കലാലയങ്ങൾ കൊലക്കളങ്ങളാവുമ്പോൾ... (ലേഖനം)

author-image
nidheesh kumar
New Update

publive-image

കലാലയങ്ങൾ നൽകുന്ന ഭാവി സുരക്ഷിതത്വത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സമൂഹം പഠനത്തെ പ്രോത്സാഹിപ്പിക്കുന്നത്. നാടും വീടും വിട്ട് ഹോസ്റ്റൽ മുറിയിൽ അന്തിയുറങ്ങി പകൽനേരങ്ങളിൽ ക്ലാസ്മുറികളിലും ക്യാംപസുകളിലുമായി കോളജ് ജീവിതം ആസ്വദിക്കുന്നത്, പിൽക്കാലത്ത് നിറമുള്ള ഓർമ്മകളാണ്.

Advertisment

ഇവിടെ എത്തുമ്പോൾ അപരിചിതത്വത്തിൻ്റെ പുഞ്ചിരി ദിവസങ്ങൾക്കകം സൗഹൃദത്തിൻ്റെ കരുതൽ വലയങ്ങളാവുന്നു. ഈ പഠനാന്തരീക്ഷത്തിലേക്ക് പകയുടെ കത്തികൾ കടന്നു വരുമ്പോൾ ഭയം വേട്ടയാടുന്നു.

പഠിച്ച് നല്ല മാർക്കോടു കൂടി മക്കൾ മിടുക്കരായി വരുന്നത് സ്വപ്നം കാണുന്നവരാണ് രക്ഷിതാക്കൾ. എന്നാൽ പ്രണയത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ തെരുവിൽ കൊല്ലപ്പെടുന്ന, അല്ലെങ്കിൽ കൊലയാളിയാവുന്ന മക്കളെയോർത്ത് വിലപിക്കുന്ന അമ്മമാരുടെ എണ്ണം കേരളത്തിൽ വർധിച്ചു വരികയാണ്.

ക്യാംപസിനകത്തും പുറത്തും ജീവിതം ഒരു കത്തിയിലോ വടിവാളിലോ തീരുന്നവർ ഉയർത്തുന്ന പ്രതിഷേധാഗ്നി പെട്ടെന്ന് കെട്ടടങ്ങി പുതിയൊരു രക്തസാക്ഷിപ്പട്ടിക പുതുക്കപ്പെട്ടിരിക്കുന്ന സമകാലിക കേരളത്തിൽ നമ്മുടെ മക്കൾ എങ്ങനെ സഹവർത്തിത്വത്തിൻ്റെ, മാനവികതയുടെ സന്ദേശ പ്രചാരകരാവും...

തല്ലും വഴക്കും ഭീഷണിയും എതിരാളിയുടെ ജീവനെടുക്കുന്ന പ്രത്യയശാസ്ത്രം പുരോഗമന കേരളത്തിന് ഒട്ടും യോജിച്ചതല്ല. ചന്തയിലെ തെറിയും അടിയും കത്തിക്കുത്തും പ്രഫഷണൽ വിദ്യാർത്ഥികൾക്കിടയിലും കണ്ടുവരുന്നത് കാണുമ്പോൾ ''വിദ്യ കൊണ്ട് പ്രബുദ്ധരാവുക'' എന്ന ആപ്തവാക്യമാണ് ലജ്ജിച്ച് തലതാഴ്ത്തുന്നത്.

ഇപ്പോൾ ഒടുവിലായി കണ്ണൂർ സ്വദേശിയായ ഇടുക്കി പൈനാവ് ഗവ. എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥി ധീരജ്  ക്യാംപസിൽ രാഷ്ട്രീയ എതിരാളിയുടെ കുത്തേറ്റ് ജീവൻവെടിഞ്ഞിരിക്കുകയാണ്. കൊച്ചി മഹാരാജാസ് കോളേജിൽ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ മൃതദേഹത്തിന് മുന്നിൽ "നാൻ പെറ്റ മകനേ" എന്ന് നെഞ്ചുരുകി ഒരമ്മ തേങ്ങിയതിന്റെ നൊമ്പരം അടങ്ങും മുമ്പാണ് ഇടുക്കിയിൽ ധീരജ് കൊല്ലപ്പെട്ടതെന്നോർക്കണം. 2018 ജൂലായ് 8നായിരുന്നു  അഭിമന്യു കൊല്ലപ്പെട്ടത്.

കൊറോണ മഹാമാരി കാരണം കോളെജുകൾ അടച്ചിട്ടതിന് ശേഷം തുറക്കുകയും മഹാമാരിയുടെ കറുത്ത നിഴലിൽ തന്നെ നമ്മൾ അതിജീവിക്കുമ്പോൾ തന്നെയാണ് കോളെജ് തെരഞ്ഞെടുപ്പുകളിൽ ചേരിതിരിഞ്ഞ് സംഘടിക്കുകയും ധീരജ് എന്ന ഭാവി വാഗ്ദാനം ഓർമ്മയായതും.

തെരുവിൽ ഗുണ്ടകൾ വിളയാടുകയും അസമയങ്ങളിൽ രാഷ്ട്രീയ കൊലക്കത്തിയുമായി ചിലർ അരങ്ങുവാഴുകയും ചെയ്യുന്നതിനിടെ കോളെജുകൾ കൂടി കത്തിയെടുക്കുമ്പോൾ കേരളം എങ്ങനെ സമാധാനപരമായി ഉറങ്ങും.

ആഭ്യന്തര വകുപ്പ് ഇനിയും ഉറക്കമുണർന്നില്ലെങ്കിൽ സമാധാനപ്രിയരായവരുടെ ഉറക്കമാണ് നഷ്ടമാവുക. എല്ലാ മക്കളും കോളെജ് ക്യാംപസിൽ നിന്നും സ്കൂളിൽ നിന്നും സുരക്ഷിതരായി വരുന്ന ആ കാലം ഇനിയങ്ങോട്ടുണ്ടാവാൻ കലാലയങ്ങളിൽ ഇനിയും ചോര വീഴാൻ കാരണക്കാർ നമ്മുടെ മക്കളാവാതിരിക്കാൻ  നമ്മൾ രക്ഷിതാക്കൾ ജാഗ്രത പുലർത്തുക തന്നെ വേണം. എല്ലാവർക്കും ശുഭസായാഹ്നം നേരുന്നു.

ജയ്ഹിന്ദ്.

Advertisment