Advertisment

ഓൺലൈൻ കെണിയെ കരുതിയിരിക്കുക... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

വിവര സാങ്കേതിക വിപ്ലവത്തിൻ്റെ ഗുണഭോക്താക്കളാണ് നാം ഓരോരുത്തരും. നമുക്ക് ഇതിൽ നിന്നും മാറി നിൽക്കുക സാധ്യമല്ല. നോട്ട് നിരോധനം മുതൽ ഇന്ത്യൻ ജനത ഓൺലൈൻ പണമിടപാടുകളിലേക്ക് ഗതിവേഗം ഇടപെട്ടു തുടങ്ങി.

കോവിഡ് എന്ന മഹാമാരിയുടെ കടന്ന് വരവ് ഡിജിറ്റൽ പണമിടപാടിൽ വലുപ്പ ചെറുപ്പ മോ, സാക്ഷരനോ, നിരക്ഷരനോ എന്ന വ്യത്യാസമില്ലാതെ സ്മാർട്ട് ഫോണും ബാങ്ക് അക്കൗണ്ടുമുള്ളവർ മുൻനിരയിലെത്തി.

വലിയൊരു മാറ്റത്തിലേക്കാണ് സാങ്കേതിക വിദ്യകൾ അനുനിമിഷം കൈപിടിച്ച് കൊണ്ടു പോവുന്നത്. എളുപ്പം എന്നത് പോലെ കെണിയും ഇത്തരം ഓൺലൈൻ ഇടപാടുകൾക്ക് പിന്നിലുണ്ട്.

ബാങ്കുകളുടെയും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളുടെയും മൊബൈൽ സർവീസ് ദാതാക്കളുടെയും മറ്റും പേരിൽ വ്യാജ ടോൾ ഫ്രീ നമ്പർ നിർമിച്ച് തട്ടിപ്പാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്ന വിവരം.

യഥാർഥ ടോൾ ഫ്രീ നമ്പറിനോട് സാമ്യമുള്ള നമ്പർ സ്വന്തമാക്കിയാണ് തട്ടിപ്പ്. ഒന്ന് എന്ന അക്കത്തിലാണ് ഇന്ത്യയിലെ ടോൾ ഫ്രീ നമ്പർ പൊതുവെ തുടങ്ങുന്നത്. ഈ നമ്പറിൽ തുടങ്ങുന്ന മൊബൈൽ നമ്പർ ലഭിക്കാത്തതിനാൽ ഒന്ന് കഴിഞ്ഞുള്ള നമ്പറുകൾ ഒരുപോലെയുള്ള മൊബൈൽ നമ്പർ സ്വന്തമാക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്.

ഈ നമ്പറുകൾ നിരവധി വെബ്‌ സൈറ്റുകളിൽ ടോൾ ഫ്രീ നമ്പർ എന്ന പേരിൽ പോസ്റ്റ് ചെയ്യും. ഇതോടെ ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്നതും ഇത്തരം വ്യാജ ടോൾ ഫ്രീ നമ്പറുകളാകും.

ട്രൂ കോളറിലടക്കം യഥാർത്ഥ സ്ഥാപനത്തിന്റെ ടോൾ ഫ്രീ നമ്പറെന്ന പേരിലാകും തട്ടിപ്പുകാർ രജിസ്റ്റർ ചെയ്തിരിക്കുക. മറ്റു സൈബർ തട്ടിപ്പുകളുടേതുപോലെ തന്നെ കോൾ സെന്റർ പോലുള്ള സംവിധാനം ഒരുക്കിയാണ് ഇവരും കാത്തിരിക്കുക.

സാധാരണ കോൾ സെന്ററിലെ പോലെ തന്നെയാകും ഫോൺ എടുക്കുന്നവർ സംസാരിക്കുന്നതും. പ്രശ്നപരിഹാരങ്ങൾക്ക് സഹായം തേടി വിളിക്കുമ്പോൾ ലഭിക്കുന്ന നിർദേശങ്ങൾ അതു പോലെ തന്നെ അനുകരിക്കും. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി ഒ.ടി.പി. നമ്പർ ചോദിച്ച് പണം തട്ടുന്നതാണ് രീതി.

ഇത്തരം തട്ടിപ്പിനെ കുറിച്ച് ആർ.ബി.ഐ. നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ, അടുത്തകാലത്തായി ഇത്തരം തട്ടിപ്പ് കൂടിയിരിക്കുകയാണെന്ന്‌ സൈബർ പൊലീസ് വിരൽ ചൂണ്ടുന്നു.

കെ.വൈ.സി. അപ്‌ഡേഷന്റെ പേരുപറഞ്ഞ് ബാങ്കിന്റെയും മൊബൈൽ സർവീസ് പ്രൊവൈഡർമാരുടെയും പേരിൽ തട്ടിപ്പുകാർ എസ്.എം.എസ്. അയയ്ക്കുന്നുണ്ട്. ഇതിൽ കാണുന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുന്ന ആളുകൾക്ക് പണവും നഷ്ടമാകുന്നുണ്ടെന്നാണ് കൊച്ചി സൈബർ ക്രൈം പോലീസ് പറയുന്നത്.

അതിനാൽ നമ്മുടെ നിഴലിനെ പോലും സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷം മാത്രമെ സ്വന്തം നിഴലാണ് എന്ന് ഉറപ്പിക്കാവൂ എന്നതു പോലെയായിരിക്കണം ഓൺലൈൻ ഇടപെടലുകൾ. പ്രത്യേകിച്ചും സാമ്പത്തിക വിഷയങ്ങളാവുമ്പോൾ അനാസ്ഥ അരുത്.

പണം മാത്രമല്ല, സ്വകാര്യങ്ങളും ചിത്രങ്ങളും പങ്കുവെക്കുമ്പോൾ നമ്മളറിയാതെ നമ്മളെ നിരീക്ഷിക്കുന്ന കറുത്ത കൈകൾ ദുരുപയോഗം ചെയ്യുന്ന കേസുകളും നാട്ടിൽ വർധിച്ച് വരികയാണ്.

ഈ സാഹചര്യത്തിൽ കെണിയിലകപ്പെടാതെ ജാഗ്രതയോടെയായിരിക്കണം  നമ്മുടെ ഓരോ നീക്കങ്ങളും. നല്ലൊരു ജീവിതം എല്ലാവർക്കും ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു. ആശംസിക്കുന്നു. ജയ് ഹിന്ദ് !

Advertisment