/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
വ്രത ശുദ്ധിയുടെയും ആത്മ സംസ്കാരത്തിന്റെയും അനുഗ്രഹീത ദിനങ്ങൾ വന്നണയുകയാണ്.
വിശ്വാസികളുടെ വസന്തകാലം, പുണ്യങ്ങളുടെ പൂക്കാലം.
സുന്നത്തുകൾക്ക് ഫർളുകളുടെ പ്രതിഫലവും -ഫർളുകൾക്ക് എഴുപതും അതിലധികവും പ്രതിഫലം പ്രതീക്ഷിക്കാവുന്ന വിളവെടുപ്പിൻ്റെ മാസം. അള്ളാഹുവിൻ്റെ കാരുണ്യവും ഔദാര്യവും പാപമോചനവും വർഷിക്കപ്പെടുന്ന വിശുദ്ധ മാസം.
മനസ്സും ശരീരവും സർവ്വ ശക്തനിൽ അർപ്പിച്ചു നന്മകളാൽ ഹൃദയം പൂക്കുന്ന ധന്യമായ ദിനങ്ങൾ വീടുകൾക്കുള്ളിൽ പൂത്തു തളിർക്കട്ടെ.തറാവീഹ് നിസ്കാരത്തിന്റെ സ്വഫ്ഫുകൾ വിരിയട്ടെ. രാവും പകലും ഇഹ്തിക്കാഫിനാൾ നിറയട്ടെ. നാടിനെ വിങ്ങുന്ന ഭയത്തിൽ നിന്നും വ്യാധിയിൽ നിന്നും പരിപൂർണ്ണ മുക്തി നേടി നാം വീണ്ടും കൈ കോർക്കുന്ന നല്ല നാളെകൾ പുലരട്ടെ.
പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന ഈ അനുഗ്രഹീത നാളുകളിൽ ഹൃദയം തുറന്ന് നമുക്ക് പ്രാർത്ഥിക്കാം. ഒരു നേരമെങ്കിലും റമളാനിനെ ആത്മാര്‍ത്ഥമായി നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുവോ ?
റമളാൻ വന്നിട്ട് നമ്മിൽ വല്ല മാറ്റവും തുടക്കം കുറിച്ചോ ? എത്ര നിസ്കാരങ്ങൾ സുജൂദുകൾ കഴിഞ്ഞു പോയ നിമിഷങ്ങളോർത്തു ആത്മാർഥമായി നാഥനോട് കരയാനോ തൗബ ചെയ്യാനോ നമുക്ക് സാധിച്ചുവോ ഇല്ലെങ്കിൽ ഇനി വരുന്ന നിമിഷങ്ങളെ ഉപയോഗപ്പെടുത്താം.
പ്രപഞ്ച നാഥന്റെ നിശ്ചയമാണ് സമയ ബന്ധിതമായി വിശ്വാസികൾക്ക് നിർണയിക്കപ്പെട്ട ആരാധനകൾ. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ആത്മ ബന്ധത്തിൽ നിന്നാണ് ആരാധനകൾ അനുഷ്ഠിക്കപ്പെടേണ്ടത്.
ദിനേന അഞ്ചു നേരമുള്ള നിസ്കാരവും, റമദാൻ മാസം മുഴുവനുമുള്ള വ്രതവും,സമ്പത്തിൽ മിച്ചമുണ്ടാകുമ്പോൾ സകാത്തും, സാദ്ധ്യമായാൽ ജീവിതത്തിലൊരിക്കൽ ഹജ്ജും വിശ്വാസികൾക്ക് നിർബന്ധമാക്കി.അങ്ങിനെ വിശ്വാസിയുടെ മാനസിക, ശാരീരിക, സാമൂഹിക, സാമ്പത്തിക ജീവതത്തിലെ വിശുദ്ധി കൈവരിക്കണമെന്നാണ് ഇത്തരം വ്യത്യസ്ത രൂപത്തിലുള്ള ആരാധനകൾ അനുഷ്ഠിക്കുന്നതിലൂടെ ഇസ്‌ലാം ലക്‌ഷ്യം വെക്കുന്നത്.
മനുഷ്യരുടെ മാർഗ ദർശനത്തിനായി നൽകപ്പെട്ട അവസാനത്തെ വേദ ഗ്രന്ഥം,വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് റമദാൻ.ദൈവിക വിളിക്കുത്തരമായി പകലിലെ അന്ന പാനീയങ്ങളും, വൈകാരികാസ്വാദനങ്ങളും ഉപേക്ഷിച്ചു കൊണ്ട് രാത്രികാലങ്ങളിൽ പ്രാർഥനയിലും ആരാധനയിലും കൂടുതൽ മുഴുകി ഒരു മാസം മുഴുവനായും വിശ്വാസി ലോകം വ്രതമനുഷ്ഠിക്കുന്നു.
ആരാധനകളും, സൽക്കർമ്മങ്ങളും,പരക്ഷേമ പരതയും,ദാന ധർമങ്ങളും വർധിപ്പിച്ച് തെറ്റായ വാക്കുകളിൽനിന്നും പ്രവർത്തികളിൽ നിന്നും അകലം പാലിച്ച് വ്രത മനുഷ്ടിക്കുന്നതോടെ ഖുർആന്റെ അദ്ധ്യാപനങ്ങൾക്ക് പ്രായോഗികതയുടെ പൂർണ്ണത നൽകി ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഒരു ദൈവിക പരിശീലനത്തിന് വിധേയമാകുകയാണ് വിശ്വാസി സമൂഹം.
ഭൗതികതയുടെ സൗകര്യങ്ങളിൽ ധാർമ്മിക മൂല്ല്യങ്ങളും ദൈവികാദ്ധ്യാപനങ്ങളും മറന്നു പോകാനിടയുള്ള മനുഷ്യനെ വിശപ്പും ദാഹവും അനുഭവിപ്പിച്ചു കൊണ്ട് പൈശാചിക പ്രേരണകളുടെ വഴികൾ അടച്ചു തന്റെ സഹജീവികളുമായി അടുക്കാനും ഉള്ളത് അവരുമായി പങ്കുവെക്കാനും മനുഷ്യനെ ഓർമ്മിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന മാസമാണ് റമദാൻ.
താൻ കഷ്ടപ്പെട്ട് സമ്പാദിച്ചതിൽ അഗതിക്കും അശരണനും അവകാശമുണ്ടെന്ന ഇസ്ലാമിക പാഠം ലോക മുസ്ലീംകൾ ഏറ്റവും ഭംഗിയായി പ്രാവർത്തികമാക്കുന്ന മാസം കൂടിയാണ് റമദാൻ.
ഒരു മാസം നീണ്ടു നിൽക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാർമ്മിക-ആത്മീയ ഊർജ്ജം കൈവരിക്കുന്നതായിരിക്കണം. കഴിഞ്ഞ കാലങ്ങളിൽ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം. ആ മാറ്റം ലോകജനതക്ക് അനുഭവിക്കാൻ സാദ്ധ്യമാകണം.
അരുതായ്മകളിൽ നിന്നും അധാർമ്മികതയിൽ നിന്നും മനുഷ്യനെ തടയാൻ അവൻ ആർജിച്ച അദൃശ്യമായ ദൈവിക ബോധത്തോളം ശക്തമായ മറ്റൊന്നുമില്ല.അങ്ങിനെ ആരാധനയിലൂടെ സ്നേഹത്തിന്റെയും സഹവർതിത്വത്തിന്റെയും ധാർമികതയുടെയും ഒരു ലോകം ഉണ്ടാകണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു.
ആ മനുഷ്യനെയും സമൂഹത്തെയും രൂപപ്പെടുത്താനാണ് വിശുദ്ധ ഖുർആൻ അവതീർണ്ണമായ റമദാൻ മാസത്തിലെ വ്രതം കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് ഉദ്ദേശിച്ചത്.
കാരുണ്യവും പാപമോചനവും നേടിയ റമളാനിലെ ആദ്യ രണ്ടുപത്തുകളും. നരകമോചനത്തിന്റെയും സ്വർഗ്ഗ പ്രവേഷനത്തിന്റെ പത്തു നാളുകളും ആരാധനായാൽ സർവ്വ ശക്തനിലേക്ക് അടുക്കാനും അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരായി ഇലാഹി സ്നേഹം കൊണ്ട് മനഃശാന്ധിയും നേടി റമളാൻ കൊണ്ട് വിജയിക്കുവാൻ നമുക്ക് സാധിക്കട്ടെ.
പ്രത്യേകിച്ചും അല്ലാഹുവിന്റെ പരീക്ഷണങ്ങൾ മഹാമാരിയായും മറ്റും നമ്മളെ തേടി വരുമ്പോൾ ഈ നാളുകൾ നല്ല കാര്യത്തിലൂടെ മാത്രം ചിലവിടാം. വിശുദ്ധ ഖുർആൻ അവതീർണമായ ശ്രേഷ്‌ടമായ രാത്രിയെന്ന് വിശേഷിക്കപ്പെട്ട ലൈലത്തുൽ ഖഥറിനെ പ്രധീക്ഷിക്കുന്ന ദിനങ്ങൾ പ്രദീക്ഷിക്കാം.
വീടുകളിൽ ആരാധനകളാൽ പ്രകാശിതമാക്കാം. കുടുംബത്തോടൊപ്പം കൂട്ടമായ പ്രാർത്ഥനകളിലൂടെ സ്നേഹകൂടിചേരലായ് ദൃടമാവട്ടെ. ആത്മസംസ്കാരത്തിലൂടെ ധാനധർമങ്ങളിലൂടെ നോമ്പ് കൊണ്ട് നമുക്ക് വിജയിക്കാം റായ്യാനെന്ന കാവടത്തിലൂടെ സ്വർഗം പുൽകാനാവട്ടെ. ഹൃദ്യമായ ആലാപനത്താൽ മനം കവരുന്ന പാട്ടുകളുണ്ട്.
മനോഹരിതാൽ നമ്മുടെ മനം നിറക്കുന്ന കാഴ്ച്ചകളുണ്ട്. നല്ല പെരുമാറ്റത്തിലൂടെ ഉള്ളം കൊതിക്കുന്ന സൗഹൃദങ്ങൾ ഉണ്ട്.എതൊന്നും നമുക്ക് അത്രമേൽ പ്രിയപ്പെട്ടത് നാം ഉപയോഗപ്പെടുത്തുന്നതിനനുസരിച്ചു മാത്രം.ശ്രേഷ്ഠതകളാൽ പുണ്യങ്ങളേറെ നിറഞ്ഞ ഈ റമളാനും നമുക്ക് ഒപ്പം ഉണ്ട്.
യാത്ര പറയും മുമ്പേ സുകൃതങ്ങളാൽ നമുക്ക് ഉപയോഗപ്പെടുത്താം.കൊറോണ കാലത്തെ ഈ നോമ്പിനെ ഓർത്തെടുക്കുമ്പോൾ നഷ്ട്ടമായി എണ്ണപ്പെടാതിരിക്കാനും നമുക്ക് ശ്രദ്ധിക്കാം.ഏറെ പ്രിയപ്പെട്ടതാകട്ടെ ഈ റമളാൻ.കാർമേഘ പാളികൾ നീങ്ങി സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒത്തൊരുമയുടേയും മനോഹര ദിനങ്ങളിലേക്ക് വീണ്ടും പുലർവെട്ടം വീശട്ടെ എന്ന പ്രാർത്ഥനയോടെ...