മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ മദ്യനയം തീർത്തും ന്യായമില്ലാത്തതും കാലഘട്ടത്തോട് നീതി പുലർത്താത്തതുമാണ്. സർക്കാരിന്റെ ന്യായമില്ലാത്ത മദ്യനയം... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

രണ്ട് ദിവസം മുമ്പ് ഒരു മുൻസിപ്പൽ കൗൺസിലറുടെ മരണ വാർത്ത എല്ലാവരും വായിച്ചിട്ടുണ്ടാവാം. മരണത്തിലേക്ക് എത്തിച്ച ഹേതു എന്നത് ലഹരി തലക്ക് പിടിച്ച് യുവാക്കളോട് സംസാരിച്ചതായിരുന്നു.

തീർപ്പാക്കി മടങ്ങിയവരെ ലഹരി തലക്ക് പിടിച്ചവർ പിന്തുടർന്ന് കയ്യിലുള്ള ഹെൽമെറ്റ്‌ കാറിന്റെ പിറകിലെ ഗ്ളാസ്സിലേക്ക് എറിഞ്ഞു പൊട്ടിച്ച് കാർ നിർത്തിച്ചു. എന്നിട്ട് കാറിൽ നിന്നിറങ്ങിയവരെ കയ്യിൽ കരുതിയ മാരകായുധങ്ങളുമായി അടിച്ചു വീഴ്ത്തി.

തലയോട്ടിയിലെ പൊട്ടലുകൾ എത്രയെന്നത് പോലും കൃത്യമല്ലാത്ത രീതിയിൽ ലഹരി ഇറങ്ങും വരെ പകപോക്കിയ ഒരു സംഭവമായിരുന്നു ഇത്. സംഭവിച്ചത് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ.

ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ മദ്യനയം തീർത്തും ന്യായമില്ലാത്തതും കാലഘട്ടത്തോട് നീതി പുലർത്താതുമാണ്. അഥവാ, നല്ലതിനെ വേണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മദ്യനിരോധനം നടത്തുന്നവർ മോശക്കാരും ഇതുപോലുള്ള മദ്യനയം പാസാക്കി സാങ്കേതിക വിവര വിദ്യാഭാസമുള്ളവർക്ക് പോലും ബാറും പബും സുലഭമായി നൽകുന്നവർ പുണ്യാളൻമാരുമാവുന്ന കാലഘട്ടത്തിൽ തുടർഭരണം നിലവിലെ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ അത്ഭുതമൊന്നുമല്ല. പക്ഷെ, ആഭാസമാണ്.

ദൈനംദിനം കേൾക്കുന്ന വാർത്തകൾ മുഴുവനും ഭയപ്പെടേണ്ടതായ വാർത്തകൾ മാത്രമാണ്. അച്ഛൻ മക്കളെ കൊല്ലുന്നതും അമ്മ പിഞ്ചു കുഞ്ഞുങ്ങളെ കൊല്ലുന്നതും അക്രമിക്കുന്നതുമൊക്കെയാണ് വാർത്തകൾ. എല്ലാത്തിനും പിറകിൽ ലഹരിക്ക് വലിയ റോളുണ്ട്.

ഭാര്യമാരെ പരസ്പരം കൈമാറുന്ന വാർത്തകൾ പോലും കേരളത്തിൽ നിന്നും കേട്ടു.ഒരു വ്യക്തിയുടെ ആത്മാഭിമാനം വിട്ട് ഇത്തരത്തിൽ പെരുമാറണമെങ്കിൽ നമ്മുടെ കേരളത്തിൽ ലഹരി ശക്തമായി പിടിമുറുക്കിയിരിക്കുന്നു എന്ന് തന്നെ പറയാം.

ഏതൊരു നാട്ടിലും സ്കൂളിൽ പഠിക്കുന്ന കുട്ടികളെ പോലും കഞ്ചാവ് ഉപയോഗത്തിൽ നിന്ന് എങ്ങനെ പ്രതിരോധിക്കാൻ സാധിക്കും എന്നുള്ളതാണ് പ്രധാന ചിന്ത. സാന്ദർഭികമായി ഒരു കാര്യം ഉണർത്തട്ടെ. പരിശുദ്ധ റമളാൻ ആരംഭിച്ചു. ഈ റമളാനിൽ നീണ്ട ആത്മീയ പ്രഭാഷണ പരമ്പരയേക്കാളും ജനക്കൂട്ട ആത്മീയ മജ്ലിസുകളേക്കാളും ലഹരി വിമുക്ത ക്യാമ്പയിൻ പോലുള്ളത് കൃത്യമായ ആസൂത്രണത്തോടെ നിർവ്വഹിക്കാൻ സാധിക്കുകയാണ് വേണ്ടത്.

ഈ സമയത്ത് ഏറ്റവും പുണ്യകരമായ കാര്യം മറ്റൊന്നില്ല എന്ന് തീർത്തും അഭിപ്രായപ്പെടാം.
ഇങ്ങനെ ലഹരി തലക്ക് പിടിച്ച ഏറ്റവും പ്രായാസകരമായ സാഹചര്യത്തിലാണ് ഭരണകൂടം കൃത്യമായി ഇത് പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങേണ്ടത്. അങ്ങനെയൊരു സമയത്താണ് ലഹരിയെ നഖശിഖാന്തം എതിർക്കേണ്ട സർക്കാരിന്റെ ഒരിക്കലും നീതീകരിക്കാൻ സാധിക്കാത്ത പുതിയ മദ്യനയവുമായി രംഗത്തു വരുന്നത്.

യഥാർത്ഥത്തിൽ സർക്കാർ നീതിയും നന്ദിയും കടപ്പാടും കാണിക്കുന്നത് അബ്‌കാരികളോടാണ്. രണ്ടാം പിണറായി സർക്കാരിനെയും കഴിഞ്ഞ പിണറായി സർക്കാറിനെയുമെല്ലാം ശക്തമായി മുന്നോട്ട് കൊണ്ടുവരാൻ ഏറെ ശ്രമിച്ചത് അബ്‌കാരികൾ തന്നെയാണല്ലോ. കാരണം, മദ്യഷാപ്പുകൾ തുടങ്ങാനുള്ള ദൂര പരിധി വരെ 400 മീറ്ററിൽ നിന്ന് 200 മീറ്ററാക്കി കൊടുക്കുന്ന പിണറായി സർക്കാരിനെ തന്നെയല്ലേ അബ്കാരികൾ പിന്തുണക്കേണ്ടത്.

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ അവരുടെ ബിസിനസിന്റെ വളർച്ചക്ക് അനുസ്യൂതം പിന്തുണ അറിയിക്കുന്ന സർക്കാരിനെ തന്നെയല്ലേ പിന്തുണക്കുക. പക്ഷെ, സർക്കാരാണെങ്കിൽ ഈ നാട്ടിൽ എല്ലാവരും കുടിച്ചു കണ്ടാൽ മതി എന്ന സ്വപ്ന സാഫല്യത്തിന് ധൃതികൂട്ടുന്ന സമീപനവുമാണ് വെച്ച് പുലർത്തുന്നത്.

ഐ ടി പാർക്കുകളിൽ വരെ ബാറുകൾ അനുവദിച്ചു സർവ്വ സാങ്കേതിക വിവര ജ്ഞാനികളേയും കുടിപ്പിച്ചു കിടത്തി വിശ്രമം അനുവദിക്കുന്ന പിണറായി സർക്കാരിന്റെ മദ്യനയം ഈ കേരളത്തിന്‌ ഭൂഷണമാണോ? സർക്കാരിന് സമ്പത്തു മാത്രം മതിയോ? ഒരു നാടിനെ കുടിപ്പിച്ചു കിടത്തി ലഹരിയിൽ ആറാടിച്ചു സമ്പത്തുണ്ടാക്കുന്ന പിണറായി സർക്കാരിന്റെ മദ്യനയം യഥാർത്ഥത്തിൽ പൊതുജനങ്ങളോടുള്ള ധാർഷ്ട്യമാണ്.

ജാതിക്ക, പൈനാപ്പിൾ തുടങ്ങിയ പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കി നൽകാനുള്ള സർക്കാരിന്റെ നിലപാടുകൾ വെറും ലഹരിക്ക് അടിമപ്പെടുന്ന സമൂഹമാണ് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് വളരാനുള്ള ഏക മാർഗ്ഗം എന്നതുകൊണ്ടാണോ എന്ന് ചിന്തിച്ചു പോയാൽ ആരേയും കുറ്റപ്പെടുത്താനാവില്ല.

ഏത് സമയത്തും മദ്യത്തിന്റെ കാര്യത്തിൽ പിണറായി സർക്കാരിന് ഒരു പ്രത്യേക ഇമ്പമാണ്.മദ്യപാനികൾക്ക് മാത്രമായാണോ ഈ സർക്കാർ നിലവിൽ വന്നത്.ഈ നാടിന്റെ കടം പെരുകി കുന്നുകൂടി മനുഷ്യൻ വിലക്കയറ്റം ദുസ്സഹമായി നിലകൊള്ളുന്നതിനെ കാണാതെ മനുഷ്യന്റെ നെഞ്ചിലൂടെ കെ റെയിൽ വേഗതയിൽ ഒരു ലക്ഷ്യബോധമില്ലാതെ ഭരിക്കുക മാത്രമാണ് ഇപ്പോൾ ഭരണകൂടം ചെയ്യുന്നത്.

കൂട്ടത്തിൽ ധാർഷ്ട്യത്തിന്റെ ഉത്തുംഗതയിലാണ് സർക്കാർ തലവനും കൂട്ടാളികളും. എതിർക്കുന്നവരെയും വിഷമിക്കുന്നവരെയും കാണാതെ ഞങ്ങൾ എന്ത് തീരുമാനിച്ചുവോ അത് മാത്രം അനുസരിക്കുക എന്ന ധാർഷ്ട്യം മാത്രമാണ് സർക്കാരിനുള്ളത്. ഇവിടെ സർക്കാരിന്റെ ധൂർത്തും സുഖലോലുപതയും മുടന്തൻ സാമ്പത്തിക ന്യായങ്ങളും പറഞ്ഞു നടപ്പിലാക്കുക മാത്രമാണ് ചെയ്ത്കൊണ്ടിരിക്കുന്നത്.

കേരളത്തിൽ ലഹരിക്കെതിരെ സംസാരിക്കാൻ ഈ സർക്കാരിന് എങ്ങനെ സാധിക്കും. കാരണം, പിണറായി സർക്കാർ ഇനി ലഹരിക്കെതിരെ പ്രതികരിക്കുകയോ എന്തെങ്കിലും നടപടികൾ സ്വീകരിക്കുകയോ ചെയ്‌താൽ അത് തീർത്തും കാപട്യമല്ലേ.

ഒരു ഭാഗത്ത്‌ ഐ ടി പാർക്കുകളിലും മറ്റും ബാറും പബ്ബും പഴങ്ങളിൽ നിന്ന് വരെ മദ്യവും എടുക്കുന്ന തിരക്കിൽ സർക്കാരിന്റെ നിലപാട് വ്യക്തമാണല്ലോ. നാളെകളിൽ ക്യാംപസുകളിലും സ്‌കൂളുകളിലും ഈ നയം തുടരുമോ എന്ന് മാത്രം നോക്കിയാൽ മതി.

അതിനും ക്യാപ്സ്യൂൾ ന്യായങ്ങൾ അവരുടെ കയ്യിലുണ്ടാവുകയും ചെയ്യും. ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന പിണറായി സർക്കാർ ഇങ്ങനെ മദ്യനയം നടപ്പാക്കുമ്പോൾ ലഹരിയെ ഭയക്കുന്ന സമൂഹത്തെ ആര് പരിഗണിക്കും എന്നതാണ് പ്രധാനം.

ലഹരി കിട്ടാത്തതിന്റെ പേരിൽ സ്വന്തം അമ്മയുടെ തല അടിച്ചു പൊട്ടിച്ച മക്കളുടെ കഥകൾ പോലും കേൾക്കുന്ന നാട്ടിൽ ജീവിക്കാൻ ഭയം തോന്നുന്നു. ആത്മാഭിമാനം കാണിക്കാൻ വീടിനകത്തെ മക്കളുടെ പെരുമാറ്റത്തെ സഹിക്കുന്ന അമ്മമാരും അച്ചന്മാരും ഭാര്യമാരും മക്കളും ജീവിക്കുന്ന കേരളമാണ് ദൈവത്തിന്റെ സ്വന്തം നാട്.

Advertisment