/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
"അതാ വരുന്നു സമത്വത്തിന്റെ സന്ദേശ വാഹകൻ മുഹമ്മദ്. നിങ്ങൾ ചോദിക്കുന്നു അദ്ദേഹത്തിന്റെ മതത്തിൽ എന്തു നന്മയാണുണ്ടാവുക എന്ന്. നൻമയില്ലെങ്കിൽ അതെങ്ങനെ ജീവിക്കുന്നു ?" നല്ലതേ പുലരൂ. അതു മാത്രമേ നിലനിൽക്കൂ. കാരണം നല്ലതിനേ കരുത്തുള്ളൂ. അതിനാലത് നിലനിൽക്കും. പവിത്രത ബലമാണ്. നൻമ ഉറപ്പാണ്. മുഹമ്മദീയ മതത്തിൽ നന്മ ധാരാളമുണ്ട്.സമത്വത്തിന്റെ , സാഹോദര്യത്തിന്റെ പ്രവാചകനാണ് മുഹമ്മദ്"
സ്വാമി വിവേകാനന്ദൻ
(വിവേകാനന്ദസാഹിത്യ സർവസ്വം, ഏഴാം ഭാഗം, മൂന്നാം പതിപ്പ്)
ആത്മീയവും ഭൗതീകവുമായ തലത്തിൽ മനുഷ്യ സമൂഹത്തെ പുരോഗതിയുടേയും വികസനത്തിന്റേയും പാതയിലേക്ക് നയിക്കാൻ കാലാന്തരങ്ങളായി നിയോഗിക്കപ്പെട്ടവരാണ് പ്രവാചകൻമാർ.അത്തരത്തിൽ മാനവതയുടെ മാർഗദർശനത്തിനു വേണ്ടി അവതരിച്ച വിശ്വപ്രവാചകനാണ് മുഹമ്മദ് നബി (സ)
മുഹമ്മദ് നബി (സ) മുഖേന സ്രഷ്ടാവായ ദൈവം ഏഴാം ശതകത്തിൽ പ്രപഞ്ചത്തിലെ മുഴുവൻ മനുഷ്യർക്കും വേണ്ടി നൽകിയ അവസാനത്തെ വേദ ഗ്രന്ഥമാണ് 114 അധ്യായങ്ങളുള്ള പരിശുദ്ധ ഖുർ ആൻ. ലോകത്തിൽ ഏറ്റവും കൂടുതൽ കേൾക്കപ്പെടുന്നതും മന:പാഠമാക്കപ്പെടുന്നതുമായ ഗ്രന്ഥങ്ങളിൽ ഒന്നാണ് വിശുദ്ധ ഖുർആൻ. അവതരിച്ച അതേ ഭാഷയിൽ ഏറ്റവും കൂടുതൽ പുറത്തിറങ്ങുന്ന ഗ്രന്ഥവും മുഹമ്മദ് നബി (സ)മുഖേന മാനവ കുലത്തിനു ലഭിച്ച ഖുർ ആൻ തന്നെയാണ്!
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നബിയെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് "ജീവിതത്തിന്റെ സരണിയിൽ ഇസ്ലാമിന് ഒരു സ്ഥാനം നേടിക്കൊടുത്തത് ഖഡ്ഗമായിരുന്നില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
പ്രവാചകന്റെ അചഞ്ചലമായ ലാളിത്യവും, ഉദാത്തമായ ആത്മലയവും, പ്രതിജ്ഞകളോടുള്ള സുദൃഡമായ പ്രതിബദ്ധതയും, കൂട്ടുകാരോടും അനുയായികളോടുമുള്ള മഹത്തായ അർപ്പണവും, നിർഭയത്വവും, ദൈവത്തിലും സ്വന്തം ദൗത്യത്തിലുമുള്ള പരമമായ വിശ്വാസവുമായിരുന്നു എല്ലാ തടസങ്ങളേയും അതിജീവിക്കാൻ അവരെ സഹായിച്ചത്"
മുഹമ്മദ് നബി(സ) ഒരു ചരിത്രപുരുഷനാണ് നബി തിരുമേനിയുടെ ജീവിതം പോലെ അത്രയേറെ സൂക്ഷ്മ പഠനത്തിന് സൗകര്യം നൽകുന്ന ഒരു ചരിത്രനായകന്റെ ജീവിത കഥ വേറെയില്ല. ഒരു തുറന്ന പുസ്തകം പോലെയാണ് അദ്ദേഹം ജീവിച്ചത്.
ആരെയും ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് സൗമ്യവും സരളവുമായിരുന്നു സംസാരം. ഒരാളുമായും പിണങ്ങുകയോ വഴക്കുണ്ടാക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിരുന്നില്ല. അദ്ദേഹത്തിന്റെ സ്വഭാവശുദ്ധിയും സത്യസന്ധതയും ആത്മാർത്ഥയും വിശ്വസ്തതയും നബി തിരുമേനിയെ നാട്ടുകാരുടെ പ്രിയപ്പെട്ടവനാക്കി.
അതിനാൽത്തന്നെ വിശ്വസ്തൻ എന്നർത്ഥം വരുന്ന അൽ അമീൻ എന്നാണ് ചെറുപ്പകാലം മുതലേ അദ്ദേഹത്തെ ആളുകൾ വിളിച്ചി രുന്നത്. നബിതിരുമേനിയെ ആ പുണ്യാത്മാവിന്റെ ശിഷ്യഗണം സ്നേഹിക്കുകയും വാഴ്ത്തുകയും അനുസരിക്കുകയും ചെയ്തതുപോലെ ഭൂലോക ചരിത്രത്തിൽ മറ്റൊരു ആത്മീയ ഗുരുവിനും ഇത്തരം ആദരവുകൾ ലഭിച്ചിട്ടില്ല എന്നുള്ളത് ചരിത്രം വായിക്കുന്നവർക്ക് മനസിലാകും.
ശ്രീ നാരായണ ഗുരു ഒരു സാമൂഹിക പരിഷ്കർത്താവ് മാത്രമല്ല നല്ലൊരു കവി കൂടിയായിരുന്നു. അദ്ദേഹം രചിച്ച 'അനുകമ്പാദശക'ത്തിൽ പ്രാധാന്യമേറിയ കാര്യങ്ങൾ സൂചിപ്പിക്കുന്ന പത്ത് ശ്ലോകങ്ങളാണുള്ളത്. അതിൽ ഏഴാമത്തെ ശ്ലോകത്തിൽ നബിയെക്കുറിച്ച് പരാമർശിക്കുന്നത് ഇപ്രകാരമാണ്
" പുരുഷാകൃതി പൂണ്ട ദൈവമോ
നര ദിവ്യാകൃതി പൂണ്ട ധർമ്മമോ
പരമേശ പവിത്ര പുത്രനോ
കരുണാവാൻ നബിമുത്തു രത്നമോ"
(നരാകൃതി പൂണ്ട ദൈവമോ, പരമേശപവിത്ര പുത്രനോ എന്നീ വരികളിലൂടെ ഹൈന്ദവ വീക്ഷണത്തിൽ നബിയെ ഗുരു വീക്ഷിച്ചതു കൊണ്ടാവാം, ഈ വിശേഷണങ്ങൾ ശ്രദ്ധേയം തന്നെയാണ്). ലോകമത നേതാക്കളിൽ ശ്രീനാരായണഗുരുവിനെ സ്വാധീനിച്ചിട്ടുള്ളത് മുഹമ്മദ് നബിയാണെന്നും അനുകമ്പാദശകത്തിലെ ചില വരികൾ സൂചിപ്പിക്കുന്നുണ്ട്.
പ്രക്ഷുബ്ധതകളുടെ നടുവിൽ നിലനിൽപ്പിന് കേഴുമ്പോൾ ഹൃദയത്തിൽ പതിക്കുന്ന ആശ്വാസത്തിന്റെ കുളിർ പോലെ ചരിത്രങ്ങൾ പകരുന്ന നബി തിരുമേനിയുടെ പാഠങ്ങളും നിർദ്ദേശങ്ങളും നേർ വഴിത്താരയും പിൻ തുടരുന്നതാണ് നമ്മെ ചിന്തിപ്പിക്കുകയും ചലിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നത്.
ആത്മാവിന്റെ വിശുദ്ധികൊണ്ടല്ലാതെ ഒരാൾക്കും മറ്റൊരാളേക്കാൾ മേൻമയില്ലെന്നും ,നിറം കൊണ്ടും ദേശം കൊണ്ടും സമ്പത്ത് കൊണ്ടും ആരും വിശേഷപ്പെട്ടവർ ആകുന്നില്ലെന്നും പഠിപ്പിച്ച ,ഏതു പരിതസ്ഥിതിയിലും കളവു പറയരുതെന്നു പഠിപ്പിച്ച , ജീവജാലങ്ങൾക്കും പ്രകൃതിക്കും ദോഷം വരുത്തരുതെന്നു പഠിപ്പിച്ച മഹാ പ്രവാചകനെക്കുറിച്ച് എള്ളോളമെങ്കിലും വായിക്കാനും അറിയാനും സാധിച്ച ഞാൻ കൃതാർത്ഥയാണ്.
ചെവികളും നാവുകളും ആ ഉത്തമ സൃഷ്ടിയുടെ മേന്മ പറയുകയും കേൾക്കുകയും ചെയ്യുമ്പോൾ എത്ര ആനന്ദകരമായിത്തീരുന്നുവോ അതിനേക്കാൾ എത്രയോ മടങ്ങ് സംതൃപതിയാണ് , ആനന്ദമാണ് അനന്ത വിഹായസ്സു പോലെ പരന്നുകിടക്കുന്ന പ്രവാചക ചരിത്രത്തെക്കുറിച്ച് എള്ളോളമെങ്കിലും എഴുതാൻ ഭാഗ്യം ലഭിച്ച ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.