം.ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു “ഒരിക്കലും തുറക്കില്ല”. സി.പി.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു;

“മദ്യത്തിന്റെ ലഭ്യത ഇന്നുള്ളതിനേക്കാൾ കുറച്ചുകൊണ്ടുവരുന്ന, മദ്യവർജനത്തിൽ അധിഷ്ഠിതമായ ഒരു നയമായി രിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കാൻ പോകുന്നത്. ഇന്ന് ലഭ്യമാകുന്ന മദ്യത്തിൽ ഒരു തുള്ളി പോലും അധികം ലഭ്യമാകാത്തവിധത്തിൽ, അതിനേക്കാൾ കുറയ്ക്കുന്ന വിധത്തിലുള്ള നടപടികളാണ് സ്വീകരി ക്കുക".

പറച്ചിലിനും നയത്തിനും എതിരായ അട്ടിമറി സമീപനമാണ് പിന്നീട് കണ്ടത്. സർക്കാർ അധികാരത്തിൽ വന്ന് നാളുകൾക്കുള്ളിൽ 3 സ്റ്റാർ ഉൾപ്പെടെയുള്ള മുഴുവൻ മദ്യശാലകളും തുറന്നുകൊടുത്തു. 2 സ്റ്റാറുകൾക്കെല്ലാം ബിയർ-വൈൻ പാർലറുകൾ അനുവദിച്ചു നൽകി. ദൂരപരിധിനിയമം 200-ൽ നിന്ന് 50 ആക്കി. ഒരു പ്രദേശത്ത് മദ്യശാലകൾ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അധികാരം നൽകുന്ന പഞ്ചായത്ത് രാജ്-നഗരപാലിക ബില്ലിലെ 232, 447 വകുപ്പു കൾ റദ്ദാക്കി.

10 ശതമാനം ബിവറേജ് ഔട്ട്ലറ്റുകൾ പൂട്ടിക്കൊണ്ടിരുന്നത് നിർത്തലാക്കി. ബവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും സൂപ്പർ മാർക്കറ്റുകൾ തുറന്നു. പുതുതായി ബാറുകൾ അനുവദിച്ചു നൽകി. വിമാനത്താവളങ്ങളിലെ അന്താരാഷ്ടലോഞ്ചുകൾക്കൊപ്പം അഭ്യന്തരലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കി. കൂടാതെ പോലീസ് ക്യാന്റീനുകൾക്കും മദ്യവില്പനക്ക് അനുമതി നൽകി. ഇങ്ങനെ മദ്യനയം നിരന്തരം അട്ടിമറിച്ച് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

തുടർന്നിങ്ങോട്ട് ബുവറികളും ഡിസ്റ്റലറികളും സ്ഥാപിക്കാനുള്ള നീക്കം, ദേശീയ-സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യാനുള്ള നീക്കം, കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ മദ്യക്കടയും പബ്ബുകളിൽ ബിയർ-വൈൻ പാർലറുകളും തുടങ്ങാനുള്ള നീക്കം, ബ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് കുറക്കാനെന്ന വ്യാജേന 175 ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയ എല്ലാ നീക്കങ്ങളും സർക്കാർ നയത്തിന്റെ വഞ്ചന വെളിവാക്കുന്നതാണ്. സർക്കാർ, റവന്യൂ മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്തെ ഒരു മുഴുക്കുടിയന്മാരുടെ നാടാക്കി മാറ്റുകയാണ്. മദ്യവർജന മെന്ന കപടനയത്തിലൂടെ സർക്കാർ ജനങ്ങളെ അതിവിദഗ്ദ്ധമായി നിരന്തരം വഞ്ചിക്കുകയാണ്.

മദ്യലഭ്യത വർദ്ധിപ്പിച്ചശേഷം മദ്യാസക്തരെ ഉപദേശിച്ച് മാറ്റാമെന്ന വിചിത്രന്യായം ഇനിയെങ്കിലും സർക്കാർ തിരുത്തണം. ജനത്തെ കുടിപ്പിച്ച് കിടത്തി ഭരണം നടത്തരുത്. കേരളത്തെ ഇഞ്ചിഞ്ചായി കൊല്ലരുത്. ക്യൂ നില്ക്കുന്നവർ ഭൂരിഭാഗവും മദ്യാസക്തരോഗികളാണ്. അവരെ ചികിത്സിക്കുകയാണ് വേണ്ടത്.

മദ്യശാലകളിലെ തിരക്ക് വഴിവാക്കാനല്ല, മറിച്ച് മദ്യംമൂലം തകർന്ന മനുഷ്യരെ, കുടുംബങ്ങളെ വിമോചിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ ആവിഷ്കരിക്കേണ്ടത്. മദ്യം ഏറ്റവും വലിയ സാമൂഹ്യവിപത്താണെന്ന് ബോധ്യമുള്ള സർക്കാർ മദ്യലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്ന വാഗ്ദ്ധാനം/നയം നടപ്പിലാക്കുക. “ലഹരിമുക്ത നവകേരളം” എന്ന ലക്ഷ്യപ്രാപ്തിക്ക് മദ്യവർജനവും മദ്യനിരോധനവും ഒന്നിച്ചുപോകണം. അതാണ് ഫലപ്രദവും പ്രായോഗികവുമായ മദ്യനയം. (8075789768)

voices
Advertisment