Advertisment

കല്യാണ റാഗിംഗ് എന്ന ആഭാസങ്ങള്‍...

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അരങ്ങേറിയിരുന്ന റാഗിംഗ് ഇന്ന് വിവാഹവേദികളില്‍ സ്ഥാനം

പിടിച്ചിരിക്കുന്നു. കോളേജുകളില്‍ പുതുതായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ സങ്കോചമകറ്റുന്നതിനുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളുടെ തമാശ കലര്‍ന്ന നമ്പറുകളായിട്ടാണ് റാഗിംഗ് രംഗപ്രവേശനം ചെയ്തത്.

പിന്നീടത് മാന്യതയുടെയും മര്യാദയുടെയും അച്ചടക്കത്തിന്‍റെയും സകലസീമകളും ലംഘിച്ച് മൃഗീയവും ആഭാസകരവുമായി മാറിയപ്പോള്‍, റാഗിംഗ് കര്‍ശനമായി വിലക്കിക്കൊണ്ട് അതിശക്തമായ നിയമ വ്യവസ്ഥകള്‍ നിലവില്‍വന്നു. ഇന്ന് റാഗിംഗ് ക്രിമിനല്‍ കുറ്റമാണ്. കല്യാണറാഗിംഗ് സകല പരിധികളും ലംഘിച്ച് ഇന്ന് കൊലപാതകത്തില്‍ കലാശിച്ചിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു.

കണ്ണൂര്‍ തോട്ടടയില്‍ വിവാഹ പൂര്‍വരാത്രിയിലെ ആഘോഷങ്ങള്‍ക്കിടെ പാട്ടുവയ്ക്കുന്നതുമായി

ബന്ധപ്പെട്ട് വരന്‍റെ കൂട്ടുകാര്‍ അതിക്രമം കാണിക്കുന്നു. പ്രദേശവാസികള്‍ അത് ചോദ്യം ചെയ്തത്

സംഘര്‍ഷത്തിലെത്തുന്നു. പകയുമായി മടങ്ങിയ അവര്‍ പിറ്റേന്ന് നടന്ന വിവാഹഘോഷയാത്രയില്‍ ദമ്പതിമാര്‍ വീട്ടില്‍ പ്രവേശിക്കുന്ന സമയത്ത് ബോംബ് പ്രയോഗിക്കുന്നു. ഒരാള്‍ കൊല്ലപ്പെടുന്നു.

സംഘര്‍ഷത്തെ ചോദ്യം ചെയ്തവര്‍ക്കെതിരെയാണ് ബോംബ് പ്രയോഗിച്ചതെങ്കിലും അബദ്ധത്തില്‍ അവരുടെ കൂടെയുണ്ടായിരുന്നയാളുടെ തലയില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. പഴയകാലത്ത് നാടോടിപ്പാട്ടുകളും അരവുപാട്ടുകളുമൊക്കെയായിരുന്നു വിവാഹത്തലേദിവസത്തെ ആഹ്ളാദങ്ങള്‍. ഇന്നത് മദ്യസത്കാരത്തിന്‍റെയും പാതിര കഴിഞ്ഞുള്ള ഗാനമേളയുടെയും ആഭാസത്തരങ്ങ

ളുടെയും വേദിയായി മാറിയിരിക്കുന്നു.

സമീപവാസികളെ ഉറങ്ങാന്‍പോലും സമ്മതിക്കാതെ പുലരു വോളം നടക്കുന്ന ശബ്ദശല്യത്തിനെതിരെ നിയമം കണ്ണടക്കുകയാണ്. വിവാഹത്തലേന്നും വിവാഹദിന ത്തിലും

വിവാഹരാത്രിയിലും തമാശയെന്ന പേരില്‍ നടക്കുന്നത് പലപ്പോഴും കടുത്ത അതിക്രമങ്ങളും

കുറ്റകൃത്യങ്ങളുമാണ്.

വധൂവരന്മാരെ കാളവണ്ടിയിലോ ആനപ്പുറത്തോ കുതിരപ്പുറത്തോ ഒട്ടകപ്പുറത്തോ ആനയിക്കുന്നവരുണ്ട്. കായംകുളം കറ്റാനത്ത് വധൂവരന്മാരെ ആംബുലന്‍സില്‍ ആനയിച്ച സംഭവത്തില്‍ നിയമനടപടിയെടുത്തിയുന്നു. വധൂവരന്മാരെ കാന്താരി ജ്യൂസ് കുടിപ്പിച്ചത് കാരണം ഇരുവരും ആശുപത്രിയില്‍ ആയ സംഭവവും ഉണ്ടായിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് വേദിയില്‍ എത്തിയാല്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആഭാസ

പ്രകടനങ്ങള്‍ (റാഗിംഗ്) ആരംഭിക്കും. വിവാഹവേദിയില്‍ നടന്ന ക്രൂരമായ അഭിമുഖ റാഗിംഗിനെ തുടര്‍ന്ന് നാദാപുരത്ത് ഒരു പെണ്‍കുട്ടി ബോധരഹിതയായി.

ചിലയിടത്ത് ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളാണ് റാഗിംഗിന് നേതൃത്വം നല്കുന്നത്. ചോദ്യങ്ങള്‍ ചോദിച്ച് നാണം കെടുത്തുക, നൃത്തം ചെയ്യിക്കുക, പരസ്യചുംബനം നടത്തിക്കുക, അനാവശ്യങ്ങളും അശ്ലീലച്ചുവയുള്ള കമന്‍റുകളും വിളിച്ചുപറയുക. താലികെട്ടുമ്പോള്‍ കൂവുക,

പാതിരാത്രിയില്‍ വീടിനു ചുറ്റും പടക്കം പൊട്ടിക്കുക, വധൂവരന്മാരുടെ പോരായ്മകളും

വിവാഹപൂര്‍വജീവിതത്തിലെ അബദ്ധങ്ങളും മറ്റും ഫ്ളക്സടിച്ച് പ്രദര്‍ശിപ്പിക്കുക, പ്രേമ വിവാഹമാണെങ്കില്‍ അക്കാര്യം വിവിധഘട്ടങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുക, സദ്യയുണ്ണുന്ന വധൂവരന്മാരുടെ തലയിലും ശരീരത്തിലും ഭക്ഷണവസ്തുക്കള്‍ വാരിയിടുക, കറിയൊഴിക്കുക, ഊണില്‍ മണ്ണുവാരിയിടുക, നായ്ക്കുരണപ്പൊടി വിതറുക, ചെരിപ്പുമാല അണിയിക്കുക, വരനെ വികൃതവേഷം കെട്ടിച്ച് ആനയിക്കുക, വധൂവരന്മാരെ വലിയ ചെമ്പില്‍ (വാര്‍പ്പ്) ഇരുത്തി പാലിലോ മഞ്ഞള്‍ കലക്കിയ വെള്ളത്തിലോ കുളിപ്പിക്കുക, വസ്ത്രങ്ങളില്‍ ചായം തേക്കുക, എന്നിങ്ങനെ വിവാഹത്തിന്‍റെ പേരില്‍ നടക്കുന്ന പേക്കൂത്തുകള്‍ മൂലം ഒട്ടേറെ പേര്‍ക്ക്

മാനഹാനിയും പരിക്കും ഉണ്ടായിട്ടുണ്ട്.

മറ്റുള്ളവര്‍ വേദനിക്കുന്നത് കാണുമ്പോള്‍ നമുക്ക് ആനന്ദമാണ് ഉണ്ടാകുന്നതെങ്കില്‍ നമ്മള്‍ മനോരോഗ മനസ്സിന് ഉടമയാണ്. ഒരിനം സാഡിസ്റ്റുകള്‍. പരിഹസിച്ച് രസിക്കുക, കളിയാക്കി ചരിക്കുക, ക്രൂരതകാട്ടി ആനന്ദിക്കുക ഇവയെല്ലാം മനോവൈകൃതങ്ങളാണ്.

എന്തിന്‍റെ പേരില്‍ ക്രൂരത കാണിച്ചാലും അത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. പരസ്യമായി അവഹേളിക്കപ്പെടുന്നതുമൂലമുണ്ടാകുന്ന മുറിവുകള്‍ ഏറെക്കാലം നിലനില്ക്കും. അവ നൊമ്പരങ്ങളും താളപ്പിഴകളും ദാമ്പത്യത്തകര്‍ച്ചയും സമ്മാനിക്കും.

ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഒരുവനെ രോഗിയാക്കിയേക്കാം. യുവമനസ്സുകളിലെ ക്രൂരവാസനകളുടെ ബഹിര്‍സ്ഫുരണമാണ് റാഗിംഗ്. ഇത് ചെയ്യുന്നവരും അനുകൂലിക്കുന്ന വരും സാമൂഹ്യവിരുദ്ധരും മനോവൈകൃതത്തിന് ഉടമകളുമാണ്.

വിവാഹം പവിത്രമായ ഒരുചടങ്ങാണ്. അതിന്‍റെ അന്ത:സത്ത ഉള്‍ക്കൊള്ളാത്ത ഒരുപ്രവൃത്തിയും വിവാഹവേളയില്‍ ഉണ്ടാകാന്‍ പാടില്ല. അപരന്‍റെ വ്യക്തിത്വത്തെ മാനിക്കാത്ത ഒന്നും ശ്രേഷ്ഠമല്ല. കല്യാണാഭാസങ്ങള്‍ ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ത്തിനും തുടര്‍ന്ന് വിവാഹമാചനത്തിനും ഇടവരുത്തുന്നുണ്ട്.

കല്യാണറാഗിംഗ് ക്രിമിനല്‍ കുറ്റം തന്നെ. തമാശയായി കരുതി ആരും പ്രതികരിക്കാത്തതാണ്. കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെങ്കില്‍ പോലീസിനെ അറിയിക്കാവുന്നതാണ്. എല്ലാവര്‍ക്കും സന്തോഷിക്കാന്‍ കഴിയുന്ന, മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന, മിതത്വവും ലാളിത്യവും പുലര്‍ത്തുന്ന ചടങ്ങുകളിലൂടെ വിവാഹത്തെ പവിത്രമാക്കുക. (8075789768)

Advertisment