കേരളത്തിലെ ക്രമസമാധാനം ദൈനംദിനം തകരുകയാണ്. രാത്രികാലങ്ങളിലെ യാത്ര പേടിസ്വപ്നമായി മാറിയിരിക്കുന്നു. കൊലപാതകങ്ങളുടെ പരമ്പര, വീട് കയറിയുള്ള ആക്രമണം, ഗുണ്ടാ സംഘങ്ങളുടെ തേർവാഴ്ച, രാത്രി യാത്രകളിലുണ്ടാകുന്ന ആക്രമണം അവസാനമായി പോലീസിന് നേരെയുള്ള അക്രമം .
ആഭ്യന്തര വകുപ്പ് പരാജയമായി മാറിയിരിക്കുന്നു. ഇന്റലിജൻസ് സംവിധാനം കാര്യക്ഷമമല്ല.
മുഖ്യമന്ത്രിക്ക് ദൈനംദിന ഭരണത്തിൽ ശ്രദ്ധിക്കാൻ സമയമില്ല. അദ്ദേഹം പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലാണ്. പാർട്ടി കോൺഗ്രസ് കഴിയുന്നിടം വരെ അദ്ദേഹത്തിന്റെ പരിപാടികൾ ഇങ്ങിനെ തന്നെയായിരിക്കും.
ഭയപ്പെടുത്തുന്ന മറ്റൊരു വസ്തുത കേരളം മയക്കുമരുന്നിന്റെ ഒരു ഹബ്ബായി മാറിയിരിക്കുന്നു എന്നതാണ്. ഒരു മില്ലിഗ്രാമിന് 4000 രൂപ വിലയുള്ള എം.ഡി.എം.എ 10 കിലോയാണ് കേരളത്തിൽ നിന്ന് പിടികൂടിയത്. ഡിജെ പാർട്ടികളിൽ മയക്ക്മരുന്ന് സ്ഥിരമായി ഉപയോഗിക്കപ്പെടുന്നു. യാതൊരു റെയ്ഡും നടക്കുന്നില്ല.
ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയെ തുടർന്ന് ഉണ്ടായ ദുരന്തത്തിന്റെ നടുക്കം വിട്ടു മാറിയിട്ടില്ല. മദ്യത്തിന്റേയും മയക്ക്മരുന്നിന്റേയും ഉപയോഗമാണ് കുറ്റകൃത്യങ്ങൾ കൂടാൻ കാരണം.
ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് ഡിസംബർ 31 നും ജനുവരി ഒന്നിനും ന്യൂ ഇയർ ആഘോഷിക്കുന്നത്. ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടാനുള്ളത് ന്യൂ ഇയർ ആഘോഷങ്ങളിൽ ഡിജെ പാർട്ടികൾ നിരോധിക്കണം എന്നതാണ്.
അല്ലെങ്കിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത ഏറെയാണ്. ഈ കോവിഡ് കാലത്ത് ആഘോഷം അൽപം കുറഞ്ഞു എന്ന് വിചാരിച്ച് ഒന്നും സംഭവിക്കാനില്ല.