നമ്മുടെ ഓർമ്മകളിൽ തങ്ങി നിൽക്കുന്ന ഏറ്റവും വലിയ വിലാപയാത്ര ഇ.കെ. നായനാരുടേതാണ്. തിരുവനന്തപുരം മുതൽ പയ്യാമ്പലം വരെ റോഡിനിരുവശത്തും മണിക്കൂറുകളോളം കാത്തു നിന്നാണ് ജനലക്ഷങ്ങൾ നായനാർക്ക് അന്ത്യാഞ്ജലി നൽകിയത്. കെ. കരുണാകരന്റെ വിലാപയാത്രയിലും നാഷണൽ ഹൈവേയ്ക്കിരുവശവും ജനലക്ഷങ്ങളാണ് കാത്ത് നിന്നത്. ജനഹൃദയങ്ങളിൽ ഇവർക്കുണ്ടായിരുന്ന സ്ഥാനമാണ് ഇത് സൂചിപ്പിക്കുന്നത്.
ഇ.കെ. നായനാരുടെ സത്യസന്ധതയും ഹൃദയ നൈർമ്മല്യവും ലാളിത്യവും നർമ്മവും എല്ലാം രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾക്കിഷ്ടമായിരുന്നു. കെ. കരുണാകരനെ ജനങ്ങൾ ഇഷ്ടപ്പെട്ടിരുന്നത് മറ്റ് പല കാര്യങ്ങൾ കൊണ്ടാണ്. അദ്ദേഹത്തിന്റെ നേതൃപാടവം, രാജ്യ സ്നേഹം, ഭരണതന്ത്രജ്ഞത, കേരളത്തിന് നൽകിയ സംഭാവനകൾ ഇവയെല്ലാം കേരളീയർക്കിഷ്ടമായിരുന്നു.
എന്നാൽ പിന്നീട് വന്ന ഭരണാധികാരികൾക്കോ രാഷ്ട്രീയ നേതാക്കൾക്കോ ജനഹൃദയങ്ങളിൽ കാര്യമായ സ്ഥാനം നേടാനായില്ല.കാരണം ജനങ്ങൾക്ക് അവരെയൊന്നും അത്ര വിശ്വാസമില്ലായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും ഭരണത്തിലുള്ള കഴിവില്ലായ്മയും ഇവരെ കളങ്കിതരാക്കി.
എന്നാൽ കഴിഞ്ഞ ദിവസം അന്തരിച്ച പി.ടി. തോമസ് എന്ന അതികായന് മലയാളികൾ നൽകിയ വികാരനിർഭരമായ യാത്രയയപ്പ് കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വെല്ലൂരിൽ നിന്നും വിലാപയാത്രയായി എത്തിയ പി.ടി.യുടെ ഭൗതിക ശരീരം കേരളത്തിലേക്ക് പ്രവേശിച്ചത് മുതൽ ഒരു നോക്ക് കാണാൻ രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ ജനലക്ഷങ്ങളാണ് തടിച്ചു കൂടിയത്.
ഇടുക്കിയിൽ നിന്നും എറണാകുളത്തേക്കുള്ള വിലാപയാത്രയിലും തുടർന്ന് എറണാകുളത്തെ പൊതു ദർശനത്തിലും പങ്കെടുത്തത് ജനലക്ഷങ്ങളാണ്. നിയമസഭയിലും പുറത്തും പി.ടി.യുടെ മൂർച്ചയുള്ള വാക്കുകൾ കൂരമ്പുകളായി കൊണ്ട് മുറിവേറ്റിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത് പി.ടി.തോമസ് എന്ന യോദ്ധാവിനോടുള്ള ബഹുമാനം കൊണ്ടാണ്.
പി.ടി.ക്ക് ജനഹൃദയങ്ങളിൽ ഇത്രയും സ്ഥാനം ഉണ്ട് എന്ന് തിരിച്ചറിയാൻ കോൺഗ്രസ് നേതാക്കൾ പോലും വൈകിപ്പോയി എന്നത് അവരെ നാളെകളിൽ കുത്തി നോവിക്കും. പി.ടി.യെ മുമ്പിൽ നിർത്തി യുദ്ധം ചെയ്തിരുന്നെങ്കിൽ കോൺഗ്രസ് യുദ്ധം ജയിക്കുമായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു.
സ്വന്തം നിലപാട് തറയിൽ നിന്ന് കൊണ്ട് പി.ടി. പടുത്തുയർത്തിയ ന്യായത്തിന്റേയും, നീതിയുടേയും, സത്യത്തിന്റേയും, വിശ്വാസത്തിന്റേയും ഗോപുരം എന്നും ഉയർന്ന് തന്നെ നിൽക്കും.
ഇടുക്കിയിലെ പാവപ്പെട്ട കർഷക കുടുംബത്തിൽ ജനിച്ച് കഷ്ടപ്പെട്ട് വളർന്ന് രാഷ്ട്രീയത്തിന്റെ പടവുകൾ ചവിട്ടിക്കയറിയ പി.ടി.യോട് കോൺഗ്രസ് നീതി കാണിച്ചിട്ടുണ്ടോ എന്ന് ചരിത്രം വിലയിരുത്തട്ടെ. സ്വന്തം വിശ്വാസ പ്രമാണങ്ങളിൽ വെള്ളം ചേർക്കാനോ ആർക്കും സ്തുതി പാടാനോ പി.ടി. നിന്നില്ല. ആർക്കും അനാവശ്യമായി വഴങ്ങാത്ത നേതാവാണ് പി.ടി. എന്ന് പറയുമ്പോഴും ജനങ്ങളുടെ വേദനയ്ക്കൊപ്പം എന്നും പി.ടി. നിലകൊണ്ടിരുന്നു.
പി.ടിയുടെ വിയോഗത്തോടെ കോൺഗ്രസിന്റെ ഒരു യുഗം അവസാനിച്ചിരിക്കുന്നു. പി.ടി. തോമസ് എന്ന വിപ്ലവകാരി കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിലും പകർന്ന മാനവികതയുടെ ജ്വാല അണയാതെ നോക്കേണ്ടത് കേരള യുവതയുടെ ചുമതലയാണ്.
പി.ടി.ക്ക് പകരം പി.ടി മാത്രം