റാഗിങ്ങിന്‍റെ പേരില്‍ നിരവധി പേര്‍ മരണപ്പെട്ടു. നിരവധി ആത്മഹത്യാശ്രമങ്ങള്‍ നടന്നു. പലരും മനോരോഗികളായി. പലരും പഠനം ഉപേക്ഷിച്ചു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് റാഗിങ്ങിന്‍റെ പേരില്‍ നടക്കുന്നത്. റാഗിങ് എന്ന കിരാതത്വം !

author-image
nidheesh kumar
New Update

publive-image

Advertisment

റാഗിങ്ങിന്‍റെ പേരിലുള്ള കൊടുംക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുന്നു. മൃഗത്തോടുപോലും
കാണിക്കരുതാത്ത ക്രൂരതയാണ് മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്നത്. ഒരു വ്യക്തിയില്‍
അന്തര്‍ലീനമായ എല്ലാവിധ മൃഗീയതയും നിസ്സഹായനായ മറ്റൊരാളുടെ മേല്‍
പ്രയോഗിക്കുന്നത് കാടത്തമാണ്. റാഗിങ് എന്ന കിരാതത്വം നമ്മുടെ ക്യാമ്പസുകളെ
ശവപ്പറമ്പുകളാക്കി മാറ്റുകയാണ്.

റാഗിങ്ങിന്‍റെ പേരില്‍ നിരവധി പേര്‍ മരണപ്പെട്ടു. നിരവധി ആത്മഹത്യാശ്രമങ്ങള്‍ നടന്നു. പലരും മനോരോഗികളായി. പലരും പഠനം ഉപേക്ഷിച്ചു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് റാഗിങ്ങിന്‍റെ പേരില്‍ നടക്കുന്നത്. റാഗിങ് സംബന്ധിച്ച് മെഡിക്കല്‍ കോളേജുകള്‍ക്കായി പ്രത്യേക മാര്‍ഗരേഖ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

റാഗിങ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നഷ്ടപ്പെടുകയോ സീറ്റുകളുടെ എണ്ണം കുറയ്ക്കുകയോ തുടര്‍ന്നുള്ള പ്രവേശനം വിലക്കുകയോ ചെയ്യാം.

ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക താമസ കേന്ദ്രമോ, ഹോസ്റ്റലില്‍ പ്രത്യേക ബ്ലോക്കോ ക്രമീകരിക്കണമെന്നും സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഇവിടേക്കുള്ള പ്രവേശനം കര്‍ശനമായി നിരീക്ഷിക്കണമെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പ്രിവന്‍ഷന്‍ ആന്‍റ് പ്രൊഹിബിഷന്‍ ഓഫ് റാഗിങ് ഇന്‍ മെഡിക്കല്‍ കോളേജസ് ആന്‍റ് ഇന്‍സ്റ്റിറ്റ്യൂ ഷന്‍സ് എന്ന മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

ആന്‍റി റാഗിങ് കമ്മറ്റി, ആന്‍റി റാഗിങ് സ്ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനം സജീവമാക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ബോധവത്കരണം നല്‍കണം. റാഗിങ് സംബന്ധിച്ച് പരാതി നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ പേര് രഹസ്യമായി സൂക്ഷിക്കണം. പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കണം.

7 ദിവസത്തിനുള്ളില്‍ ഇവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒന്നാംവര്‍ഷ പ്രവേശനത്തിനുമുമ്പ് പോലീസ്, ഹോസ്റ്റല്‍ വാര്‍ഡന്‍, അധ്യാപകര്‍, മാതാപിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സംയുക്തയോഗം വിളിക്കുകയും റാഗിങ് നടപടികള്‍ വിശദീകരിക്കുകയും വേണം. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ പോകുന്ന ക്യാന്‍റീന്‍, മെസ്, ജിംനേഷ്യം എന്നിവിടങ്ങളില്‍ നിരീക്ഷണമുണ്ടാകണം.

ഹോസ്റ്റലില്‍നിന്ന് പുറത്തുപോകാന്‍ അധികൃതരുടെ അനുമതി വാങ്ങണം. ഹെല്‍പ് ലൈന്‍ നമ്പര്‍, സ്ഥാപനത്തിലെ അധികൃതരുടെ ഫോണ്‍, മറ്റ് വിവരങ്ങള്‍ താമസകേന്ദ്രങ്ങളില്‍ സ്ഥാപിക്കണം. റാഗിങ് നടക്കാനിടയുള്ള സ്ഥലങ്ങളില്‍ വീഡിയോ നിരീക്ഷണം ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍, സ്വകാര്യസ്ഥാപന ങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ പോലീസിന് കൈമാറണം.

റാഗിങ് സംബന്ധിച്ച പരാതികള്‍ വിദ്യാര്‍ത്ഥിയോ മാതാപിതാക്കളോ പോലീസിന് നേരിട്ട് നല്‍കിയാലും സ്ഥാപന മേധാവിയും പരാതി നല്‍കാന്‍ ബാധ്യസ്ഥനാണ്. റാഗിങ് വിവരം സര്‍വകലാശാല അധികൃതരെയും അറിയിക്കണം.

കോളേജില്‍ പുതുതായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ സങ്കോചമകറ്റുന്നതിനുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളുടെ തമാശകലര്‍ന്ന നമ്പറുകളാണ് പിന്നീട് മൃഗീയവും ആഭാസകരവുമായ റാഗിങ് എന്ന കാടത്തമായി മാറിയത്. മാന്യതയുടെയും മര്യാദയുടെയും കലാലയ അച്ചടക്കത്തിന്‍റെയും സകലസീമകളും ലംഘിച്ച് റാഗിങ് ക്യാമ്പസുകളുടെ ശാപമായി മാറിയിട്ടുണ്ട്.

മദ്യവും മയക്കുമരുന്നുകളും ഈ ക്രൂരതയുടെ ആക്കം വര്‍ദ്ധിപ്പിച്ചു. റാഗിങിനെ കര്‍ശനമായി വിലക്കികൊണ്ടുള്ള അതി ശക്തമായ നിയമവ്യവസ്ഥകള്‍ നിലവിലുണ്ട്. റാഗിങിന് മുതിര്‍ന്നാല്‍ ഭാവി അപകടത്തിലാകും. കുറ്റം തെളിഞ്ഞാല്‍ ജയിലില്‍ പോകേണ്ടിവരും, തീര്‍ച്ച.

റാഗിങ് ആരും നിശബ്ദമായി സഹിക്കേണ്ടതില്ല. റാഗിങ് നടന്നാല്‍ ഉടന്‍ പ്രതികരിക്കുക. റാഗിങിനെതിരായ നിയമ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക. റാഗിങിന് മൗനാനുവാദം
നല്കിയാല്‍ വിദ്യാഭ്യാസസ്ഥാപനത്തിന്‍റെ മേലധികാരികളും ജയിലില്‍ പോകേണ്ടിവരും.

റാഗിങ് നടത്തിയവര്‍ പലരും ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. സ്ഥാപന അധികൃതര്‍ ശിക്ഷാനടപടികള്‍ നേരിടുകയാണ്. കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ റാഗിങ് നിരോധിച്ചുകൊണ്ട് 1997 ഒക്ടോബര്‍ 23-ന് നിയമം നിലവില്‍ വന്നിട്ടുണ്ട്, KeralaProhibitionofRaggingordinance,1997 എന്ന പേരില്‍ ആദ്യം ഓര്‍ഡിനന്‍സായിട്ടാണ് നിയമം കൊണ്ടുവന്നത്.

പിന്നീട് കേരള നിയമസഭ “TheKeralaProhibitionofRaggingAct,1998” എന്ന പേരില്‍ അത് നിയമമായി
അംഗീകരിച്ച് നടപ്പിലാക്കി. കേരളം മുഴുവന്‍ ഈ നിയമത്തിന്‍റെ പരിധിയില്‍ വരും. റാഗിങ്
ഏത് രൂപത്തിലും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ജാമ്യം ലഭിക്കാത്ത കുറ്റമാണ് റാഗിങ്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ശാരീരികമായോ മാനസികമായോ ഉപദ്രവം ഉണ്ടാകുകയോ, ആ വിദ്യാര്‍ത്ഥിയില്‍ ഭീതിയോ ജാള്യതയോ വേവലാതിയോ നാണക്കേടോ ഉണ്ടാക്കുന്ന രീതിയല്‍ പെരുമാറുകയോ ചെയ്താല്‍ അത് റാഗിങാണ്.

ഒരു വിദ്യാര്‍ത്ഥിയെ കളിയാക്കുക, ആക്ഷേപിക്കുക, അയാളെ പരിഹാസ പാത്രമാക്കുന്ന രീതിയില്‍ തമാശകള്‍ കാണിക്കുക, സാധാരണഗതിയില്‍ ചെയ്യാത്തകാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുക എന്നിവയും റാഗിങ്ങിന്‍റെ നിര്‍വ്വചനത്തില്‍പ്പെടും. റാഗിങ് വിദ്യാഭ്യാസസ്ഥാപനത്തിന്‍റെ അകത്തോ, പുറത്തോ എവിടെവച്ച് നടന്നാലും കുറ്റകരമാണ്.

യു.ജി.സി (സര്‍വ്വകലാശാല ഗ്രാന്‍റ്സ് കമ്മീഷന്‍) റാഗിങ്ങിനെ പുനര്‍നിര്‍വ്വചിച്ചിട്ടുണ്ട്.
"തുടക്കക്കാരനോ അല്ലാത്തതോ ആയ ഏത് വിദ്യാര്‍ത്ഥിയോടും വാക്കുകൊണ്ടോ,
എഴുത്തുകൊണ്ടോ, പ്രവൃത്തികൊണ്ടോ ഉള്ള മോശമായ ഇടപെടല്‍" എന്നാണ് യു.ജി.സി റാഗിങിനെ നിര്‍വ്വചിച്ചിട്ടുള്ളത്.

ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാത്തരം പീഡനങ്ങളും റാഗിങ്ങാണ്. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അക്കാദമിക് ജോലികള്‍ മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിക്കുക, സാമ്പത്തികമായി ചൂഷണം ചെയ്യുക, ലൈംഗികമായി ചൂഷണം ചെയ്യുക, സ്വവര്‍ഗ്ഗരതിക്ക് പ്രേരിപ്പിക്കുക, ഇ-മെയിലിലൂടെയോ പോസ്റ്റ് വഴിയോ അസഭ്യ പ്രയോഗം നടത്തുക, നഗ്നനാക്കുക, മറ്റ് തരംതാണ പ്രവര്‍ത്തികള്‍, ആംഗ്യങ്ങള്‍ എന്നിവയെല്ലാം റാഗിങ്ങിന്‍റെ പരിധിയില്‍പ്പെടും.

സുപ്രീംകോടതിയുടെ യു.ജി.സി. ആന്‍റി റാഗിങ് റെഗുലേഷന്‍ ആക്ട് (04.07.2009) അനുസരിച്ച് സംസ്ഥാനങ്ങളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ കോളേജുകളിലും ആന്‍റി റാഗിങ് സെല്‍ രൂപീകരിക്കേണ്ടതാണ്.
ശി

ക്ഷാ നടപടികള്‍ :റാഗിങ് നടന്നതായി തെളിയിക്കപ്പെട്ടാല്‍ 2 വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. റാഗിങ്ങില്‍ പങ്കെടുത്തവരും പ്രോത്സാഹിപ്പിക്കുന്നവരും കുറ്റക്കാരാണ്. യു.ജി.സി റഗുലേഷന്‍ അനുസരിച്ച് രണ്ടരലക്ഷം രൂപവരെ റാഗിങ് നടത്തിയവരില്‍ നിന്ന് പിഴയായി ഈടാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ക്ലാസില്‍ ഹാജരാകുന്നതില്‍ നിന്ന് സസ്പെന്‍ഷന്‍, സ്കോളര്‍ഷിപ്പ്/ഫെല്ലോഷിപ്പ് പിന്‍വലിക്കല്‍, ടെസ്റ്റുകളില്‍ നിന്നോ പരീക്ഷകളില്‍ നിന്നോ ഡീബാര്‍ ചെയ്യല്‍, പരീക്ഷാഫലം തടഞ്ഞുവയ്ക്കല്‍, മീറ്റുകള്‍, ടൂര്‍ണമെന്‍റുകള്‍, യൂത്ത് ഫെസ്റ്റിവല്‍ തുടങ്ങിയവയില്‍ നിന്ന് ഒഴിവാക്കല്‍, ഹോസ്റ്റലില്‍ നിന്ന് സസ്പെന്‍ഷന്‍, പുറത്താക്കല്‍, പ്രവേശനം റദ്ദാക്കല്‍, സ്ഥാപനത്തില്‍ നിന്ന് ബഹിഷ്ക്കരിക്കല്‍ തുടങ്ങിയ ശിക്ഷകള്‍ റാഗിങില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ലഭിക്കും.

റാഗിങ് നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട വിദ്യാര്‍ത്ഥിയെ സെക്ഷന്‍ 5 പ്രകാരം
ആ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും ഡിസ്മിസ് ചെയ്യുന്നതും അയാള്‍ക്ക് മറ്റേതൊരു
സ്ഥാപനത്തിലും അടുത്ത 3 വര്‍ഷത്തേക്ക് പ്രവേശനം ലഭിക്കാത്തതുമാണ്.

റാഗിങ് നടന്നതായി വിദ്യാര്‍ത്ഥിയോ രക്ഷകര്‍ത്താവോ മാതാപിതാക്കളോ, അധ്യാപകരോ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ മേലധികാരിക്ക് പരാതി നല്കിയാല്‍, മുന്‍വിധി കൂടാതെ ആക്കാര്യം 7 ദിവസത്തിനകം അന്വേഷിച്ച് പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടാല്‍ റാഗിങ് നടത്തിയവരെ അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്യണം. തുടര്‍ന്ന് റാഗിങ് സംബന്ധിച്ച പരാതി തുടര്‍നടപടിക്കായി പോലീസിന് കൈമാറണം.

വിദ്യാഭ്യാസസ്ഥാപനത്തിന്‍റെ മേലധികാരി നടത്തുന്ന പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടാല്‍ ആ വസ്തുത രേഖാമൂലം പരാതിക്കാരനെ അറിയിക്കണം. മേല്‍പ്പറഞ്ഞ രീതിയില്‍ വിദ്യാഭ്യാസസ്ഥാപനത്തിന്‍റെ മേലധികാരി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അദ്ദേഹം റാഗിങിന് പ്രേരകമായ രീതിയില്‍ പ്രവര്‍ത്തിച്ചതായി കണക്കാക്കി സെക്ഷന്‍ 4 അനുസരിച്ച് ശിക്ഷിക്കപ്പെടും.

റാഗിങ് തടയുന്നതിന് പരാജയപ്പെടുന്ന കോളേജുകളുടെ അഫിലിയേഷന്‍ റദ്ദാക്കുനോ ധനസഹായം നിറുത്തി വയ്ക്കാനോ യു.ജി.സിക്കധികാരുമുണ്ട്. (സെക്ഷന്‍ 12BoftheAct).
പരാതിപ്പെടേണ്ട സ്ഥാപനങ്ങള്‍ :വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ റാഗിങ് തടയാന്‍ ഹെല്‍പ്ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോണ്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരാതിപ്പെടാം.

ഇ-മെയിലിലും പരാതി അയക്കാം. പരാതി ലഭിച്ചാലുടന്‍ 15 മിനിറ്റിനകം സഹായ നടപടി ഉണ്ടാകും. വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍ 1800-180-55 22 ആണ്. ഇ-മെയില്‍ helpline@antiragging.net ആണ്. ഇന്ത്യാതലത്തില്‍ 155222 എന്ന നമ്പറിലും കേരളാതലത്തില്‍ 9846700100 എന്ന നമ്പറിലും വിളിക്കാം. യു.ജി.സിയുടെ റാഗിങ് വിരുദ്ധ നിയമങ്ങള്‍ http://www.ugc.ac.in അല്ലെങ്കില്‍http://www.education.nic.in എന്നതില്‍ ലഭ്യമാണ്.

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോരിറ്റിയുടെ സേവനവും ലഭ്യമാണ്. വിലാസം, കേരള സ്റ്റേറ്റ്
ലീഗല്‍ സര്‍വ്വീസസ് അതോരിറ്റി, നിയമ സഹായഭവന്‍, ഹൈക്കോര്‍ട്ട് കോമ്പൗണ്ട്, കൊച്ചി-31,
E-mail:kelsa@nic.in,Website:http://www.kelsa.gov.in ,24hourhelpline:9846700100.

റാഗിങ് ഒഴിവാക്കപ്പെടേണ്ട ക്രൂരവും മാരകവുമായ സാമൂഹിക വിപത്താണ്. റാഗിങ് നടത്തുന്നവരെയും റാഗിങ് വിധേയരായവരെയും മാനസികാരോഗ്യ പരിപാടികള്‍ക്ക്
വിധേയരാക്കണം. ഇത്തരം പ്രാകൃതമായ അക്രമങ്ങള്‍ ഒരുപരിഷ്കൃത സമൂഹത്തിനും
അനുവദിക്കാനാവില്ല. കലാലയ അധികൃതരുടെയും സര്‍ക്കാരിന്‍റെയും സമൂഹത്തിന്‍റെയും
നിതാന്ത ജാഗ്രതയ്ക്കൊപ്പം റാഗ് ചെയ്താല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന സ്ഥിതിയും വന്നാല്‍
മാത്രമേ ഈ കലാലയ വൈകൃത ത്തിന്‍റെ വേരറക്കാനാകൂ. (8075789768)

Advertisment