/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
അരങ്ങിലെ സ്ത്രീ എന്നാൽ ചിറകുകളിൽ തന്നെയാണ്. വള്ളികൾ വകഞ്ഞുമാറ്റി ഏറെ ആയാസപ്പെട്ട് മുന്നോട്ടുള്ള പ്രയാണത്തിലാണവൾ. ചിറകുകൾ വീശി ദേശങ്ങളിൽനിന്ന് ദേശങ്ങളിലേക്ക്. ഡോക്ടർ നിഖില ചന്ദ്രന്റെ ചിറകുകളിൽ കണ്ണുകളുള്ള പൂമ്പാറ്റകൾ നാടക സമാഹാരം മലയാള നാടക രചനാ രംഗത്ത് ഏറെ പ്രതീക്ഷ പകരുന്ന സാഹിത്യകൃതിയായി മുന്നോട്ട് വെക്കാം.
സമകാലിക പ്രാധാന്യമുള്ളവയാണ് ഓരോ നാടകങ്ങളും.കൃത്യമായ സാമൂഹ്യ-രാഷ്ട്രീയ ബോധത്തോടെയാണ് ഓരോ വാക്കും വരിയും ഓരോ ചുവടും മുന്നോട്ടുവെക്കുന്നത്. ആത്മവിക്ഷോഭം കുറിച്ചിടലല്ല, അതിനപ്പുറമുള്ള സഞ്ചാരം.
ആസ്വാദകനെ പൂർണമായും മറ്റൊരു ലോകത്തിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകാൻ എഴുത്തുകാരിക്ക് ആകുന്നുവെങ്കിൽ ആ കൃതിയുടെ വിജയമാണ്. അതു കഥയോ കവിതയോ നാടകമോ ആവട്ടെ. പലപ്പോഴും ആൺ രചനകളിലൂടെ സംസാരിക്കുന്ന പെൺ ബോധമാണ് പുരുഷ രചനകളുടെ അടിസ്ഥാനം.
അതിന്റെ പരിമിതികൾ പല നാടകങ്ങളിലും കാണാം. പെണ്ണായിരിക്കേ മാത്രമേ പെണ്ണത്തം ചർച്ച ചെയ്യാനാവൂ എന്നല്ല, പൂർണ്ണമായ അർത്ഥത്തിൽ അതിനെ തള്ളികളയുന്നുമില്ല. പെണ്ണിനെ അറിയുന്നവന് പെൺ കാഴ്ചകളെയും പെൺ ലോകങ്ങളെയും വരച്ചു കൂട്ടാനുമാവും. എന്നാൽ ഇവിടെ എവിടെയോ നഷ്ടമാകുന്ന ഒരുവളുണ്ട്, അവിടെയാണ് അരങ്ങിൽ ഇന്നും 'അവൾ'.
ഒരുകൂട്ടം പേർ അരങ്ങിലെത്തി ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇവിടെ.
ഓരോ നാടകങ്ങളും അത്തരം വിഷയം ചർച്ച ചെയ്യുന്നു. വർത്തമാന സാമൂഹ്യ വ്യവസ്ഥ കൃത്യമായി കുറിച്ച് ഇടുകയാണ് ബസന്തി എന്ന നാടകം. 'കൊല്ലപ്പെടുന്ന അവർക്കറിയില്ലായിരുന്നു തങ്ങളെന്തിനാണ് കൊല്ലപ്പെടുന്നത്. 'കാലം ആവർത്തിച്ചു ചോദിക്കുന്നു. ബസന്തി ഒരു പേരു മാത്രമല്ല അവളുടെ നിലവിളി അവളുടേത് മാത്രവുമല്ല.
ആരാണ് ഇവിടെ കുറ്റക്കാർ..? ആരാണ് ഉത്തരം പറയേണ്ടവർ..?ആ ചോദ്യങ്ങളെ ന്യായീകരിക്കാനും ഉത്തരങ്ങളിൽ സമവാക്യം കണ്ടെത്താനും ശ്രമിക്കുകയാണ് വർത്തമാന ലോകം. അതെ നാലായിരം രൂപയിലധികം സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് പറയുന്ന രാംലാൽ തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ പ്രതിനിധി. നാലായിരം കോടിയുടെ കോർപറേറ്റ് ചിന്തകളിൽ കെട്ടുപിണയുന്നത് കാൽചുവട്ടിലെ സ്വന്തം ബ്രൂണോകൾ.
അപ്പോഴും ബാക്കിയാവുന്നത് സ്വപ്‌നങ്ങൾ നഷ്ടപ്പെട്ട ബസന്തിയുടെ വയറ്റിലെ നക്ഷത്രകുഞ്ഞുങ്ങൾ മാത്രം. കോടികളുടെ കണക്കുകൾക്കിടയിൽ തങ്ങളുടെ യാതനകളുടെ അപമാനങ്ങളുടെ ഇരുളടഞ്ഞ വഴികളിൽ വെളിച്ചതുരുത്തുകൾ സൃഷ്ടിക്കാൻ നിങ്ങൾക്കെങ്കിലും കഴിയുമോ?
ഞങ്ങളുടെ നക്ഷത്രകുഞ്ഞുങ്ങളേ. ഇവിടെ നവോത്ഥാനം എന്ത് കുന്ത്രാണ്ടമാ'അത് എന്ന രസികൻ ചോദ്യവുമായാണ് 'ദേ ഇങ്ങട് നോക്യേ' നാടകം എത്തുന്നത്. തീണ്ടാപ്പാടകലങ്ങളിൽനിന്ന് നാം നടന്ന ദൂരത്തിലേക്കാണ് നാടകം വിരൽചൂണ്ടുന്നത്.
ഏതു അടിച്ചമർത്തലുകൾക്ക് മീതെയും പ്രശ്നങ്ങൾക്ക് നേരെ വിരൽചൂണ്ടാനും നിവർന്നു നിൽക്കാനും പ്രാപ്തരാക്കിയ ആത്മബോധം,അതാണ് അവർ പറഞ്ഞതും.'പോമ്പ്രാ.. പോയ് പണി നോക്ക്..'ആദ്യ വായനയിൽ തന്നെ ഓരോ രംഗവും ആസ്വാദകന്റെ മനസ്സിലൂടെ കടന്നുപോകും വിധമാണ് നാടക രചനാശൈലി.സമാഹാരത്തിലെ മറ്റൊരു മികച്ച നാടകമായ് ഞാൻ കാണുന്നത് ഈ നാടകമാണ്.
രസകരമായ പ്രതീകങ്ങളും ചിത്രീകരണങ്ങളും വായനയിലെ നാടക കാഴ്ചയെ ആസ്വാദ്യകരമാക്കുന്നു. ചിറകുകളിൽ കണ്ണുകളുള്ള പൂമ്പാറ്റകൾ എന്ന നാടകത്തിലെ പൂച്ച മയക്കി ചെടി, 'സ്വർഗ്ഗത്തിനും നരകത്തിനുമിടയിലെ ചിലരിലെ,' കറുപ്പ് പൂക്കൾ..ചുവന്ന നദികൾ.. എന്നിങ്ങനെ നീളുന്നു കാഴ്ചകൾ.
നീല തിമിംഗലത്തെ കുഞ്ഞമ്മിണി,ചിറകുകളിൽ കണ്ണുകളുള്ള പൂമ്പാറ്റകൾ എന്നീ നാടകങ്ങളിൽ എല്ലാം കടന്നുവരുന്ന തുമ്പിയും പൂമ്പാറ്റയും എഴുത്തുകാരി ക്കുള്ളിലെ സ്വാതന്ത്ര്യ ബോധത്തെ യാണ് തുറന്നുകാട്ടുന്നത് .
അറിഞ്ഞോ അറിയാതെയോ ഈ നാടകങ്ങളിൽ എല്ലാം തുമ്പികൾ പാറി എത്തുന്നു.മനുഷ്യ ജീവിതത്തിന്റെ വ്യർത്ഥത യുടെയും ഒടുവിലത്തെ പ്രതീക്ഷയുടെയും സങ്കലനമാണ് ഓരോ നാടകങ്ങളും.ഭാവ സൗന്ദര്യമായ ഭാഷാശൈലിയും പ്രതീകങ്ങളും നാടകങ്ങൾക്ക് നവമാനം പകർന്നു നൽകുന്നു.
രംഗ സജ്ജീകരണത്തിലും പാത്രസൃഷ്ടിയിലും ഉള്ള അസാമാന്യ കൈയടക്കം എഴുതി തെളിഞ്ഞ നാടക രചയിതാവിനെ സാധ്യമാവു.ചില നാടക ഗാനങ്ങൾ ആഹ്വാനങ്ങൾ ആയി മാറുന്നുവെന്ന വിയോജിപ്പൊഴികെ ബാക്കിയെല്ലാം മനോഹരം..അതിമനോഹരം.
പ്രിയ സുഹൃത്ത് പ്രിയപ്പെട്ട നാടകക്കാരി, (അങ്ങനെ വിളിക്കാനാണ് ഇഷ്ടം) ഞങ്ങൾക്കായി ഒരുപിടി നല്ല നാടകങ്ങൾ സമ്മാനിച്ചതിന് ഒരുപാട് ഇഷ്ടം.. ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ.
(അരങ്ങ് മുമ്പിൽ കണ്ടു കൊണ്ടുള്ള എഴുത്താണ് നിഖിലയുടെ എഴുത്തിന്റെ സവിശേഷത എന്ന് അവതാരിക എഴുതിയ സതീഷ് കെ. സതീഷ് സാക്ഷ്യപ്പെടുത്തുന്നു. ചിത്രരശ്മി ബുക്സ് ആണ് പ്രസാധകർ. കവർ ചിത്രം: ഉണ്ണി ഉഗ്രപുരം. വില:150)