പരമത വിദ്വേഷത്തിനു പകരം പരമത സൗഹൃദം പ്രസരിക്കട്ടെ... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

കഴിഞ്ഞ കുറച്ചു നാളുകളായി നാട്ടിൽ തുടരുന്ന ചില ചർച്ചകളിൽ കാര്യമായി പങ്കെടുക്കാറില്ല.ആ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ അഭിപ്രായം പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പലരും നേരിട്ട് വിളിച്ച് ചോദിക്കുന്നതു കൊണ്ട് ഒന്നുകൂടി പറയാമെന്ന് കരുതുന്നു.

Advertisment

ഊതലും തുപ്പലും

കുഞ്ഞുങ്ങളുടെ കൈ മുറിയുകയോ തല എവിടെയെങ്കിലും തട്ടുകയോ ഒക്കെ ചെയ്താൽ സ്നേഹത്തോടെ, വാത്സല്യത്തോടെ എൻ്റെ കുട്ടിക്ക് ഒന്നും പറ്റീട്ടില്ല ട്ടാ എന്നൊക്കെ പറഞ്ഞ് ചേർത്തു പിടിച്ച് അവിടെ ഊതിക്കൊടുക്കും. ഇത് പൊതുവെ എല്ലാവരും ചെയ്യാറുണ്ട്.

ചെറുപ്പത്തിൽ പനി വന്നു കിടക്കുമ്പോൾ ഉമ്മ അടുത്തു കിടന്ന് സൂറത്തുകൾ ഓതി തലയിൽ തലോടി സൗമ്യമായി ഊതുമായിരുന്നു. പ്രാണൻ്റെ ആ സ്പർശം പകർന്നു നല്കിയ ആശ്വാസം വളരെ വലുതാണ്.

ഷാറൂഖാൻ പ്രാർത്ഥിച്ച് ലതാജിയുടെ ശരീരത്തിൽ ഊതുന്നത് കണ്ടപ്പോൾ ഉമ്മയെ ഓർത്തു. പനിച്ചു വിറച്ചു കിടന്നിരുന്ന ആ കുഞ്ഞായ എന്നെയും. ആരെങ്കിലും എവിടെയെങ്കിലും ഭക്ഷണത്തിലേക്ക് തുപ്പുന്നത് കണ്ടാൽ ഉടൻ അത് മതചടങ്ങാണെന്ന് തെറ്റിദ്ധരിക്കാതിരുന്നാൽ നല്ലത്. അത് വർഗ്ഗീയവിഷമായി ഉപയോഗിക്കാതിരിക്കാനുള്ള വിവേകം നാം കാണിച്ചാൽ അത്രയും സമാധാനം.

എല്ലാ മതങ്ങളിലും ഇങ്ങനെയുള്ള അറിവും വിവേകവുമില്ലാത്തവരുണ്ട്. അവരുടെ ചെയ്തികളെ മൊത്തം മതത്തിൻ്റെ തലയിൽ എടുത്തു വയ്ക്കാതിരിക്കാം.

ഹലാൽ

ഭക്ഷണവുമായി ബന്ധപ്പെടുത്തി ഹലാൽ എന്ന വാക്കുപയോഗിക്കുന്നത് മാംസ ഭക്ഷണവുമായി മാത്രം ബന്ധപ്പെട്ട കാര്യമാണ്. മത നിയമപ്രകാരം അറുത്ത ജീവിയുടെ മാംസമാണ് ഇത് എന്നു മാത്രമാണ് അതിന് അർത്ഥം.

ഹലാൽ മത്സ്യം, ഹലാൽ പച്ചക്കറി എന്ന് പറയാറില്ല. എന്നാൽ ഹോട്ടലുകൾക്കു മുന്നിൽ അങ്ങനെ എഴുതി വയ്ക്കുന്ന ശീലം മുമ്പുണ്ടായിരുന്നില്ല. അങ്ങനെ എഴുതി വയ്ക്കുന്നത് വലിയ അപരാധമൊന്നുമല്ലെങ്കിലും ഇതിന് മുമ്പ് അങ്ങനെ എഴുതിവയ്ക്കാതിരുന്നതുകൊണ്ട് ആരും ഹറാമായ ഭക്ഷണം കഴിച്ച് നരകിച്ചു പോയിട്ടൊന്നുമില്ല.

ഇത്തരം വിഭാഗീയത അനുഭവിപ്പിക്കുന്ന കാര്യങ്ങൾ പുതുതായി കൊണ്ടുവരാതെ ഒഴിവാക്കുന്നതാണ് വിവേകം. ഭക്ഷണം ഓരോരുത്തരുടെ ഇഷ്ടങ്ങളാണ്.

ഹിജാബ്

പർദ്ദയും ഹിജാബും പുതുതായി വന്ന സമ്പ്രദായമാണ്. കുഞ്ഞുങ്ങളൊക്കെ മുഖം മൂടി നടക്കുന്നത് കാണുമ്പോൾ വസ്ത്ര സ്വാതന്ത്ര്യമല്ല ഫീൽ ചെയ്തിട്ടുള്ളത്. അവരുടെ കുട്ടിത്തത്തെ ആരൊക്കെയോ കവർന്നെടുക്കുന്നതായിട്ടാണ്.

സ്കൂൾ, കോളേജ് ഇടങ്ങളിൽ മാന്യമായ പൊതുവസ്ത്ര ധാരണ രീതി കൊണ്ടുവരുന്നതാണ് നല്ലത്. അങ്ങനെ ആയിരുന്നു നമുക്കുണ്ടായിരുന്നത്. ആകെ ഒരു മാറ്റം തട്ടം ഇടുമായിരുന്നു എന്നതും നെറ്റിയിൽ പൊട്ടോ ചന്ദനമോ ഇടുമായിരുന്നു എന്നതു മാത്രമാണ്.

യൂണിഫോം സമാനമായിരുന്നു. വസ്ത്രധാരണ രീതിയിൽ മതപരത എടുത്തു കാണിക്കുന്ന കല്ലിപ്പ് ഇല്ലായിരുന്നു. കാവി ഷാളും കാവി തലപ്പാവും ചട്ടയും മുണ്ടും കറുത്ത പർദ്ദയും ഹിജാബും ഒക്കെയിട്ട വിദ്യാർത്ഥികൾ നിറഞ്ഞ ഒരു സ്ഥാപനം ആലോചിച്ചു നോക്കൂ. വസ്ത്ര സ്വാതന്ത്ര്യമല്ല മറിച്ച്, മതവർഗ്ഗീയ സ്വാതന്ത്ര്യമാണ് നാം അവിടെ അനുഭവിക്കുക.

മന്ത്രം

ജയ് ശ്രീ രാം, അല്ലാഹു അക്ബർ എന്നീ മന്ത്രങ്ങൾക്ക് ഒരു കുഴപ്പവുമില്ല. എന്നാൽ അത് ആരെയൊക്കെയോ ശത്രുക്കളാക്കി അവരോടുള്ള ആക്രോശമായി മാറുന്നതാണ് സങ്കടം.

മതവിമർശനം

തൊപ്പിയിട്ടവർ, കാവി ധരിച്ചവർ, ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ സ്വയം പറയുന്നവർ എല്ലാം വർഗ്ഗീയ വാദികളാണെന്ന പൊതുബോധം വളർത്തിയെടുക്കാൻ ബോധപൂർവ്വമുള്ള ശ്രമം ഇന്ന് കൂടുതലാണ്.

മതവിശ്വാസികളെല്ലാം വർഗ്ഗീയ വാദികളല്ലെന്ന അറിവും സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടതുണ്ട്. സന്യാസിമാരും മൗലവിമാരും അച്ചൻമാരും വർഗീയതയുടെ വക്താക്കളായി മാറുന്നു എന്നത് വർത്തമാനകാലം അനുഭവിക്കുന്ന ദുരിതമാണ്.

അതേ ഇടങ്ങളിൽ നിന്നു തന്നെ പരമത വിദ്വേഷത്തിനു പകരം പരമത സൗഹൃദം പ്രസരിപ്പിക്കുന്ന മനസ്സുകൾ കൂടുതൽ സജീവമായി വരട്ടെ എന്ന് നമുക്ക് ആശിക്കാം...

Advertisment