Advertisment

കല്യാണ വീട്ടിലെ ആഘോഷം അതിരു കടക്കുമ്പോള്‍... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

അനേകം പുണ്യകര്‍മ്മങ്ങളില്‍ ഒന്നാണ് വൈവാഹികം. ജാതിമതഭേദമന്യേ പവിത്രമായി കാണുന്ന ചടങ്ങ്. ആ ചടങ്ങുകളിലെ ആഘോഷങ്ങള്‍ അതിരുവിടുമ്പോള്‍, സമൂഹത്തിലെ അന്തസ്സുകള്‍ക്ക് മേലുള്ള കടന്നുകയറ്റമായി തന്നെ കാണേണ്ടതാണ്. അതിന്റെ ഏറ്റവും വലിയ വിപത്താണ് കഴിഞ്ഞ ദിവസം കണ്ണൂരിലെ കല്യാണ തര്‍ക്കവുമായി ബന്ധപ്പെട്ട ബോംബേറും യുവാവിന്റെ ദാരുണ മരണത്തിനും ഇടയാക്കിയ സംഭവം.

നിസാര പ്രശ്‌നങ്ങള്‍ക്ക് മേലുള്ള തര്‍ക്കം പക വീട്ടലിലേക്ക് ബോംബുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ നാടിന് നല്‍കുന്ന സന്ദേശമെന്താണ് ?

മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്ന വധൂവരന്മാരുടെ ചങ്ങാതികള്‍ അല്‍പ്പം രസകരമായ രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് എല്ലാവരും വകവെച്ചു കൊടുക്കുന്നതാണ്. എന്നാല്‍, വരന്റെ സുഹൃത്തുക്കള്‍ കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്.

പടക്കം പൊട്ടിച്ചും കൂക്കിവിളിച്ചും ബെഡ്‌റൂമുകള്‍ അലങ്കോലമാക്കി വിവാഹത്തിന്റെ പവിത്ര സങ്കല്പ്പങ്ങളെ പൊളിച്ചെടുക്കുന്ന ചങ്ങാതികള്‍ക്കെതിരേ ബോധവത്കരണവും സാരോപദേശങ്ങളുമായി അതാത് നാട്ടിലുള്ള കാരണവന്മാരും സംഘടനാ നേതാക്കന്മാരും രംഗത്ത് വരാറുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഇത്തരം കെട്ടകാഴ്ചകള്‍ക്ക് ഒരു കുറവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സ്ത്രീധന വിവാഹവുമായി ബന്ധപ്പെട്ടതു പോലെ തന്നെയാണ് കല്യാണ ആഘോഷങ്ങളിലെ പേക്കൂത്തുകള്‍ സമൂഹത്തിന് വിപത്തായി മാറുന്നത്. എല്ലാവരെയും ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം കണ്ണൂരില്‍ അരങ്ങേറിയ ബോംബാക്രമണവും യുവാവിന്റെ മരണവും.

ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സല്‍ക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരില്‍ നിന്നും തോട്ടടയില്‍ നിന്നുമുള്ള രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ബോംബേറ് ഉണ്ടായതും അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാളുടെ ജീവന്‍ പൊലിഞ്ഞതും. ഏച്ചൂര്‍ പാതിരപ്പറമ്പില്‍ പരേതനായ മോഹനന്റെ മകന്‍, ഇരുപത്തിയാറ് വയസ്സുള്ള ജിഷ്ണു ആണ്  ബോംബേറില്‍ മരിച്ചത്. സംഭവത്തില്‍ ആറു പേര്‍ക്കു പരുക്കേറ്റിരുന്നു.

വിവാഹ പാര്‍ട്ടി വീട്ടിലേക്കു നടക്കുന്നതിനിടെ, ഏച്ചൂര്‍  തോട്ടട സംഘങ്ങള്‍ തമ്മില്‍ ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയും ഏച്ചൂര്‍ സംഘം എതിരാളികളെ ലക്ഷ്യം വച്ചെറിഞ്ഞ ബോംബ് ഉന്നം തെറ്റി ജിഷ്ണുവിനു മേല്‍ പതിക്കുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴി.

കൊലപാതകത്തലേന്ന് രാത്രി പ്രതികള്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്നു കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞത് രാഷ്ട്രീയ വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ്. ഏച്ചൂരിലെ മാലിന്യസംസ്‌കരണ പ്ലാന്റിന് സമീപം രാത്രി ഒരു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.

പ്രതികളെല്ലാം സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരാണ്. ബോംബ് നിര്‍മിക്കാനും സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യം ഇവര്‍ക്കുണ്ടെന്നും ഇതിനെക്കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം വേണമെന്നും മേയര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് കണ്ണൂരില്‍ തന്നെ, ഹോട്ടല്‍ ഉടമയായ ചെറുപ്പക്കാരന്‍ കുത്തേറ്റ് മരിച്ചത്. അന്നും വാക്കുതര്‍ക്കത്തിന്റെ പേരിലുള്ള പകപോക്കല്‍ കൊലപാതകമായിരുന്നു.

നാടിനും വീടിനും കളങ്കമുണ്ടാക്കുന്ന, ജീവന്‍ തന്നെ അപായപ്പെടുത്തുന്ന കല്യാണാഘോഷങ്ങളിലെ അതിരുകള്‍ ലംഘിക്കുന്നത് തടയാന്‍ സര്‍ക്കാറും കുടുംബകാരണവരും മതസാമുദായിക രാഷ്ട്രീയ നേതാക്കന്മാരും മുന്നോട്ടു വരണം. അല്ലെങ്കില്‍ ഇന്ന് ജിഷ്ണു ആണെങ്കില്‍, നാളെ അതിനേക്കാള്‍ വലിയ ജീവനുകള്‍ ബലികൊടുക്കേണ്ടി വരും.

ഇങ്ങനെ തുറന്നെഴുതാന്‍ തന്നെ ലജ്ജയുണ്ട്. കല്യാണ വീട്ടിലേക്ക് എറിഞ്ഞ ബോംബ് ലക്ഷ്യസ്ഥാനത്തേക്ക് എത്തിയാണ് പൊട്ടിച്ചിതറിയെങ്കില്‍ കൂട്ടക്കൊലക്ക് പോലും കാരണമാവുന്ന ഉഗ്രശേഷിയുള്ള ബോംബായിരുന്നു അക്രമികള്‍ കരുതിയിരുന്നതെന്നത് നമ്മുടെ നാട്ടിലെ യുവാക്കളുടെ പോക്കിനെ ഭയപ്പെടുത്തുന്നു.

നന്മയും പക്വതയുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനും സന്തോഷത്തോടെ വിവാഹങ്ങള്‍ നടക്കാനും എല്ലാവരുടെയും പങ്ക് വേണം. ആ തിരിച്ചറിവില്‍ എല്ലാ വായനക്കാര്‍ക്കും ശുഭസായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Advertisment