Advertisment

കണ്ടന്‍കുമാരന്‍റെ വിഖ്യാത പ്രസംഗത്തിന് 105 വയസ്... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പ്രസംഗത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം നിറച്ചു വയ്ക്കണം, പ്രവര്‍ത്തിക്കുമ്പോള്‍ പ്രസംഗിക്കാനുള്ള വിഭവങ്ങളുണ്ടാകണം. ധര്‍മ്മവും കര്‍മ്മവും സംയോജിപ്പിച്ച് നന്മ കൈവരുത്തണം. അത് ഉണ്മയോടെ നിലനിര്‍ത്തണം...

അതായത് സിദ്ധാന്തവും പ്രയോഗവും പരസ്പരപൂരകമാവുകയും ചരിത്രത്തിന്റെ ഏടുകള്‍ക്കുള്ളില്‍ ദൃഢതയോടെ സ്ഥാനം പിടിക്കുകയും ചെയ്യണം. പാരതന്ത്ര്യത്തിന്റെ നുകമണിഞ്ഞ് പാര്‍ശ്വവത്കൃതരാക്കി, അയിത്തവും അനാചാരങ്ങളും അടിച്ചേല്‍പിച്ചതു കൂടാതെ ജ്ഞാനസമ്പാദന വിലക്കുകളും നേരിടേണ്ടിവന്ന അധഃസ്ഥിത ജനജീവിതത്തെ ജ്ഞാനാധികാരത്തിന്റെ ഉടമകളാക്കുന്നതിന്റെ പ്രകാശ രേണുക്കള്‍ പടര്‍ത്തിയ ഒരു പ്രസംഗം തിരുവിതാംകൂര്‍ നിയമനിര്‍മ്മാണ സഭാ രേഖകളില്‍ സമാനതകളില്ലാതെ കിടപ്പുണ്ട്.

എന്നിട്ടും അത് തമസ്‌കരിക്കപ്പെട്ടത് ചരിത്ര നിഷേധമല്ലാതെ മറ്റെന്താണ്. ആ ചരിത്ര പ്രസംഗത്തിന്റെ ഉടമയാണ് സാംബവ സമുദായാചാര്യന്‍ മഹാത്മാ കാവാരികുളം കണ്ടന്‍കുമാരന്‍.

1911 ല്‍ പ്രസിദ്ധീകരിച്ച സെന്‍സസ് പ്രകാരം ഓരോ ജാതി സമൂഹങ്ങളുടെയും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ തൊഴിലടക്കമുള്ള സ്ഥിതി വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ പറയര്‍ 0.05 ശതമാനം മാത്രം.

1915ല്‍ ശ്രീ മൂലം പ്രജാസഭയില്‍ പറയ സമുദായ പ്രതിനിധിയായി നോമിനേറ്റ് ചെയ്യപ്പെട്ട കണ്ടന്‍കുമാരന്‍ 1917 ഫെബ്രുവരി 22 ന് നടത്തിയ പ്രസംഗത്തിന്റെ ചുരുക്കം ഇങ്ങനെ:

വിദ്യാഭ്യാസ കോഡില്‍ നിരോധിക്കുന്നില്ല എങ്കിലും താഴ്ന്ന ജാതി കുട്ടികളെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ പ്രവേശിപ്പിക്കുന്നതില്‍ മേല്‍ജാതിക്കാര്‍ എതിരു നില്‍ക്കുന്നു. അതിനാല്‍ എന്റെ സമുദായം തിരുവിതാംകൂര്‍ സംസ്ഥാനത്തെ വിവിധ താലൂക്കുകളിലായി 52 ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ നടത്തിവരുന്നു. അവിടെ പറയര്‍ കൂടാതെ വിവിധ ജാതിമതങ്ങളില്‍പ്പെട്ടവരും അധ്യാപകരാണ്. ഇനിമേല്‍ അവര്‍ക്കുള്ള ശമ്പളം സര്‍ക്കാരില്‍ നിന്നും നല്‍കുവാന്‍ അപേക്ഷിക്കുന്നു.

അനുകൂലമല്ലാത്ത സാമൂഹിക സാഹചര്യങ്ങളോടും വിഭവ മൂലധന ദാരിദ്ര്യത്തോടും പടവെട്ടി, കീഴ്ജാതിക്കാരായി കഴിയുന്ന ഒരു സമുദായം, അതിന്റെ മുന്നണി നായകന്‍ എന്ന നിലയില്‍ ഇക്കാലത്തുപോലും അചിന്തനീയമായ ആ പ്രസംഗവും പ്രഖ്യാപനവും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനവും വിവരിക്കുകയായിരുന്നു പ്രസംഗത്തില്‍.

1931 ലെ ജാതി സെന്‍സസില്‍ (ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ നടത്തിയത്) അതിന്റെ പ്രതിഫലനം കണ്ടു. ഈഴവ സമുദായം കൈവരിച്ച 21.9 നും മുകളില്‍ 23 ശതമാനം സാക്ഷരത പറയര്‍ കൈവരിച്ചു!

വിജയഗാഥ ചമയ്ക്കാനായി മഹാത്മ കാവാരികുളം കണ്ടന്‍കുമാരന്‍ നടത്തിയത് ഒരു പടയോട്ടമായിരുന്നു. ജാത്യാചാര നിബദ്ധമായ അക്ഷര വിലക്കുകളെ അതിലംഘിച്ച് അറിവിലൂടെ, തിരിച്ചറിവിലൂടെ ജനതയെ ആശയങ്ങളുടെ ആയുധ ധാരികളാക്കി, മനുഷ്യ വിമോചന പോരാട്ടങ്ങള്‍ക്ക് സജ്ജനാക്കിയ മഹാനായിരുന്നു കണ്ടന്‍കുമാരന്‍.

നവോത്ഥാന പോരാട്ട ചരിത്രത്തില്‍ സ്വര്‍ണ്ണ ശോഭ പടര്‍ത്തിയ പാര്‍ശ്വവത്കൃത ജനതയുടെ നിരന്തര പ്രക്ഷോഭങ്ങളെയും ചെറുത്തു നില്‍പ്പുകളെയും നിഷ്പക്ഷതയോടെ നിരീക്ഷിക്കാനും ഗവേഷണ വിഷയമാക്കാനും പുതുതലമുറയ്ക്ക് കഴിയണം. എങ്കില്‍ മാത്രമേ നവോത്ഥാന കേരള ചരിത്രം അതിന്റെ പൂര്‍ണ്ണത ആര്‍ജ്ജിക്കൂ.

(സാംബവ മഹാസഭ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Advertisment