Advertisment

മൂത്രാശയ അണുബാധ: രോഗ നിർണയവും ചികിൽസയും സങ്കീർണമല്ല... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

വളരെ സാധാരണയായ് കണ്ടു വരുന്ന ഒരസുഖമാണ് മൂത്രാശയ അണുബാധ.ഏത് ഭാഗത്തും അണുബാധയുണ്ടാകാമെങ്കിലും മൂത്രസഞ്ചിയിലുള്ള അണുബാധയാണ് ഏറ്റവും സാധാരണയായ് കാണപ്പെടുന്നത്.

മുത്രാശയ അണുബാധ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായ് കണ്ട് വരുന്നത്.50 % സ്ത്രീകൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും മൂത്രാശയ അണുബാധയുണ്ടാകും എന്നാണ് ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇതിനു കാരണം സ്ത്രീകളിൽ മൂത്രനാളിയുടെ (urethra) നീളം കുറവായതിനാലും, മലദ്വാരം മൂത്രനാളിയുടെ അടുത്തായതിനാലും അവിടെ നിന്നുള്ള രോഗാണുവിന് മൂത്രസഞ്ചിയിലേക്ക് പ്രവേശിക്കാൻ എളുപ്പം സാധിക്കുന്നു എന്നതാണ്.

പ്രമേഹരോഗികൾ, ഗർഭിണികൾ, മുമ്പ് മൂത്രാശയ അണുബാധയുണ്ടായവർ, മൂത്രാശയ വ്യവസ്ഥയുടെ പ്രവർത്തനത്തിലൊ ഘടനയിലോ തകരാറുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, കുട്ടികൾ/ വയോജനങ്ങൾ, ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾ, മൂത്രം പോകാൻ കത്തീറ്റർ ഇട്ടവർ എന്നിങ്ങനെയുള്ളവരിൽ അണുബാധയുടെ സാധ്യത കൂടുതലാണ്.

രോഗലക്ഷണങ്ങൾ:

മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പുകച്ചിൽ അഥവാ വേദന, വീണ്ടും വീണ്ടും മൂത്രമൊഴിക്കാനുള്ള തോന്നൽ, മൂത്രം പിടിച്ച് വെക്കാൻ സാധിക്കാതിരിക്കുക, അടിവയറിലെ വേദന, മൂത്രത്തിൽ രക്തം കാണുക എന്നിവ മൂത്രസഞ്ചിയിലെ അണുബാധയെ സൂചിപ്പിക്കുന്നു.

രോഗനിർണ്ണയം:

മുകളിൽ പറഞ്ഞ ലക്ഷണം കണ്ടാൽ ഡോക്ടറേ സമീപിക്കേണ്ടതാണ്. മൂത്രപരിശോധനയിലൂടെ അണുബാധയുടെ സാധ്യത മനസിലാക്കാൻ കഴിയും. മൂത്രം കൾച്ചർ ചെയ്യുമ്പോൾ അണുബാധക്ക് കാരണമായ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കാനും, അവയ്ക്കെതിരായുള്ള ഏറ്റവും അനുയോജ്യമായ ആന്റിബയോട്ടിക്ക് തിരഞ്ഞെടുത്ത് ഫലപ്രദമായ് ചികിത്സിക്കാനും സാധിക്കും.

സങ്കീർണ ഘട്ടങ്ങളിൽ അൾട്രാസൗണ്ട് സ്കാൻ (USG), സി.ടി സ്കാൻ, സിസ്റ്റോസ്കോപ്പി ( cystoscopy) മുതലായ പരിശോധനകളും രോഗനിർണയത്തിന് ആവശ്യമായ് വരാറുണ്ട്.

ചികിത്സ:

സാധാരണയുണ്ടാകുന്ന അണുബാധക്ക് ഒന്ന് മുതൽ അഞ്ച് ദിവസം വരെയുള്ള ആന്റിബയോടിക്കുകൾ കഴിച്ചാൽ പൂർണ്ണ പരിഹാരമാകും. എന്നാൽ അണുബാധ രക്തത്തിലേക്ക് പടരുക, രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ അണുബാധയുണ്ടാകുക, ആവർത്തിച്ചുള്ള അണുബാധയുണ്ടാകുക എന്നീ സങ്കീർണ ഘട്ടങ്ങളിൽ രോഗിയേ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ആൻറിബയോട്ടിക്കുകൾ ഇൻജെക്ഷൻ രൂപത്തിൽ കൊടുക്കേണ്ടതായ് വരും. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെയുള്ള സ്വയം ആന്റിബയോട്ടിക്ക് ചികിത്സ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

ചിലപ്പോഴൊക്കെ അണുബാധ രക്തത്തിലേക്ക് വ്യാപിച്ച സന്ദർഭങ്ങളിൽ ശരിയായ ചികിത്സയെടുത്തില്ലങ്കിൽ രോഗം മൂർച്ചികുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം.

താഴെ പറയുന്ന പ്രതിരോധ മാർഗങ്ങൾ മൂത്രാശയ അണുബാധ വരാതെ നിങ്ങളെ സഹായിക്കും:

ധാരാളം വെള്ളം കുടിക്കുക (മറ്റ് അസുഖങ്ങളില്ലെങ്കിൽ 2 മുതൽ 3 ലീറ്റർ വരെ ഒര് ദിവസം).

മൂത്രം അധിക സമയം പിടിച്ച് വെക്കാതിരിക്കുകയും കൃത്യമായ ഇടവേളകളിൽ മൂത്രാശയത്തിലെ മുഴുവൻ മൂത്രവും ഒഴിച്ച് കളയുകയും ചെയ്യുക.

മലബന്ധം ഒഴിവാക്കുക.

മലമൂത്ര വിസർജനത്തിന് ശേഷം സ്ത്രീകൾ /പെൺകുട്ടികൾ ഗുഹ്യഭാഗം മുൻവശത്ത് നിന്ന് പുറകിലേക്ക് എന്ന രീതിയിൽ മാത്രം കഴുകി വൃത്തിയാക്കുക.

ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കാൻ ശ്രദ്ധിക്കുക.

സമ്പൂർണ്ണ വ്യക്തി ശുതിത്വം പാലിക്കുക.

(എറണാകുളം റിനൈ മെഡ്സിറ്റിയിൽ യൂറോളജിസ്റ്റും മേലാറ്റൂർ സ്വദേശിയുമായ ഡോ. യൂനൂസ് ഇന്നലെയാണ് അന്തരിച്ചത്)

Advertisment