/sathyam/media/post_attachments/5cEHOYTR8ogIt1Rip16T.jpg)
ചിരിയിൽ ചിലങ്ക കെട്ടിയ പാലക്കാഴി പുഴ. പശ്ചിമഘട്ടങ്ങളിൽ നിന്നുൽഭവിച്ച്, പ്രാന്ത പ്രദേശങ്ങളിലൂടെ പ്രവഹിച്ച്, ഈ പുഴ തലമുറകളിലൂടെ സമ്പന്നമാക്കിയ തിരുവിഴാംകുന്ന് ഗ്രാമം. ഇന്ന് ഈ പുഴ ചിരിക്കുന്നില്ല. മരണാസന്നയായി, ഊർദ്ധശ്വാസം വലിച്ച്, നേർത്ത കണ്ണീർച്ചാലായി മാറിക്കഴിഞ്ഞു, പുഴ.
പുഴയുടെ മജ്ജയും മാംസവുമാണ് മണൽ. അത് നിശ്ശേഷം വാരിയെടുത്ത് അവയെ കൊല്ലു കയാണ്. പുഴയിലെ കൊച്ചുകല്ലുകൾ പോലും പെറുക്കിയെടുത്തും കോരിക്കൂട്ടിയും കടത്തിക്കൊണ്ടുപോയി വിറ്റ് കാശുണ്ടാക്കുന്നു, വിരുതന്മാർ.
പോക്കുവെയിൽ പൊന്നുരുക്കിയൊഴിച്ച പഞ്ചാരമണൽത്തിട്ടകളോ നിര ന്നുകിടന്നിരുന്ന മിനുമിനുത്ത കൊച്ചു കല്ലുകളോ നിറഞ്ഞ പുഴ ഇനി വരുന്നൊരു തലമുറയ്ക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല.
വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ വാഹനത്തിൽ, തിരുവിഴാംകുന്ന് ലൈവ്സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ ആസ്ഥാനത്തേക്ക് യാത്ര ചെയ്യുമ്പോൾ സ്വാഭാവികമായും മനസ്സ് പാലക്കാഴി പുഴയിൽ നീരാടി. ഈ സ്റ്റേഷന്റെ ചുററളവിൽ മൂന്നിലൊരു ഭാഗവും ഈ പുഴയാണ്.
1950-ലാണ് മദിരാശി മൃഗ സംരക്ഷണ വകുപ്പ് ജില്ലാ ലൈവ് സ്റ്റോക്ക് ഫാം ആരംഭിക്കുന്നത്. അന്ന് മലബാർ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. കേരള സംസ്ഥാന രൂപീകരണത്തെത്തുടർന്ന് (1956) ഈ ഫാം കേരള മൃഗസംരക്ഷണ വകുപ്പിന്റെ അധീനതയിലായി. ഇപ്പോൾ, വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ ഗവേഷണകേന്ദ്രമാണ് ഈ സ്ഥാപനം.
വെറ്ററിനറി ഹോസ്പിറ്റൽ, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കന്നുകാലിഫാം. ഭരണ വിഭാഗമേഖല എന്നിവ ഉൾപ്പെടെ നിരവധി കെട്ടിടങ്ങളും ഓഫീസ് സമുച്ചയങ്ങളും ഉൾപ്പെടുന്നതാണ് കാമ്പസ്സ്. 403 ഏക്കർ ഭൂവിസ്തൃതിയുള്ള ഈ കേന്ദ്രത്തിന് സ്ഥിരമായ ഒരു ചുറ്റുമതിൽ നിർമ്മിക്കുകയെന്ന നിർദ്ദേശം വന്നപ്പോൾ, കരിങ്കൽ മതിലോ കമ്പിവേലിയോ നിർമ്മിക്കുന്നതിനോട് അന്നത്തെ സ്ഥാപന മേധാവിയായിരുന്ന പ്രൊഫ. (ഡോ.) എ.കണ്ണൻ അനുകൂലിച്ചില്ല.
തികഞ്ഞ ജനകീയനും ജൈവകാർഷിക പ്രവീണനുമായ ഈ പ്രൊഫസർ, ജൈവവേലി എന്ന നിർദ്ദേശം ഉന്നയിക്കുകയും യൂണിവേഴ്സിറ്റി അതംഗീകരിക്കുകയും ചെയ്തു. 403 ഏക്കറിന് ചുററും ദ്രുതവളർച്ചയുള്ള മുളംതൈകൾ വെച്ചുപിടിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. കാര്യമായ പരിചരണമൊന്നുമില്ലാതെത്തന്നെ മുളംതൈകൾ വളരെ വേഗം വളരുമെന്നും ഓരോ പത്ത് വർഷം കൂടുമ്പോഴും മുളകൾ മുറിച്ചു വിറ്റ് സാമ്പത്തികവരുമാനം കൂട്ടാമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ.
ആവശ്യമായത്ര നല്ലയിനം മുളംതൈകൾ, സാമൂഹ്യവനവൽക്കരണ വിഭാഗവുമായി സഹകരിച്ച് സമ്പാദിക്കുകയും ചെയ്തു. 2014 ആഗസ്റ്റ്15. സമയം: രാവിലെ 9.00മണി. ഫാം ഗേറ്റിന് സമീപം, ഒരു മുളംതൈ നട്ടുകൊണ്ട് ജൈവവേലിയുടെ ഉദ്ഘാടനകർമ്മം നിർ വഹിക്കാനുള്ള നിയോഗമുണ്ടായത് എനിക്കാണ്.
യൂണിവേഴ്സിറ്റിയുടെ വാഹനത്തിൽ, കൃത്യസമയത്തിന് ഒരൽപ്പം മുമ്പ് ഞാൻ ഫാം ഗേറ്റിലെത്തി.
ആഗസ്റ്റ് 15ന്റെ ആഘോഷ പരിപാടികൾ അവസാനിച്ചതോടെ, ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചു. ഫാം മേധാവി പ്രൊഫ. (ഡോ.) എ. കണ്ണന്റെ നേതൃത്വത്തിൽ ഓഫീസ് സ്റ്റാഫ് മുഴുവനും ഫാം തൊഴിലാളികൾ മുഴുവനും സന്നിഹിതരായിട്ടുണ്ട്.
കൂടാതെ,ജയ സമീപത്തെ എൽ. പി.സ്ക്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, എൻ.സി.സി. കാഡറ്റുകൾ, കുടുംബശ്രീ അംഗങ്ങൾ,തദ്ദേശ ഭരണസ്ഥാപനങ്ങളിലെ സാരഥികൾ, മററു ജനപ്രതിനിധികൾ,നല്ലവരായ നാട്ടുകാർ, ചാനലുകാർ, മറ്റു മാധ്യമ പ്രതിനിധികൾ ഇങ്ങനെ സമൃദ്ധമായ സദസ്സുണ്ട്.
ഹൃസ്വമായ ഉദ്ഘാടന ച്ചടങ്ങുകൾക്കുശേഷം,ആദ്യത്തെ തൈ, പ്രത്യേകം സജ്ജമാക്കിയിരുന്ന കുഴിയിൽ ഞാൻ നട്ട് വെള്ളമൊഴിച്ചു. തുടർന്ന് ത്വരിതഗതിയിൽ നടീൽ ആരംഭിച്ചു. ഓരോ മീറ്റർ അകലം വിട്ട് തൈകൾ നടാനായി ഏകദേശം 25000-ൽപരം തൈകൾ ആവശ്യമായത്രേ.
തൈ നടീൽ മാമാങ്കം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പ്രൊഫ. (ഡോ.) കണ്ണൻ ഔദ്യോഗികമായി സ്ഥലം മാറിപ്പോയി. പിന്നത്തെ സ്ഥിതിയോ? സർക്കാർ കാര്യം മുറപോലെ എന്നാണല്ലൊ നേരനുഭവം. ഇവിടേയും അതുതന്നെ സംഭവിച്ചു. എത്ര വിപ്ലവകരമായ നടപടികളാണങ്കിലും, അതിന്റെ ഗുണഫലങ്ങൾ ലഭിക്കണമെങ്കിൽ, പ്രസ്തുത നടപടികൾക്ക് നിരന്തരം വീഴ്ചകൂടാതെ ഫോളോ അപ്പ് വേണം. അത് അഭംഗുരം തുടരുകയും വേണം.
ഇവിടെ മുളംതൈകളുടെ കാര്യത്തിൽ യാതൊന്നുമുണ്ടായിട്ടില്ലെന്ന് ന്യായമായും സംശയിക്കാം. കാര്യങ്ങൾ ആ വിധമാണ്. നട്ട തൈകൾ കാണാത്തവിധം, ചുറ്റും കാട് വളർന്ന് നിൽക്കുന്നു. കുറേ തൈകൾ കാലവർഷക്കെടുതികൾ മൂലം കരിഞ്ഞുപോയി. ആ ഒഴിവുകളിൽ പുതിയ തൈകൾ "പ്ലാന്റ് ചെയ്തില്ല. ഉള്ള തൈകളാകട്ടേ ചുരുക്കം പരിചരണം പോലുമില്ലാത്തതിനാൽ, ദുർബലമായി ഒടി ഞ്ഞുതൂങ്ങി നിൽക്കുന്നു.
എന്തിനധികം? ഉദ്ഘാടനമായി നട്ട തൈ പോലും ഉണങ്ങിപ്പോയി ! ആളും അർത്ഥവും ആരവങ്ങളുമായി ആരംഭിച്ച ഒരു നല്ല പദ്ധതി. നേരേ നയിക്കാനാളില്ലാത്തതിനാൽ, നിഷ്പ്രയോജനമായ കാര്യമോർക്കുമ്പോൾ ദുഃഖം തോന്നുന്നു. മലപോലെ വന്ന് മഞ്ഞുപോലെ പോയ പല പദ്ധതികളും നമുക്കറിവുണ്ടല്ലൊ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us